Connect with us

Editorial

ദേശീയതലത്തിലും ബി ജെ പിക്ക് ഇടര്‍ച്ച

Published

|

Last Updated

അഞ്ച് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന ജനപിന്തുണയില്‍ നിന്ന് ബി ജെ പി ഏറെ പിറകോട്ടടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലെയും ഫലങ്ങള്‍. ഹരിയാനയിലെ 90 അംഗ നിയമസഭയില്‍ 75ന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നായിരുന്നു ബി ജെ പി നേതൃത്വത്തിന്റെ ആത്മവിശ്വാസം. സര്‍വേ ഫലങ്ങളും രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളും സമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ 47 സീറ്റുമായി തനിച്ചു ഭൂരിപക്ഷം നേടിയിരുന്ന പാര്‍ട്ടിയുടെ അംഗസംഖ്യ ഇത്തവണ 40ല്‍ ഒതുങ്ങി. കേവല ഭൂരിപക്ഷമായ 46ലെത്താന്‍ പോലുമായില്ല. മത്സരരംഗത്തുണ്ടായിരുന്ന പാര്‍ട്ടിയുടെ മന്ത്രിമാരില്‍ രണ്ട് പേരൊഴികെ മറ്റെല്ലാവരും പരാജയപ്പെടുകയും വോട്ടില്‍ 22 ശതമാനത്തോളം ഇടിവുണ്ടാകുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ പത്ത് മണ്ഡലങ്ങളില്‍ പത്തിലും ബി ജെ പിക്കായിരുന്നു ജയം. നിയമസഭാ മണ്ഡലങ്ങളില്‍ 79ലും ആധിപത്യവും അവര്‍ക്കായിരുന്നു.
അതേസമയം, കഴിഞ്ഞ തവണ 15 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് അംഗബലം 31ലേക്ക് ഉയര്‍ത്തി. പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ ദേശീയ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നതിനാല്‍ സംഘടന ദുര്‍ബലമായ ഘട്ടത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും ഇരട്ടിയിലേറെ അംഗസംഖ്യ വര്‍ധിപ്പിക്കാനായത് പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ സാമുദായിക, വര്‍ഗീയ അജന്‍ഡകളിലെ ആയുധങ്ങള്‍ പരമാവധി പ്രയോഗിച്ചിരുന്നു. എന്നിട്ടും 75 സീറ്റ് ലക്ഷ്യമിട്ടിറങ്ങിയ ബി ജെ പിയെ 40ല്‍ തളച്ചിടാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് മികച്ച നേട്ടമാണ്. അടുത്തിടെ ഉദയം ചെയ്ത ദുഷ്യന്ത് ചൗത്താലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെ ജെ പി) പത്ത് സീറ്റ് നേടി സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായക ഘടകമായി മാറി.

മഹാരാഷ്ട്രയില്‍ 102 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ജനപിന്തുണ ഏറെ കുറഞ്ഞതായി വോട്ടിംഗ് നില വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ശിവസേനയെ കൂടാതെ തന്നെ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്. ബി ജെ പി-ശിവസേന സഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒറ്റക്ക് മത്സരിച്ച 2014ല്‍ പാര്‍ട്ടിക്ക് 144 സീറ്റ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ശിവസേനയുമായി സഖ്യത്തിലായിരുന്നിട്ടു കൂടി 102ല്‍ ഒതുങ്ങിപ്പോയി ബി ജെ പി അംഗങ്ങളുടെ സംഖ്യ. സീറ്റ് കുറഞ്ഞത് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി ജെ പിക്ക് തലവേദന സൃഷ്ടിക്കും. 56 സീറ്റ് നേടിയ സഖ്യകക്ഷി ശിവസേന മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു രംഗത്തുവന്നിട്ടുണ്ട്. വര്‍ളി മണ്ഡലത്തില്‍ നിന്ന് 70,000 വോട്ടുകള്‍ക്ക് ജയിച്ച ആദിത്യ താക്കറെയെ രണ്ടര വര്‍ഷം മുഖ്യമന്ത്രിയാക്കണമെന്നാണ് സേന ആവശ്യപ്പെടുന്നത്.

അഞ്ച് മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയം നല്‍കിയ അമിത ആത്മവിശ്വാസവുമായാണ് രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ പ്രധാനമന്ത്രിയുടെ റാലിയോടെ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. സംസ്ഥാന വിഷയങ്ങളെ മാറ്റിനിര്‍ത്തി ദേശീയ പൗരത്വപ്പട്ടിക, കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയല്‍, മുത്വലാഖ് നിരോധനം, അയോധ്യ തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം. വോട്ടെടുപ്പിനു തലേന്ന് പാക് ഭീകരക്യാമ്പ് തകര്‍ത്ത സൈനിക നടപടി തന്നെ ഈ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. കേന്ദ്ര, സംസ്ഥാന ഭരണങ്ങളുടെ സ്വാധീനവും പാര്‍ട്ടി നന്നായി ഉപയോഗപ്പെടുത്തി. ബി ജെ പി വിരുദ്ധ പ്രതിപക്ഷത്തിലെ അനൈക്യം മുതലാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ബി ജെ പിയുടെ സ്വാധീന വലയത്തിലായിക്കഴിഞ്ഞ ദേശീയ മാധ്യമങ്ങളും അവരുടെ കൂടെ ശക്തമായി നിലയുറപ്പിച്ചു. അതേസമയം, സാമ്പത്തിക ഞെരുക്കം, പട്ടിണി, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, പശുവിന്റെ പേരിലും മറ്റും ഹിന്ദുത്വര്‍ നടത്തുന്ന കൊലകള്‍ തുടങ്ങിയ പ്രാദേശിക, ജനകീയ പ്രശ്‌നങ്ങളില്‍ ഊന്നിയാണ് പ്രതിപക്ഷം വോട്ടര്‍മാരെ അഭിമുഖീകരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ഹിന്ദുത്വ ഭീകരതക്കെതിരായ പ്രചാരണം ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള ഹരിയാനയിലെ നുഹു തുടങ്ങിയ മേഖലയിലും കാര്‍ഷിക പ്രതിസന്ധി മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലകളിലും ബി ജെ പിക്ക് ദോഷം ചെയ്‌തെന്നാണ് വിലയിരുത്തപ്പെടുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഹരിയാനയിലെ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലായതും ഇതുമൂലം പതിനായിരങ്ങള്‍ തൊഴില്‍രഹിതരായതും പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചു.
മഹാരാഷ്ട്രയില്‍ ശിവസേനയുടെ പങ്കാളിത്തത്തോടെയും ഹരിയാനയില്‍ കുതിരക്കച്ചവടത്തിലൂടെയും ബി ജെ പി ഭരണം നിലനിര്‍ത്തിയേക്കാമെങ്കിലും മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തിനും ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പ്രകടനത്തിനും മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും മോശം പ്രകടനം മങ്ങലേല്‍പ്പിക്കും. ബി ജെ പിയുടെ രാജ്യസഭാ കണക്ക് കൂട്ടലുകളെയും ഇത് കാര്യമായി ബാധിക്കും. കഴിഞ്ഞ വര്‍ഷം നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് തോല്‍വികള്‍ രാജ്യസഭാ അംഗങ്ങളുടെ എണ്ണത്തിലുണ്ടാക്കിയ കുറവ് നികത്താന്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും സാധിക്കുമെന്നായിരുന്നു ബി ജെ പി നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ രണ്ടിടങ്ങളിലും സീറ്റുകള്‍ കുറഞ്ഞതിന് പുറമെ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതും ബി ജെ പിക്ക് വലിയ തിരിച്ചടിയാണ്.