Connect with us

Articles

കേരള രാഷ്ട്രീയം മാറുന്നു, ഇടതിന് തിരിച്ചുവരവ്

Published

|

Last Updated

നായര്‍ സമുദായത്തിന് നല്ല പിന്തുണയുള്ള നിയമസഭാ മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്. നായര്‍ സമുദായത്തിന് ഇവിടെ ഏകദേശം 72,000 വോട്ടുണ്ട്. ഈഴവ ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഏറെക്കുറെ തുല്യ ശക്തികളായി പിന്നില്‍ നില്‍ക്കുന്നു. സമദൂരത്തിനപ്പുറത്ത് ഒരു ശരിദൂരം പ്രഖ്യാപിച്ച് പരസ്യമായി തന്നെ യു ഡി എഫിന് പിന്നില്‍ നിന്ന എന്‍ എസ് എസിനെ സ്വന്തം സമുദായാംഗങ്ങള്‍ തന്നെ തിരസ്‌കരിച്ചു എന്നു കാണാം. ഈഴവ സമുദായക്കാരനായ വി കെ പ്രശാന്ത് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് വന്‍ തോതില്‍ നായര്‍ വോട്ടുകള്‍ കൈയിലൊതുക്കിയാണെന്ന കാര്യം വ്യക്തം. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത്, സാമുദായിക പരിഗണനകള്‍ക്കുമപ്പുറത്ത് സ്വന്തം നിലക്ക് വോട്ടുപിടിക്കാന്‍ കഴിഞ്ഞതാണ് പ്രശാന്തിന് നേട്ടമായത്. വി കെ പ്രശാന്തിനെ ജയിപ്പിക്കുക വഴി, ഇവിടുത്തെ നായര്‍ സമുദായം എന്‍ എസ് എസ് നേതൃത്വത്തെ പരാജയപ്പെടുത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ തിട്ടൂരവുമായിറങ്ങി സ്വന്തം സമുദായത്തെ വോട്ടു ബേങ്കാക്കി വില പേശുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്ന സമുദായ നേതൃത്വങ്ങള്‍ക്ക് നല്‍കുന്ന വലിയ പാഠമാണ് പ്രശാന്തിന്റെ വിജയം.

വട്ടിയൂര്‍ക്കാവിലേതിന് സമാനം തന്നെയാണ് കോന്നിയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി സി പി എമ്മിന്റെ കെ യു ജനീഷ് കുമാറിന്റെ വിജയവും. അവിടെയും നായര്‍ സമുദായാംഗങ്ങളുടെ വോട്ട് നല്ല നിലയില്‍ തന്നെ ജനീഷ് കുമാറിന് കിട്ടി. ശരി ദൂരം പ്രഖ്യാപിക്കുമ്പോള്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ അങ്കം കുറിക്കുകയായിരുന്നു. ശബരിമല മുതല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ ചില നിലപാടുകള്‍ വരെ പല വിഷയങ്ങളില്‍ അരിശം കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. പാലാ മണ്ഡലത്തില്‍ അപ്രതീക്ഷിത നേട്ടം കൈവരിച്ച ഇടതു മുന്നണിക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമത്തില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലുമാണ് സുകുമാരന്‍ നായര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്‍ എസ് എസ് ഇങ്ങനെയൊരു നീക്കം പരസ്യമായി നടത്തുമ്പോള്‍ മറ്റു സമുദായങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടിയതുമില്ല. എസ് എന്‍ ഡി പി യോഗവും എന്തിന് അതിന്റെ രാഷ്ട്രീയ കക്ഷിയായ ബി ഡി ജെ എസ് പോലും എന്‍ ഡി എ ഘടക കക്ഷിയായിരിക്കെ തന്നെ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയാണ് ചെയ്തത്. വിവിധ ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങളും ഇടതുപക്ഷത്തോടൊപ്പം നിന്നു. 1996 മുതല്‍ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് കൈയടക്കി വെച്ചിരുന്ന കോന്നി മണ്ഡലമാണ് ജനീഷ് കുമാറിലൂടെ സി പി എം പിടിച്ചെടുത്തതെന്ന് ശ്രദ്ധിക്കണം. ഇത് എന്‍ എസ് എസ് നേതൃത്വത്തിനേറ്റ തിരിച്ചടി തന്നെയാണ്.
മാസങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും നേടിയ യു ഡി എഫിന്റെ വലിയ കണക്കു കൂട്ടലുകളെയാണ് പാലാ ഉള്‍പ്പെടെ ആറ് ഉപതിരഞ്ഞെടുപ്പുകള്‍ തെറ്റിച്ചിരിക്കുന്നത്. ഇതില്‍ അരൂര്‍ മാത്രമായിരുന്നു സി പി എമ്മിന്റെ സിറ്റിംഗ് സീറ്റ്. 1965 മുതല്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി കുത്തകയാക്കി വെച്ചിരുന്ന പാലാ, എന്‍ സി പി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ അട്ടിമറിച്ചത് ഐക്യജനാധിപത്യ മുന്നണിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ, വട്ടിയൂര്‍ക്കാവും കോന്നിയും തിരികെ പിടിച്ച് ഇടതു മുന്നണി വലിയ മുന്നേറ്റം കുറിച്ചിരിക്കുന്നു.

