Connect with us

Articles

ജനപിന്തുണ ആരുടെയും കോന്തലക്കല്‍ കെട്ടിയതല്ല

Published

|

Last Updated

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ കേരളം ഭരിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാറിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണ്. ജനമനസ്സ് ആരുടെയെങ്കിലും കോന്തലക്കല്‍ കെട്ടിയിട്ടതല്ല. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുണ്ട്. മതനിരപേക്ഷതയുടെ കരുത്താണ് ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചതെന്ന് ആര്‍ക്കും വ്യക്തമാകും.

എല്‍ ഡി എഫിന്റെ ജനകീയാടിത്തറ ഇതോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഒരിടമൊഴികെ ബാക്കിയെല്ലാം ഏത് കൊടുങ്കാറ്റിലും ഉലയാത്ത കോട്ടയായാണ് യു ഡി എഫ് ഇതുവരെ കരുതിപ്പോന്നിരുന്നത്. ആറില്‍ മൂന്നിടത്ത് എല്‍ ഡി എഫ് ജയിച്ചിരിക്കുന്നു. അരൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനായില്ല. അത് വിശദമായി പരിശോധിക്കും. നിയമസഭയില്‍ എല്‍ ഡി എഫിന്റെ അംഗബലം 91ല്‍നിന്ന് 93 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ജാതി, മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ല. അത്തരം ദുഃശ്ശക്തികള്‍ക്ക് മേല്‍ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നുമാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അടയാളപ്പെടുത്തുന്നത്.
വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല. പാലാ ആവര്‍ത്തിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് നേടിയ വിജയം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി എന്താണെന്നതിന്റെ ദിശാസൂചകമാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതു സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തായ മണ്ഡലമാണിത്. ഇവിടെയാണ് എല്‍ ഡി എഫിന് വന്‍കുതിപ്പ് സാധ്യമായത്. യു ഡി എഫ്, ബി ജെ പി ശക്തി കേന്ദ്രങ്ങളിലടക്കം എല്‍ ഡി എഫ് വന്‍ മുന്നേറ്റമുണ്ടാക്കി. നാട്ടിലെ യുവതയുടെ ആവേശം ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ തവണ യു ഡി എഫിന് വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷത്തേക്കാള്‍ 10,881 വോട്ട് ലഭിച്ചു. ഇപ്പോള്‍ അത് മറികടന്ന് 14,465 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ എല്‍ ഡി എഫിന് സാധിച്ചു. കോന്നിയില്‍ അടൂര്‍ പ്രകാശ് ഇരുപതിനായിരത്തിലധികം വോട്ടിനാണ് ജയിച്ചത്. അവിടെ ജനീഷ് കുമാര്‍ പതിനായിരത്തോളം വോട്ടിന് ജയിച്ചു. ബി ജെ പി സീറ്റുകള്‍ നേടും എന്ന് പ്രഖ്യാപിച്ചിരുന്നു. ബി ജെ പിയെയും അതിന്റെ വര്‍ഗീയ അജന്‍ഡകളെയും കേരള ജനത തള്ളിക്കളഞ്ഞു എന്നാണ് ജനവിധി വ്യക്തമാക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ രണ്ടാമതുണ്ടായ അവര്‍ ഇപ്പോള്‍ മൂന്നാമതായി. ഫലപ്രദമായൊരു ത്രികോണ മത്സരം നടത്താന്‍ പോലും അവര്‍ക്കായില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കൃത്രിമമായ ഒരു പ്രതീതി ഉണ്ടാക്കാനായി. എന്നാല്‍ അത് താത്കാലികം മാത്രമാണെന്ന് എല്‍ ഡി എഫ് പറഞ്ഞിരുന്നത് അക്ഷരം പ്രതി ശരിയായി. യു ഡി എഫിനെ അപ്രസക്തമാക്കുന്നതാണ് ജനവിധി. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പുറംകരാര്‍ നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. 3500ലധികം വോട്ടുകള്‍ക്കാണ് എറണാകുളത്ത് ഡി സി സി പ്രസിഡന്റു കൂടിയായ സ്ഥാനാര്‍ഥി ജയിക്കുന്നത്. ജയിച്ചെങ്കിലും യു ഡി എഫിന് വന്‍ വോട്ടുചോര്‍ച്ചയുണ്ടായി.

അഖിലേന്ത്യാ തലത്തില്‍ ബി ജെ പിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റിരിക്കുന്നു. ഹരിയാനയില്‍ അവരുടെ മിഷന്‍ 75 പദ്ധതി തകര്‍ന്നു. കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. ഫലം എക്‌സിറ്റ്‌പോളുകളെ അപ്രസക്തമാക്കി. ആര്‍ എസ് എസ് നയിക്കുന്ന ബി ജെ പി കടുത്ത ജന രോഷത്തിന് വിധേയമാകുകയാണ്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനുള്ള ജനപിന്തുണയാണ് തിരഞ്ഞെടുപ്പിലൂടെ കേരളീയര്‍ നല്‍കിയത്. സര്‍ക്കാര്‍ എന്ന നിലയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കും.

കേരള മുഖ്യമന്ത്രി

Latest