Connect with us

Kerala

അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് രൂപം കൊണ്ടു; കേരളത്തിൽ  പരക്കെ മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. “ക്യാര്‍” ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 7 കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്.

2019 ഒക്ടോബര്‍ 25 ന് പകല്‍ 16 ഡിഗ്രി എന്‍ അക്ഷാംശത്തിലും 71.6 ഡിഗ്രി ഇ രേഖാംശത്തിലുമായി മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തില്‍ നിന്ന് 210 കിമീ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബയില്‍ നിന്ന് 370 കിമീ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിമീ ദൂരത്തിലുമായിരുന്നു ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിശതമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷമുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റ് ആയി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. എങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

“ക്യാര്‍” ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സിസ്റ്റത്തിന്റെ ചലനത്തിനനുസരിച്ച് കേരളത്തിലെ മഴയില്‍ വരുന്ന മാറ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരേണ്ടതാണ്.