Connect with us

Kasargod

കുഡ്‌ലു ബേങ്ക് കവര്‍ച്ചാക്കേസ്: അഡ്വ ആളൂര്‍ ഹാജരാകണമെന്ന് വാശിപിടിച്ച് ആറാം പ്രതി

Published

|

Last Updated

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബേങ്കില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിന്റെ വിചാരണ ജില്ലാ അഡീഷനല്‍ (ഒന്ന്) കോടതിയില്‍ ആരംഭിച്ചു. വിചാരണ വേളയില്‍ തനിക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ ആളൂര്‍ ഹാജരാകണമെന്ന് കുഡ്‌ലു സര്‍വീസ് സഹകരണബേങ്ക് കവര്‍ച്ചാക്കേസിലെ പ്രതി വാശിപിടിച്ചത് കോടതിയില്‍ നാടകീയരംഗങ്ങള്‍ക്കിടയാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് ആറാം പ്രതി എറണാകുളം പള്ളുരുത്തിയിലെ ഫെലിക്സ് നെറ്റോ എന്ന ജോമോന്‍ (30) അഡ്വ. ആളൂര്‍ ഹാജരാകണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചത്. തുറന്ന കോടതിയില്‍ നാടകീയ രംഗങ്ങളാണ് കേസ് പരിഗണിച്ചപ്പോള്‍ ഉണ്ടായത്. പ്രതിക്കു വേണ്ടി അഭിഭാഷകരൊന്നും ഹാജരായിരുന്നില്ല. കോടതി അഭിഭാഷകനെ ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ആളൂര്‍ തന്നെ വേണമെന്ന് പ്രതി വാശിപിടിച്ചത്. മുംബൈയിലുള്ള അഭിഭാഷകനെ കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ മറ്റൊരാളുടെ ഫോണില്‍ അഭിഭാഷകനോട് സംസാരിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ അഡ്വ. ആളൂരിന്റെ ജൂനിയറായ സിജാസ് കോടതിയില്‍ ഹാജരായി വക്കാലത്ത് നല്‍കി.

2015 സെപ്തംബര്‍ ഏഴിന് പട്ടാപ്പകലാണ് കേരളത്തെ തന്നെ നടുക്കിയ കുഡ്‌ലു ബേങ്ക് കൊള്ള നടന്നത്. 17 കിലോ 680 ഗ്രാം സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം 2000 പേജുകളുള്ള കുറ്റപത്രം 2016 ജൂണ്‍ 26ന് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട്ട് താമസക്കാരനുമായ ദുല്‍ദുല്‍ ശെരീഫ് എന്ന മുഹമ്മദ് ശെരീഫ് ആണ് കേസിലെ ഒന്നാം പ്രതി. ചൗക്കി അജോല്‍ റോഡിലെ അബ്ദുല്‍ കരീം, മുജീബ്, ചൗക്കി കുന്നിലെ മഹ്ഷൂഖ്, ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് സാബിര്‍, ഷാനവാസ്, അര്‍ഷാദ്, ഫിലിപ്പോസ്, കവര്‍ച്ചാസ്വര്‍ണം വില്‍ക്കുന്നതിന് സഹായികളായി പ്രവര്‍ത്തിച്ച ദില്‍സത്ത്, സുമം എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.രണ്ടാം പ്രതി അബ്ദുല്‍ കരീമും അഡ്വ. ആളൂരിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.