Connect with us

Kerala

അരൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം സി പി എമ്മിന് പിഴച്ചു: വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: അരൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയമാണ് സി പി എമ്മിന്റെ തോല്‍വിക്ക് പ്രധാന കാരണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മനു സി പുളിക്കലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് പറ്റിയ വീഴ്്ചയാണ്. സ്ഥാനാര്‍ഥിയെ കണ്ടെത്തുമ്പോള്‍ ജയ സാധ്യതയും ജനപ്രീതിയും പരിഗണിച്ചില്ല. പാര്‍ട്ടി കമ്മറ്റി കൂടി പാസാക്കിയ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിക്കില്ല. ജനങ്ങളറിയുന്ന ആളാവണം. ഷാനിമോള്‍ക്ക് അനുകൂലമായി അരൂരില്‍ സഹതാപ തരംഗമുണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോന്നിയിലെയും വട്ടിയൂര്‍കാവിലെയും വിജയത്തിന് എല്‍ ഡി എഫ് നന്ദി പറയേണ്ട് സുകുമാരന്‍ നായരോടാണ്. രണ്ട് പുഷ്പ ഹാരങ്ങള്‍ചങ്ങനാശ്ശേരിയില്‍ ചെന്ന് സുകുമാരന്‍ നായരുടെ കഴുത്തേലിട്ട് സാഷ്ടാംഗം നമിക്കണം. ഇതുപോലുള്ള പ്രസ്താവനകള്‍ ഇനിയും നടത്തി ഇടതുപക്ഷത്തെ സഹായിക്കണമെന്ന് അപേക്ഷിക്കണം. എന്‍ എസ് എസിന്റെ രാഷ്ട്രീയ ഇടപെടലുണ്ടായപ്പോള്‍ അതിനെതിരായ ദ്രുവീകരണവുമുണ്ടായി. കോന്നിയിലും വട്ടിയൂര്‍കാവിലും അത് വലിയ തോതില്‍ പ്രതിഫലിച്ചു. ഒരു സമുദായത്തിന്റെയും വാലാകാതെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരവരുടേതായ ഐഡന്റിറ്റിയില്‍ നില്‍ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Latest