Connect with us

Kasargod

ചരിത്രം സൃഷ്ടിച്ചും തിരുത്തിയും മഞ്ചേശ്വരം

Published

|

Last Updated

മഞ്ചേശ്വരം: മഞ്ചേശ്വരത്തിന്റെ മനസ് ആര്‍ക്കും അത്ര പിടികിട്ടുന്നതല്ല. ചിലപ്പോള്‍ ചരിത്രം സൃഷ്ടിക്കും. മറ്റ് ചിലപ്പോള്‍ ചരിത്രം തിരുത്തും. മഞ്ചേശ്വരത്തിന്റെ നിയമസഭാ പ്രതിനിധികളുടെ ചരിത്രം തേടുമ്പോള്‍ ആദ്യ വിജയി എം ഉമേഷ് റാവു എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1957ലെ തിരഞ്ഞെടുപ്പിലായിരുന്നു അത്.

1960ല്‍ കല്ലിഗെ മഹാബല ഭണ്ഡാരി വിജയിച്ചു. കാമപ്പ മാസ്റ്ററായിരുന്നു തൊട്ടടുത്ത എതിരാളി. 1965ലും മഹാബല ഭണ്ഡാരി വിജയം ആവര്‍ത്തിച്ചു. സി പി എമ്മിലെ എം രാമണ്ണ റൈയെക്കാള്‍ അയ്യായിരത്തിലധികം വോട്ടുകളുടെ ലീഡുണ്ടായിരുന്നു. 67ല്‍ കെ എം ഭണ്ഡാരി വീണ്ടും സഭയിലെത്തി. 70ല്‍ സി പി ഐയുടെഎം രാമപ്പയാണ് മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്.
യു പി കുനിക്കുല്ലായയും ബി എം രാമയ്യഷെട്ടിയുമായിരുന്നു പ്രധാന എതിരാളികള്‍. 77ല്‍ രാമപ്പ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1980ലാണ് സി പി ഐ നേതാവ് ഡോ എ സുബ്ബറാവു നിയമസഭയിലെത്തുന്നത്. മുസ്ലിംലീഗിലെ ചെര്‍ക്കളം അബ്ദുല്ലയെയാണ് പരാജയപ്പെടുത്തിയത്. 82ല്‍ എ സുബ്ബറാവു വീണ്ടും വിജയിച്ചു. 87ലാണ് ചെര്‍ക്കളം അബ്ദുല്ല ആദ്യമായി മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലെത്തുന്നത്.
1991ലും 96ലും 2001ലും ചെര്‍ക്കളം വിജയം ആവര്‍ത്തിച്ചു. 2006ല്‍ സി പി എമ്മിലെ അഡ്വ സി എച്ച് കുഞ്ഞമ്പുവാണ് മഞ്ചേശ്വരത്ത് എം എല്‍ എയായത്. 2011ലും 16ലും പി ബി അബ്ദുല്‍റസാഖ് എം എല്‍ എയായി.
2018 ഒക്ടോബര്‍ 20ന് പി ബി അബ്ദുല്‍റസാഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്ലിംലീഗിലെ എം സി ഖമറുദ്ദീന്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

Latest