Connect with us

Kerala

കമ്മട്ടിപ്പാടത്ത് പത്ത് വയസുകാരനെ കുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം

Published

|

Last Updated

കൊച്ചി: എറണാകുളം പുല്ലേപ്പടി കമ്മട്ടിപ്പാടത്ത് പത്തുവയസുകാരന്‍ റിസ്റ്റിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അജി ദേവസ്യയ്ക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് ജില്ലാ അഡീഷനല്‍ സെഷന്‍സ് (പോക്‌സോ) കോടതി. 25,000 രൂപ പിഴയും അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട റിസ്റ്റിയുടെ മാതാവിന് നല്‍കണം. 2016 ഏപ്രില്‍ 26ന് പുലര്‍ച്ചെയാണു വീടിനു സമീപത്തെ കടയിലേയ്ക്കു പോകുമ്പോള്‍ പറപ്പിള്ളി ജോണിന്റെ മകന്‍ റിസ്റ്റിയെ അയല്‍വാസിയായ അജി ദേവസ്യ കുത്തിക്കൊന്നത്. റിസ്റ്റിയുടെ ശരീരത്തില്‍ 17 കുത്തുകളേറ്റു. റിസ്റ്റിയുടെ ആദ്യകുര്‍ബാന ഒരുക്കച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു കൊലപാതകം.

2016 ഏപ്രില്‍ 26നാണു ലഹരിമരുന്നിന് അടിമയായ അജി ദേവസ്യ എന്ന റിസ്റ്റിയെ കുത്തിക്കൊന്നത്. അതിരാവിലെ മുട്ട വാങ്ങാന്‍ കടയില്‍ പോയി മടങ്ങുമ്പോള്‍ നടുറോഡില്‍ വച്ചാണു സംഭവം. ലഹരി കിട്ടിയില്ലെങ്കില്‍ അക്രമാസക്തനാകുന്ന ആളായിരുന്നു പ്രതി അജി ദേവസ്യ.

അയല്‍ക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലിനിയാണു കുട്ടിയുടെ കഴുത്തില്‍നിന്നു കത്തി ഊരിയെടുത്തത്. ഓട്ടോറിക്ഷ ഡ്രൈവറായ ജോണ്‍ സ്വന്തം വണ്ടിയില്‍ മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തിയ ശേഷം പ്രതി നടന്നു പോയെങ്കിലും നാട്ടുകാര്‍ പിടികൂടി തടഞ്ഞുവച്ചു പൊലീസിനു കൈമാറുകയായിരുന്നു.സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു റിസ്റ്റി.