Connect with us

National

മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് ശിവസേന; മഹാരാഷ്ട്രയില്‍ പ്രതിസന്ധി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ബിജെപി – ശിവസേന തര്‍ക്കം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പദം 50:50 ഫോര്‍മുലയില്‍ പങ്കുവെക്കണമെന്നും ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം രേഖാമൂലം ഉറപ്പ് നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറേയുടെ വസതിയില്‍ ചേര്‍ന്ന 56 ശിവസേന എംഎല്‍എമാരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അധ്യക്ഷന്‍ അമിത്ഷായും ശിവസേന നേതാവ് ഉദ്ദവ് താക്കറേയും തമ്മില്‍ 50:50 ഫോര്‍മുല രൂപവത്കരിച്ചിരുന്നു. ഇതനുസരിച്ച് രണ്ടര വര്‍ഷം ബിജെപിയും രണ്ടര വര്‍ഷം ശിവസേനയും അധികാരം പങ്കിടാനായിരുന്നു ധാരണ. ഈ ധാരണ അംഗീകരിച്ച് ബിജെപി ദേശീയ നേതൃത്വം പാര്‍ട്ടി ലറ്റര്‍ ഹെഡില്‍ കത്ത് നല്‍കണമെന്നാണ് ശിവസേന ഇപ്പോള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ ശിവസേന മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ ഭാവി മുഖ്യമന്ത്രിയായി വാഴ്ത്തുന്ന പോസ്റ്ററുകള്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. 29കാരനായ ആദിത്യ താക്കറെ ഇതാദ്യമായാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. തെക്കന്‍ മുംബൈയിലെ വൊറോളി സീറ്റില്‍ നിന്ന് 66000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആദിത്യ തിരഞ്ഞെടുക്കപ്പെട്ടത്.

നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആദ്യ ടേമില്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്ന നിലപാട് ശിവസേന കടുപ്പിച്ചതോടെ ബിജെപി നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.

288 അംഗ നിയമസഭയില്‍ ബിജെപി 105 സീറ്റുകളിലും ശിവസേന 56 സീറ്റുകളിലുമാണ് വിജയിച്ചത്. കേവല ഭൂരിപക്ഷമായ 146 സീറ്റുകള്‍ ഒറ്റക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ശിവസേനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയെന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ബന്ധമാകും. ശിവസേനക്ക് മുഖ്യമന്ത്രി പദത്തിന് അര്‍ഹതയുണ്ടെന്നും അവരുടെ ആവശ്യം ന്യായമാണെന്നും വ്യക്തമാക്കി എന്‍സിപി രംഗത്ത് വന്നതും ബിജെപിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. 85 സീറ്റുകളുള്ള കോണ്‍ഗ്രസ് – എന്‍സിപി സഖ്യവും ശിവസേനയും ഒന്നിക്കുന്ന സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകുമെന്നതും ശിവസേനയുടെ ആവശ്യത്തിന് വഴങ്ങാന്‍ ബിജെപിയെ പ്രേരിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Latest