Connect with us

National

രക്ഷാപ്രവര്‍ത്തനം 13 മണിക്കൂര്‍ പിന്നിട്ടു; കുഴല്‍ കിണറില്‍പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നു. 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയത് ആശങ്കയേറ്റിയിട്ടുണ്ട്. കുട്ടിയുടെ കൈകളില്‍ കുരുക്കിട്ട് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വഴുതി കുട്ടി 68 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴല്‍ക്കിണറില്‍ പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത്താണ് അപകടത്തില്‍പ്പെട്ടത്.

13 മണിക്കൂറിലധികമായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

വീടിനടുത്തുതന്നെയുള്ള കിണറിന്റെ അടുത്ത് പതിവുപോലെ കളിക്കുകയായിരുന്നു കുട്ടി. എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കിണറിനുള്ളിലേക്കുവീണ കുട്ടി താഴ്ചയില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴല്‍ക്കിണറിനുള്ളില്‍നിന്ന് കരച്ചില്‍ശബ്ദം കേട്ടു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ മെഡിക്കല്‍ സംഘം കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest