Connect with us

Editorial

വര്‍ഗീയ, ജാതീയ രാഷ്ട്രീയത്തിന് തിരിച്ചടി

Published

|

Last Updated

പിണറായി സര്‍ക്കാറിന്റെ നയപരിപാടികള്‍ക്കുള്ള ജനപിന്തുണയായി കാണാവുന്നതാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം. ഈ പഞ്ചമണ്ഡലങ്ങളില്‍ ഒന്ന് മാത്രം കൈവശമുണ്ടായിരുന്ന എല്‍ ഡി എഫ് ഇത്തവണ രണ്ട് സീറ്റുകള്‍ നേടി. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു സി പി എം. മണ്ഡല രൂപവത്കരണത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യു ഡി എഫ് മേല്‍ക്കൈ നേടിയ വട്ടിയൂര്‍ക്കാവ് ഇത്തവണ മേയര്‍ വി കെ പ്രശാന്തിലൂടെയാണ് സി പി എമ്മിന്റെ ആധിപത്യത്തില്‍ വരുന്നത്. അതും ഈ ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ. പതിനാലായിരത്തില്‍ പരം വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. പ്രളയബാധിത മേഖലകളില്‍ ചെയ്ത സേവന പ്രവര്‍ത്തനങ്ങളിലൂടെ പ്രശാന്ത് കൈവരിച്ച മികച്ച പ്രതിച്ഛായ ഈ വിജയത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്. വലിയ തോതില്‍ ന്യൂനപക്ഷങ്ങളും എല്‍ ഡി എഫിനെ തുണച്ചു. നായര്‍ സമുദായത്തിന് 30 ശതമാനത്തിലേറെ പ്രാതിനിധ്യമുള്ള മണ്ഡലത്തില്‍ പ്രശാന്തിനെ നേരിടാന്‍ മുന്‍ എം എല്‍ എയും നായര്‍ സമുദായാംഗം കൂടിയായ മോഹന്‍ കുമാറിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. മാത്രമല്ല, അദ്ദേഹത്തിന് പിന്തുണയുമായി എന്‍ എസ് എസ് രംഗത്തുവരികയും ചെയ്തു. മോഹന്‍ കുമാറിന് വോട്ട് ചെയ്യാന്‍ എന്‍ എസ് എസ് താലൂക്ക് യൂനിയന്‍, കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും കരയോഗം ഭാരവാഹികള്‍ അംഗങ്ങളുടെ വീടുകളില്‍ കയറി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, ജാതി, സാമുദായിക രാഷ്ട്രീയക്കളി വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. എന്‍ എസ് എസിന്റെ പരസ്യമായ പിന്തുണ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെന്ന വിലയിരുത്തലിലാണ് യു ഡി എഫ് നേതൃത്വം. സാമുദായിക ഘടകങ്ങളില്‍ തട്ടാതെ വികസനത്തിലൂന്നിയുള്ള പ്രചാരണമാണ് ഇടതു മുന്നണി നടത്തിയിരുന്നത്. അതാണ് ശരിയായ നിലപാടായി വോട്ടര്‍മാര്‍ കണ്ടത്.
23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോന്നി മണ്ഡലം യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുക്കുന്നത്. 2016ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആര്‍ അനില്‍കുമാറിനേക്കാള്‍ കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശ് 20,748 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടാണ് ഉപതിരഞ്ഞെടുപ്പില്‍ ഡി വൈ എഫ് ഐ നേതാവ് കെ യു ജനീഷ് കുമാറിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു എല്‍ ഡി എഫ് ഇവിടെ. നായര്‍ സമുദായത്തിന് ഗണ്യമായ സ്വാധീനമുള്ള ഈ മണ്ഡലത്തിലും എന്‍ എസ് എസിന്റെ സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്കുള്ള ചുവടുമാറ്റം പാളിപ്പോയി. വലിയ വോട്ടു ബേങ്ക് അവകാശപ്പെടുന്ന എന്‍ എസ് എസിന് രാഷ്ട്രീയത്തില്‍ പറയത്തക്ക സ്വാധീനമില്ലെന്നാണ് ഈ രണ്ട് മണ്ഡലങ്ങളിലെയും ഫലങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസും ബി ജെ പിയും ശബരിമല പ്രചാരണ വിഷയമാക്കിയെങ്കിലും ഒരു ഫലവും ചെയ്തില്ല. എന്‍ജിനീയര്‍ വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കെ ടി ജലീലിനെതിരെ നടത്തിയ പ്രചാരണങ്ങളും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ എറണാകുളത്തെയും മഞ്ചേശ്വരത്തെയും അവരുടെ വിജയം പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. കഴിഞ്ഞ തവണ ഹൈബി ഈഡന്‍ നേടിയ 22,000ത്തിന്റെ ഭൂരിപക്ഷം 3750ലേക്ക് ഇടിഞ്ഞതും എല്‍ ഡി എഫ് സ്ഥാനാര്‍ഥി മനു റോയിയുടെ അപരന്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ നേടിയതും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ജെ വിനോദിന്റെ വിജയത്തിളക്കം കുറച്ചു. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എം സി കമറുദ്ദീന്‍ എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്. അതേസമയം, എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ അരൂരിലെ ഷാനി ഉസ്മാന്റെ വിജയം ഇടതിന് തിരിച്ചടിയാണ്. മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന 15 തിരഞ്ഞെടുപ്പില്‍ പത്തിലും ഇടതു മുന്നണിയെയാണ് അരൂര്‍ തുണച്ചിരുന്നത്. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ച ഷാനി ഉസ്മാന്റെ ആദ്യ വിജയമാണിത്.

