Connect with us

Alappuzha

ചികിത്സാ പിഴവ് മൂലം മരണം; മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Published

|

Last Updated

കായംകുളം: ചികില്‍സാ പിഴവുകള്‍ സംബന്ധിച്ച കേസുകളില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മോഹനന്‍ വൈദ്യര്‍ കായംകുളം പൊലീസില്‍ കീഴടങ്ങി. തെളിവെടുപ്പിന് ശേഷം കായംകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.

ചികില്‍സാപ്പിഴവില്‍ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയിലും സോറിയാസ് ചികില്‍സാപ്പിഴവില്‍ കായംകുളം പൊലീസ് നേരിട്ട് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് മുന്‍കൂര്‍ ജാമ്യംതേടി മോഹനന്‍ വൈദ്യര്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ശനിയാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ ഞക്കനാലിലെ ചികില്‍സാലയത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

തുടര്‍ന്ന് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മോഹനന്‍ വൈദ്യര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുക, അന്വേഷണത്തില്‍ സഹകരിക്കുക എന്നിവയാണ് ഉപാധികള്‍. അനധികൃത ചികില്‍സ നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പും ജില്ലാ മെഡിക്കല്‍ ഓഫീസറും ഉറപ്പുവരുത്തണമെന്ന നിബന്ധനകളുമുണ്ട്.