Connect with us

Kerala

ആസിഡ് ആക്രമണം: കേരളം നാലാം സ്ഥാനത്ത്

Published

|

Last Updated

കണ്ണൂർ: നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതുതായി വന്ന റിപ്പോർട്ടിൽ രാജ്യത്ത് ആസിഡ് ആക്രമണങ്ങൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം നാലാം സ്ഥാനത്ത്. മധ്യപ്രദേശിനെയും മഹാരാഷ്ട്രയെയും പിന്തള്ളിയാണ് കേരളം മുന്പിലെത്തിയത്.
2017ൽ രാജ്യത്ത് 252 ആസിഡ് ആക്രമണ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 13 എണ്ണം കേരളത്തിലാണ്. 60 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഉത്തർപ്രദേശാണ് ഇക്കാര്യത്തിൽ മുന്പിൽ. പശ്ചിമബംഗാളാണ് തൊട്ടുപിന്നിൽ(54 കേസുകൾ).

മൂന്നാം സ്ഥാനത്തുള്ള രാജ്യതലസ്ഥാനമായ ഡൽഹിയിൽ 17 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 13 കേസുകളുമായി ഒഡീഷയും കേരളത്തിനൊപ്പമുണ്ട്. 2016ലും കേരളത്തിൽ 13 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ അപേക്ഷിച്ച് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒന്പത് കേസുമായി ആന്ധ്രപ്രദേശാണ് കേരളത്തിന് തൊട്ടുപിന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം.
തമിഴ്‌നാട്ടിൽ അഞ്ചും കർണാടകയിൽ നാലും തെലുങ്കാനയിൽ മൂന്നും കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ലക്ഷദ്വീപിലും പോണ്ടിച്ചേരിയിലും ആസിഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡൽഹിയിലേതിനു വ്യത്യസ്തമായി കേരളത്തിൽ ചെറിയ നഗരങ്ങളിലാണ് ആസിഡ് ആക്രമണങ്ങൾ നടന്നിട്ടുള്ളതെന്നാണ് പ്രത്യേകത. മെട്രോ നഗരമായ കൊച്ചിയിലും കോഴിക്കോട്ടും ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 252 കേസുകളിൽ 34 എണ്ണം മാത്രമാണ് മെട്രോ നഗരങ്ങളിൽ നിന്നുള്ളത്. ശേഷിക്കുന്നവ ചെറു നഗരങ്ങളിൽ നിന്നോ ഗ്രാമങ്ങളിൽ നിന്നോ ആണ്.
ഏറിയ ആക്രമണങ്ങളും 14നും 35നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് നേരെയാണെന്നതാണ് മറ്റൊരു പ്രത്യേകത.
വിവാഹഭ്യർഥന നിരസിക്കൽ, ലൈംഗികാതിക്രമത്തിനെതിരായ ചെറുത്തുനിൽപ്പ് തുടങ്ങിയവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2013ൽ നിയമം ഭേദഗതി ചെയ്ത് 326 എ, 326 ബി സെക്‌ഷനുകൾ കൂട്ടിച്ചേർത്ത് ആസിഡ് ആക്രമണത്തിന് എതിരായ നടപടി ശക്തമാക്കിയെങ്കിലും കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ അധികൃതർക്ക് ആശങ്കയുണ്ട്.