Connect with us

Articles

ആഘോഷിക്കാന്‍ ബി ജെ പിക്കൊന്നുമില്ല

Published

|

Last Updated

ബി ജെ പിയുടെ അപ്രമാദിത്വം തുടരുമെന്നായിരുന്നു മഹാരാഷ്ട്ര- ഹരിയാന തിരഞ്ഞെടുപ്പ് കാലത്ത് മുഴുവന്‍ മാധ്യമങ്ങളും പാടിനടന്നത്. ബി ജെ പിയുടെ ജനപ്രീതി വര്‍ധിക്കുകയാണെന്നും പ്രതിപക്ഷം നാമാവശേഷമാകാന്‍ പോകുന്നുവെന്ന് വരെ ഈ പറയുന്നതിന്റെയെല്ലാം ജനാധിപത്യപരമായ ഭവിഷ്യത്തുകളെ കുറിച്ച് തെല്ലുമാലോചിക്കാതെ അവര്‍ പ്രൈം ടൈമുകള്‍ നടത്തിപ്പോന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷം നേടുമെന്ന ബി ജെ പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പ്രസ്താവനക്കപ്പുറം മറ്റൊരു ഘടകങ്ങളും മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവലോകനത്തെ സ്വാധീനിച്ചിട്ടുണ്ടാകില്ല.

ബി ജെ പി തയ്യാറാക്കിയ അജന്‍ഡകള്‍ക്കൊപ്പിച്ച് മാധ്യമങ്ങള്‍ താളം തുള്ളി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ കിടപ്പ് അങ്ങനെയായിരുന്നു. ഹരിയാനയില്‍ തൂക്കു മന്ത്രിസഭയുണ്ടാകും എന്ന് പറഞ്ഞ ഒരു സര്‍വേ അടിത്തട്ടിലെ മോദിപ്രഭാവം അറിയാത്തതും അവഗണിക്കപ്പെടേണ്ടതാണെന്നും അവതാരകര്‍ പുച്ഛിച്ചു തള്ളി. പക്ഷേ, വിധി അപ്രതീക്ഷിതമായി. മഹാരാഷ്ട്രയില്‍ ഭരണത്തുടര്‍ച്ചയുണ്ടായെന്ന് പറയുമ്പോഴും ബി ജെ പിക്ക് മനസ്സ് നിറഞ്ഞാഘോഷിക്കാന്‍ വകയില്ലാതായി. ഇത് ഫഡ്‌നാവിസിന്റെയും ശിവസേനയുടെയും മാത്രം വിജയമായും വിലയിരുത്തപ്പെടുന്നു. അതായത് മോദിയും അമിത് ഷായും ഒഴുക്കിക്കൊണ്ടുവന്ന അപ്രമാദിത്വം തട്ടിത്തടഞ്ഞു തീരുന്നതു പോലെ അവര്‍ക്ക് തന്നെ അനുഭവപ്പെടുന്ന ഫലമാണിത്. ഒരുവേള ബി ജെ പിയുടെ സീറ്റുകള്‍ മൂന്നക്കം കടക്കില്ലെന്നു വരെ തോന്നിച്ചു. ഒടുവില്‍ കിതച്ചും ഇഴഞ്ഞും നൂറ്റിയഞ്ചില്‍ വന്നു നില്‍ക്കുന്നു. ബി ജെ പി- ശിവസേന സഖ്യം 185ല്‍ നിന്നും 161ലേക്ക് താഴ്ന്നത് ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ പുനരാലോചനക്ക് വിധേയമാക്കും.

ഹരിയാനയിലാണ് എല്ലാം കൈവിട്ടുപോയത്. ആകെയുള്ള 90 സീറ്റില്‍ എണ്‍പത്തിമൂന്നെണ്ണം വരെ ബി ജെ പി നേടുമെന്ന് മോദിയോടും അമിത്തിനോടുമുള്ള ഭക്തി മൂത്ത് എ ബി പി ന്യൂസ് പറയുന്നുണ്ടായിരുന്നു. മിഷന്‍ 75 എന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായിരുന്നു. പക്ഷേ, കേവല ഭൂരിപക്ഷം പോലും തികക്കാനാകാതെ 40 സീറ്റില്‍ മോദിയും അമിത് ഷായും ഖട്ടറും വീണു. മറാത്താ പ്രക്ഷോഭത്തെ കൈകാര്യം ചെയ്യുന്നതില്‍ ഫഡ്നാവിസ് വിജയിച്ചതു പോലെ ജാഠ് പ്രക്ഷോഭത്തെ അഭിമുഖീകരിക്കാന്‍ ഖട്ടറിനോ ബി ജെ പിയുടെ ചാണക്യാവതാരമായ അമിത് ഷാക്കോ കഴിഞ്ഞില്ല. ജാഠ് സ്വാധീന മേഖലയില്‍ മോദി കൈ മെയ് മറന്ന് പ്രചാരണത്തിനിറങ്ങിയിട്ടും ബി ജെ പിക്ക് ഗുണം പിടിച്ചില്ല.

ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി ജെ പിയുടെ പൂര്‍ണ തകര്‍ച്ചയോ കനത്ത പരാജയമോ ഒന്നുമല്ലാതിരുന്നിട്ടു പോലും ബി ജെ പിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും ഏറെ സുപ്രധാനമായ ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് മാറിനിന്നുകൊണ്ട് ഒരു രാഷ്ട്രീയ വ്യവഹാരം ഏറെ കാലത്തേക്ക് കൊണ്ടുനടക്കാന്‍ ആര്‍ക്കുമാകില്ല എന്നതാണ്. ഈ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ബി ജെ പി മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്ന വിധമാണ് പലപ്പോഴും പ്രവര്‍ത്തിച്ചത്. അതായത് സംസ്ഥാനങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചതേയില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും സംസാരം മുഴുവന്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അസാമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതും ഇനി പൗരത്വ അവകാശ ബില്‍ കൊണ്ടുവരാന്‍ പോകുന്നതുമൊക്കെയായിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക പ്രതിസന്ധിയും തുടര്‍ന്നുള്ള കര്‍ഷക ആത്മഹത്യകളും പ്രതിപക്ഷം വിഷയമാക്കിയപ്പോള്‍ ബി ജെ പി അത് പരിഗണിച്ചതേയില്ല. മാധ്യമങ്ങള്‍ ബി ജെ പി പറയുന്നത് പിന്തുടരുന്നല്ലോ എന്നതു മാത്രമായിരുന്നു അവിടെ ബി ജെ പിയുടെ നോട്ടം. പക്ഷേ, രൂക്ഷമായ കര്‍ഷക പ്രതിസന്ധിയുള്ള വിദര്‍ഭ മേഖലയില്‍ ബി ജെ പിയുടെ അവഗണനക്ക് ജനങ്ങള്‍ കനത്ത പ്രഹരമേല്‍പ്പിച്ചു. 2014ല്‍ ഈ മേഖലയില്‍ പത്ത് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റും ഒരു സീറ്റുണ്ടായിരുന്ന എന്‍ സി പിക്ക് ആറ് സീറ്റുമായി.

ഹരിയാനയിലും യഥാര്‍ഥ പ്രശ്‌നങ്ങളെ അവഗണിച്ചതാണ് ബി ജെ പിയെ തോല്‍പ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന സംസ്ഥാനത്ത് “നിങ്ങള്‍ക്കിനി കശ്മീരിലെ സുന്ദരികളെ കൊണ്ടുവന്ന് കല്യാണം കഴിക്കാം” എന്ന് പറയുകയാണ് പരിഹാരമെന്ന് ബി ജെ പിയുടെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തെറ്റിദ്ധരിച്ചു. ബേട്ടി പഠാവോ ബേട്ടി ബചാവോ മുദ്രാവാക്യം കൊണ്ടൊന്നും സ്ത്രീകളുടെ വോട്ട് കൈക്കലാക്കാന്‍ കഴിയില്ലെന്ന് ബി ജെ പി ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല എന്നതു കൊണ്ടാണ് ബലാത്സംഗം, കൊലപാതക കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട ഗോപാല്‍ കണ്ടയുടെ പിന്തുണ ഉറപ്പിക്കാന്‍ ബി ജെ പി ഇപ്പോഴും ശ്രമിക്കുന്നത്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും സാമ്പത്തിക മാന്ദ്യം വ്യാപിക്കുമ്പോഴും പാക്കിസ്ഥാനും യുദ്ധവും പറഞ്ഞ് അധികാരം നേടാമെന്ന, ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പയറ്റിത്തെളിഞ്ഞ അടവ് തന്നെ തുടര്‍ന്നെങ്കിലും പ്രതിപക്ഷം യഥാര്‍ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതാണ് ശ്രദ്ധേയം. പക്വമായ രാഷ്ട്രീയ വ്യവഹാരങ്ങളിലൂന്നിയും വിജയം സാധ്യമാകുമെന്ന് തെളിയിക്കുന്ന ഈ ഫലം പ്രതിപക്ഷ ശക്തികള്‍ക്ക് തുടര്‍ന്നും ഊര്‍ജമാകണം. കഴിഞ്ഞ കുറച്ചു നാളുകളായി ബി ജെ പി തീരുമാനിക്കും പ്രകാരം രാജ്യ സുരക്ഷ, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷത്തെ കുരുക്കി പാക്കിസ്ഥാനിലേക്കും തുടര്‍ന്ന് വലിയ ആശയ കുഴപ്പങ്ങളിലേക്കും എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ്സും എന്‍ സി പിയും കൃത്യമായി പ്രാദേശിക വിഷയങ്ങളില്‍ നിലയുറപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക രംഗവും രാഷ്ട്രീയവും തമ്മില്‍ വിച്ഛേദിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നു ബി ജെ പിക്ക്. പക്ഷേ, രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും അടക്കമുള്ള നേതാക്കള്‍ സാമ്പത്തിക പ്രതിസന്ധിയെ കൃത്യമായി ഉയര്‍ത്തിക്കാട്ടി. ശരദ് പവാര്‍ മഹാരാഷ്ട്രയില്‍ ഓരോ പ്രദേശത്തെയും വിഷയങ്ങള്‍ എടുത്തുകാട്ടി. പവാര്‍ നടത്തിയ 60 റാലികള്‍ സംസ്ഥാനത്തുടനീളം വലിയ തിരയിളക്കമുണ്ടാക്കി. ഹരിയാനയില്‍ ഹൂഡയും കുമാരി ഷെല്‍ജയും സുര്‍ജേവാലയും തന്‍വരും ഹരിയാനയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു. തീവ്ര ദേശീയതയുടെയും പണക്കൊഴുപ്പിന്റെയും ബി ജെ പി തന്ത്രങ്ങളെ ഇത്രയുമെങ്കിലും മറികടക്കാനായതാണ് പ്രതിപക്ഷത്തിന് വലിയ ആശ്വാസം.