മഞ്ചേശ്വരവും എറണാകുളവും നിലനിര്‍ത്താനായത് യു ഡി എഫിന് വലിയ ആശ്വാസമായി. സിറ്റിംഗ് സീറ്റാണെങ്കിലും രണ്ടിടത്തും ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ തുടര്‍ച്ചയായി ലീഡ് നിലനിര്‍ത്തിയിരുന്നു.

മഞ്ചേശ്വരത്താകട്ടെ, മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി എം സി കമറുദ്ദീന്‍ ആധികാരികമായി വിജയം നേടുകയും ചെയ്തു. അരൂര്‍ തിരികെ പിടിച്ചതാണ് യു ഡി എഫിന്റെ ഏറ്റവും വലിയ നേട്ടം. സി പി എമ്മിലെ എ എം ആരിഫ് കൈയില്‍ വെച്ചിരുന്ന സീറ്റാണ് ഷാനിമോള്‍ ഉസ്മാന്‍ കൈക്കലാക്കിയത്.
ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷ മുന്നണിയും നേര്‍ക്കുനേര്‍ നിന്ന് പോരാടുന്ന രാഷ്ട്രീയ കേരളത്തില്‍ ആറ് ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക് ഒരു മുന്നേറ്റവും നടത്താനായില്ലെന്ന സത്യവും നിലനില്‍ക്കുന്നു. രണ്ട് മുന്നണികള്‍ക്കുമിടയില്‍ പുതിയൊരിടം കണ്ടെത്താനുള്ള ബി ജെ പിയുടെ നിരന്തരമായ പരിശ്രമങ്ങള്‍ ഇനിയും ലക്ഷ്യം നേടിയിട്ടില്ല. കോന്നി, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ഒരു ത്രികോണ മത്സരമാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും ബി ജെ പിക്ക് കാര്യങ്ങള്‍ എങ്ങുമെത്തിയില്ല. വട്ടിയൂര്‍ക്കാവില്‍ കുറെ തിരഞ്ഞെടുപ്പുകളില്‍ ഈ മുന്നേറ്റം കുറിക്കാന്‍ കഴിഞ്ഞ ബി ജെ പിക്ക് ഇത്തവണ മണ്ഡലം നല്‍കിയത് കനത്ത തിരിച്ചടിയാണ്. ദയനീയമായ ഒരു മൂന്നാം സ്ഥാനം മാത്രമാണ് ബി ജെ പിക്ക് കിട്ടിയത്. കോന്നിയിലും മൂന്നാം സ്ഥാനം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും അവര്‍ പ്രതീക്ഷിച്ചിരുന്നത്രയും വോട്ട്, ഏകദേശം 40,000, കൈയില്‍ കിട്ടിയത് സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ വലിയ ആശ്വാസം.
ഇനിയിപ്പോള്‍ വരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്.

തൊട്ടുപിന്നാലെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമുണ്ട്. അതിലേക്കുള്ള മത്സരത്തില്‍ ഒരു സെമി ഫൈനലിന്റെ രൂപവും ഭാവവുമുള്ള ആറ് ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണം വീതം പങ്കുവെച്ച് ഇടതു മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തുല്യത പാലിച്ചിരിക്കുന്നു. ഈ മൂന്ന് സീറ്റും യു ഡി എഫില്‍ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്തതാണെന്നും കാണണം. അതേസമയം, സി പി എം കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന അരൂര്‍ ഷാനിമോള്‍ ഉസ്മാനിലൂടെ കോണ്‍ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ കാലാവസ്ഥ അപ്പാടെ മാറിയിരിക്കുന്നു എന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വ്യക്തമായ സൂചന. ശബരിമല ഒരു തിരഞ്ഞെടുപ്പ് വിഷയം അല്ലാതായിരിക്കുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും ബി ജെ പി ഭരണം അവസാനിക്കുന്നുവെന്നും കരുതിയ നല്ലൊരു വിഭാഗം ജനങ്ങള്‍ രാഷ്ട്രീയ നിലപാട് മാറ്റിയിരിക്കുന്നു.

രാഷ്ട്രീയമായി ഈ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും നല്ല തിരിച്ചടി തന്നെയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാനത്തിലേക്കടുക്കുകയും വലിയ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരികയും ചെയ്യുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വലിയ പാഠങ്ങള്‍ നല്‍കുകയാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒപ്പം രാജ്യവും ശക്തിയും തങ്ങള്‍ക്ക് തന്നെയാണെന്നു കരുതുന്ന സമുദായ നേതാക്കള്‍ക്ക് ശക്തമായ താക്കീതും.

വട്ടിയൂര്‍ക്കാവില്‍ നിന്ന് 15,000ത്തിനോടടുത്ത ഭൂരിപക്ഷത്തോടെ വിജയിച്ച വി കെ പ്രശാന്ത് ഈ കാലത്തെ മിന്നുന്ന താരമായി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. വിനയവും ക്ഷീണമില്ലാതെ പൊതുരംഗത്ത് പ്രവര്‍ത്തിക്കാനുള്ള ശേഷിയും സൗമ്യമായ പെരുമാറ്റവുമാണ് പ്രശാന്തിന്റെ മുഖമുദ്ര. അതു തന്നെയാണ് വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ നല്‍കിയ തകര്‍പ്പന്‍ പിന്തുണക്ക് പിന്നില്‍. എല്ലാ രാഷ്ട്രീയ നേതാക്കളും ഉള്‍ക്കൊള്ളേണ്ട വലിയ പാഠം.

---- facebook comment plugin here -----

Latest