Connect with us

Kasargod

മഞ്ചേശ്വരത്തിന്റെ മനസ്സ് കീഴടക്കി ഖമറുദ്ദീൻ

Published

|

Last Updated

മഞ്ചേശ്വരത്ത് വിജയിച്ച എം സി ഖമറുദ്ദീനെ തോളിലേന്തി ആഹ്ലാദം പങ്കിടുന്ന യു ഡി എഫ് പ്രവർത്തകർ

കാസർകോട്: മികച്ച സംഘാടകൻ, ജില്ലയിലെ യു ഡി എഫ് നേതൃത്വത്തെ ഒന്നിച്ച് കൊണ്ടു പോകുന്നതിൽ വലിയ മിടുക്ക് കാണിച്ച വ്യക്തിത്വം. പ്രാദേശികമായി കോൺഗ്രസ് ഒറ്റപ്പെടുന്നയിടങ്ങളിലെല്ലാം ലീഗിന്റെ ബലത്തിൽ യു ഡി എഫ് മുന്നണി സംവിധാനത്തെ മുന്നോട്ടു നയിച്ച നേതൃപാടവം. പെരിയ ഇരട്ടക്കൊലക്കേസിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നിലെ ചാലക ശക്തി. മറ്റ് പാർട്ടികളുമായും മത നേതാക്കന്മാരുമായും ഉറ്റ ബന്ധം പുലർത്തുന്ന നേതാവ്.- മഞ്ചേശ്വരത്ത് വിജയക്കൊടി പാറിച്ച എം സി ഖമറുദ്ദീന്റെ മികവുകൾ ഇങ്ങനെ നീളുന്നു.
ചെർക്കളം അബ്്്ദുല്ല മഞ്ചേശ്വരത്ത്് മത്സരിക്കുമ്പോൾ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് എം സി യായിരുന്നു. ചെർക്കളം മത്സരിക്കാതെ മാറി നിന്നപ്പോൾ പി ബി അബ്ദുൽ റസാഖിന് പകരം എം സി ഖമറുദീന്റെ പേര് പലവട്ടം മഞ്ചേശ്വരത്ത് ഉയർന്നു വന്നിരുന്നെങ്കിലും പ്രാദേശിക വാദത്തിനൊടുവിൽ അത് വഴിമാറിപ്പോകുകയായിരുന്നു. ഇത്തവണയും ചിലർ മഞ്ചേശ്വരത്തുകാരൻ വേണമെന്ന രീതിയിൽ ചില വാദങ്ങൾ ഉയർത്തിയെങ്കിലും അത് വിലപ്പോയില്ല.

തൃക്കരിപ്പൂർ പടന്ന എടച്ചാക്കൈയിലെ പരേതനായ എം സി മുഹമ്മദ്ക്കുഞ്ഞി ഹാജിയുടെയും എം സി മറിയുമ്മയുടെയും മകനാണ് എ സി ഖമറുദീൻ. പടന്ന എം ആർ വി എച്ച് എസ് എസിൽ പഠിക്കുമ്പോൾ എം എസ് എഫ് പ്രവർത്തകനായാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്.
1980-81 വർഷത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ പഠിക്കുമ്പോൾ ചീഫ് സ്റ്റുഡന്റ് എഡിറ്ററായിരുന്നു. ബി എ ബിരുദധാരിയാണ്. പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ എക്‌സിക്യൂട്ടീവ് അംഗം, അവിഭക്ത കണ്ണൂർ ജില്ലാ എം എസ് എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്, യു ഡി എഫ് ജില്ലാ ചെയർമാൻ പദവികൾ വഹിക്കുന്നു.
ഭാര്യ: എം ബി റംലത്ത്. മക്കൾ: ഡോ. മുഹമ്മദ് മിദ്്ലാജ്. മുഹമ്മദ് മിൻഹാജ്, മറിയംമ്പി, മിൻഹത്ത്.

മഞ്ചേശ്വരത്ത് പണിയെടുത്തത് ഉണ്ണിത്താനും കുഞ്ഞാലിക്കുട്ടിയും

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് തകർപ്പൻ വിജയം നേടിയതിന് പിന്നിൽ രാജ് മോഹൻ ഉണ്ണിത്താന്റെ തന്ത്രവും പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃപാടവവും. ഉണ്ണിത്താൻ എം പി ക്കായിരുന്നു മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ പ്രചാരണ ചുമതല. പ്രചാരണം മാത്രമല്ല തിരഞ്ഞെടുപ്പിന്റെ സകല ചുമതലയും അദ്ദേഹം ഏറ്റെടുത്തു. അണികളിൽ ഒരാളായി ഉണ്ണിത്താൻ പ്രവർത്തിച്ചു.

ഉപ്പളയിൽ തന്നെ വീടെടുത്ത് പാതിരാത്രി വരെ അദ്ദേഹം മണ്ഡലത്തിൽ തന്നെ കഴിഞ്ഞു. ലീഗ് – കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി കൂടെ നിർത്തി പോരാട്ടം നടത്താൻ ഉണ്ണിത്താന് കഴിഞ്ഞു.

ഫലം വന്നപ്പോൾ 7,923 വോട്ടിന്റെ തകർപ്പൻ ജയവും ഖമറുദ്ദീന്റെ കൂടെ പോന്നു. ലീഗിൽ ആദ്യമുണ്ടായിരുന്ന എല്ലാ വിമത പ്രശ്‌നങ്ങളെയും സധൈര്യം നേരിടാൻ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന് കഴിഞ്ഞു.

Latest