പാക്കിസ്ഥാന്‍, കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയം, പ്രതിപക്ഷ നേതാക്കളുടെ അഴിമതി തുടങ്ങിയ വിഷയങ്ങള്‍ എന്നിങ്ങനെ 2014 മുതല്‍ ബി ജെ പി ഉയര്‍ത്തുന്ന വിഷയങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നതും ബി ജെ പിയുടെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ക്കൊക്കെ വേണ്ടി ഞങ്ങള്‍ മോദിജിക്ക് വോട്ട് ചെയ്തതാണല്ലോ. ഇനി ഞങ്ങളുടെ പ്രശ്‌നങ്ങള്‍ നോക്കാന്‍ ആര് വരും എന്ന് കാര്യമായും ജനങ്ങള്‍ ചോദിച്ചു തുടങ്ങുന്നുണ്ട്. പൊതു ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ പ്രധാന വിഷയമായതിനാലാണ് ഹൗഡി മോദിയും, വോട്ടിംഗിന്റെ അന്ന് തന്നെ നടത്തിയെന്ന് പറയപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കുമെല്ലാം ബി ജെ പിക്ക് അനുകൂലമാകാതിരുന്നത്. പോരാത്തതിന് കോണ്‍ഗ്രസിനും എന്‍ സി പിക്കും മഹാരാഷ്ട്രയിലും ഹരിയാനയിലും ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന മിടുക്കരായ നേതാക്കന്മാരുണ്ടായപ്പോള്‍ ബി ജെ പി കരുതിയത് മോദിയുടെയും അമിത് ഷായുടെയും പ്രഭാവം മതിയാകുമെന്നാണ്. പക്ഷേ, ഇത്തവണ അത് [പോരാതെ വന്നു. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയുടെ കൂടാരം കയറിയ അല്‍പേഷ് ഠാക്കൂറിനെ പരാജയപ്പെടുത്തിയ ജനങ്ങള്‍ നിലപാടുകളുടെ വിജയമാണ് കൈവരിച്ചിരിക്കുന്നത്.
ഉത്തര്‍ പ്രദേശ് ഒഴികെ ബി ജെ പിക്ക് ആഘോഷിക്കാന്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. ഇനിയൊരു തിരിച്ചുവരവില്ലെന്ന് മാധ്യമങ്ങളും ഭരണപക്ഷവും എഴുതിത്തള്ളിയ പ്രതിപക്ഷമാകട്ടെ പുതിയ ഊര്‍ജം കണ്ടെത്തിയിരിക്കുകയുമാണ്. അപ്പോഴും ഐക്യത്തിന്റെ പ്രശ്നം ഉദിക്കുന്നുണ്ട്. ഹരിയാനയില്‍ പത്ത് സീറ്റ് നേടി കറുത്ത കുതിരയായ ചൗത്താലയുടെ ജെ ജെ പി വേറെയാണ് മത്സരിച്ചത്. എന്നാലും സര്‍ക്കാറുണ്ടാക്കാന്‍ കൂടെ കൂടിയാല്‍ മുഖ്യമന്ത്രി സ്ഥാനം വരെ വിട്ടുനല്‍കാമെന്ന് മുപ്പത്തിയൊന്ന് സീറ്റുകളുള്ള കോണ്‍ഗ്രസ് തീരുമാനം പ്രതീക്ഷയുമാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ഇ ഡിയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗിച്ച് വേട്ട നടത്തിയതും വിപരീത ഫലമുണ്ടാക്കിയെന്ന് ഇപ്പോള്‍ ബി ജെ പി തിരിച്ചറിയുന്നുണ്ടാകും. 2019 തിരഞ്ഞെടുപ്പോടെ രാഹുല്‍ ഗാന്ധി തീര്‍ത്തും അപ്രസക്തനായെന്ന് പറഞ്ഞ മുഴുവന്‍ ബി ജെ പി നേതാക്കളും തിരഞ്ഞെടുപ്പിലുടനീളം രാഹുലിനെ വ്യക്തിപരമായും അല്ലാതെയും ആക്രമിക്കുന്ന തിരക്കിലായിരുന്നതും കോണ്‍ഗ്രസിന് ഗുണകരമാണ്.

Latest