Connect with us

Kerala

വാളയാര്‍ കേസ് പ്രതികളെ വെറുതെ വിട്ട സംഭവം: അപ്പീല്‍ പോകുമെന്ന് അന്വേഷണ സംഘം

Published

|

Last Updated

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് തൃശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഐ ജി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേസിലെ വിധിപകര്‍പ്പ് എത്രയും വേഗം ലഭ്യമാക്കുന്നതിനും അപ്പീല്‍ പോകുന്നതിനുമുള്ള സാധ്യത സംബന്ധിച്ച് നിയമോപദേശം വാങ്ങുന്നതിനും നടപടി സ്വീകരിക്കും.

പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. അന്വേഷണ സംഘം തന്നെ പറഞ്ഞ് പറ്റിച്ചുവെന്നും കോടതിയില്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിധി വരുന്നത് പോലും തങ്ങളെ അറിയിച്ചില്ല. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതുകൊണ്ടാവും ഇങ്ങനെ സംഭവിച്ചതെന്നും മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്നു പറഞ്ഞിട്ടും അവര്‍ നടപടിയെടുത്തില്ലെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മതിയായ തെളിവുകളില്ലെന്നും കേസില്‍ ഹാജരാകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിന്റെ വിശദീകരണം. ഇന്നലെ ഉച്ചയോടെയാണ് വാളയാര്‍ പീഡനക്കേസില്‍ കോടതി വിധി വരുന്നത്. കേസില്‍ പ്രതികളായ മൂന്ന് പേരെയും കോടതി വെറുതെ വിടുകയായിരുന്നു. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയരായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

കേസില്‍ പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതി പ്രദീപിനെയും കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വാളയാറിലെ 13 ഉം ഒമ്പതും വയസുകാരായ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. സംഭവം നടന്ന് രണ്ട് വര്‍ഷമായിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി. സോജനും കേസില്‍ ഹാജരാകുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം.
ഇത് അസാധാരണമായ കേസാണെന്നും മറ്റൊരു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പോാലീസ് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

Latest