അരൂര്‍ പിടിച്ചെടുത്തെങ്കിലും പാലാക്ക് പിറകെ മറ്റു രണ്ട് സിറ്റിംഗ് സീറ്റുകള്‍ കൂടി നഷ്ടപ്പെട്ടത് യു ഡി എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേരളത്തില്‍ നടത്തിയ മുന്നേറ്റമായിരുന്നു കോണ്‍ഗ്രസിന് ആശ്വാസമായിരുന്നത്. അന്നത്തെ വിജയം സംഘടനാ ബലം കൊണ്ടായിരുന്നില്ല, രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും കോണ്‍ഗ്രസിന് മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാകുമെന്ന വിശ്വാസവും കൊണ്ടായിരുന്നുവെന്ന നിരീക്ഷണത്തെ ശരിവെക്കുന്നതാണ് നിലവിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷം മാത്രം അവശേഷിച്ചിരിക്കെ യു ഡി എഫിന് ഇനി ഭരണം പിടിച്ചെടുക്കണമെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും.

ബി ജെ പിയുടെ കാര്യമാണ് മഹാ കഷ്ടം. അഞ്ച് സീറ്റുകളിലൊന്ന് ഇത്തവണ പാര്‍ട്ടി നേടുമെന്നായിരുന്നു അവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ പാര്‍ട്ടിയുടെ സ്വാധീനം കഴിഞ്ഞ തവണത്തേക്കാളും കുത്തനെ ഇടിഞ്ഞുവെന്നാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത.് വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ ബി ജെ പി രണ്ടാം സ്ഥാനത്തെത്തുകയും കുമ്മനം രാജശേഖരന്‍ 43,700 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഇത്തവണ ബി ജെ പിയെ പ്രതിനിധാനം ചെയ്ത ജില്ലാ പ്രസിഡന്റ് സുരേഷ് നേടിയത് 27,425 വോട്ടാണ്. പതിനാറായിരത്തിലേറെ വോട്ടുകള്‍ ചോര്‍ന്നു. കോന്നിയില്‍ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ വോട്ട് 39786ല്‍ ഒതുങ്ങി. ഓര്‍ത്തഡോക്‌സ് സഭ പിന്തുണച്ചിട്ടും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2016ല്‍ എറണാകുളത്ത് 1,14,878ഉം അരൂരില്‍ 27,753ഉം വോട്ടുകള്‍ നേടിയ ബി ജെ പിയുടെ ഉപതിരഞ്ഞെടുപ്പിലെ വോട്ടുകളുടെ എണ്ണം യഥാക്രമം 13,351ഉം 16,251ഉം ആയി കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരാനായത് മാത്രമാണ് പാര്‍ട്ടിക്കാശ്വാസം. വര്‍ഗീയ അജന്‍ഡകള്‍ ഉപേക്ഷിച്ച് ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക വഴി പ്രവര്‍ത്തന മേഖലകളില്‍ സമൂലം മാറ്റം വരുത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഗതി ഇനിയും താഴോട്ട് തന്നെയായിരിക്കും.