Connect with us

Organisation

അനന്തപുരിയിൽ സാന്ത്വന കേന്ദ്രം: ഇത് കേരളത്തിന്റെ കരുതൽ

Published

|

Last Updated

തിരുവനന്തപുരം: വേദനിക്കുന്നവർക്ക് താങ്ങായി ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം എസ് വൈ എസിനെ സംബന്ധിച്ച് അതിശയോക്തി പരമല്ല. ഇന്ന് തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന എസ് വൈ എസ് സാന്ത്വന കേന്ദ്രം അതിന്റെ സജീവ സാക്ഷ്യമാകും.
വേദനയിൽ ജീവിക്കുന്ന മനുഷ്യരെ കാണുമ്പോൾ, നിലവിളികൾ കേൾക്കുമ്പോൾ നമ്മുടെ നിത്യജീവിത പ്രശ്‌നങ്ങൾ എത്രയോ ചെറുതാണെന്ന് ഓരോ മനുഷ്യനും തിരിച്ചറിയുന്നിടത്താണ് സാന്ത്വന പ്രവർത്തകൻ ഉണരുന്നത്. മറ്റുള്ളവർക്ക് വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും സമർപ്പിക്കാനുമുള്ള തിരിച്ചറിവ് നേടുന്നതും അപ്പോഴാണ്. സഹജമായ ഒഴിവ്കഴിവുകൾക്കും സ്വതസിദ്ധമായ അലസതക്കും കണ്ടില്ലെന്ന് വെക്കാനാകാത്ത ദീനമായ സാമൂഹിക സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്. അങ്ങനെയാണ് രോഗികളുടെ പ്രയാസങ്ങളെ അതിന്റെ സൂക്ഷ്മ തലത്തിൽ മനസ്സിലാക്കാൻ എസ് വൈ എസ് സാന്ത്വനം സംരംഭം കെട്ടിപ്പടുക്കുന്നത്.

വർഷങ്ങളായി എസ് വൈ എസ് സംസ്ഥാനത്തുടനീളമുള്ള സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ തലങ്ങളിലുള്ള സാന്ത്വന പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്. ലക്ഷക്കണക്കിന് രോഗികളും അവരുടെ കുടുംബവും ഇതിന്റെ ആശ്വാസം അനുഭവിക്കുന്നുണ്ട്. ഈ അനുഭവങ്ങൾക്ക് ലഭിച്ച ജനകീയതയുടെയും സ്വീകാര്യതയുടെയും ദീപ്ത സ്മാരകമാണ് ഇന്ന് നാടിന് സമർപ്പിക്കുന്ന എസ് വൈ എസ് സാന്ത്വന കേന്ദ്രം.

സംസ്ഥാനത്തെ ഏറ്റവും വലിയ അർബുദ ചികിത്സാലയമാണ് ആർ സി സി അവിടെ എത്തുന്ന രോഗികളുടെ ദയനീയത കണ്ടാൽ ആരുടെയും കരളലിയും. അർബുദത്തിന്റെ പിടിയിലായിരുന്നു കേരളം എന്ന് പറഞ്ഞാൽ തെറ്റല്ല. എന്നാലിന്ന് അർബുദ ചികിത്സ വളരെയധികം മുന്നേറി. ആത്മവിശ്വാസത്തോടെ മാരകരോഗത്തെ അതിജയിക്കാം എന്ന നില കൈവന്നിട്ടുണ്ട്. അതേസമയം, രോഗത്തെ മറികടക്കാനുള്ള ചെലവ് ഭീമമാണ്. ശാസ്ത്ര പുരോഗതിയുടെ നേട്ടങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകുന്ന സ്ഥിതിയിലേക്ക് നമ്മളിപ്പോഴും എത്തിയിട്ടില്ല. മറ്റുരോഗങ്ങളേക്കാൾ അർബുദത്തെ ഭീകരമാക്കുന്നത് അതിന് വേണ്ടിവരുന്ന നീണ്ടതും ചെലവേറിയതുമായ ചികിത്സയാണ്. രോഗിയെ ശാരീരികമായും കുടുംബത്തെ സാമ്പത്തികമായും രോഗം തകർക്കും. നമ്മെപ്പോലെ ഓടിനടന്ന് ജീവിച്ചവരാണ് ഒരുനാൾ ഇങ്ങനെ തകർന്നുപോകുന്നത്. ഇങ്ങനെ തകർന്നുപോയ അനേകം പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരുവനന്തപുരത്ത് ചികിത്സക്കെത്തുന്നു. നൂറ് കണക്കിനാളുകൾ ആലംബമില്ലാതെ അലയുന്ന ഹൃദയഭേദകമായ കാഴ്ചയാണ് ആർ സി സിയിൽ മിക്കപ്പോഴും കാണുക. ഭക്ഷണം കഴിക്കാൻ, വസ്ത്രം മാറാൻ, ഒന്ന് തലചായ്ക്കാൻ പോലും അവർക്ക് പലപ്പോഴും ഇടം കിട്ടാറില്ല. അവരോട് നമുക്കുള്ള കടമയാണ് ഈ സാന്ത്വന കേന്ദ്രം. കുറേ പേർക്കെങ്കിലും തണലൊരുക്കാൻ ഈ സാന്ത്വന കേന്ദ്രത്തിന് കഴിയും. അത് നൽകുന്ന ആശ്വാസം എത്രയോ വലുതായിരിക്കും.

നാല് നിലകളിലായി 25,000 സ്‌ക്വയർഫീറ്റ് ഏരിയയിൽ മുന്നൂറ് പേർക്കുള്ള എല്ലാ സൗകര്യങ്ങളും ഇപ്പോൾ എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിൽ സജ്ജമാണ്. റൂമുകൾ, ഡോർമെറ്ററികൾ, വാർഡുകൾ, പ്രാർഥനാ ഹാൾ, ഭക്ഷണഹാൾ, കാന്റീൻ, സ്ത്രീ- പുരുഷ രോഗികൾക്ക് പ്രത്യേക സൗകര്യങ്ങൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള സൗകര്യങ്ങൾ, വായനാമുറികൾ, കൂടിയിരിപ്പുകേന്ദ്രം, കോൺഫറൻസ് ഹാളുകൾ, പഠന സദസ്സുകൾ, ആത്മീയ സദസ്സുകൾ, മാനസികോല്ലാസ വേദികൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളാണ് ഈ അഭയകേന്ദ്രത്തിലുള്ളത്. ഒപ്പം ആരോഗ്യ, സാന്ത്വന, ജീവകാരുണ്യ രംഗത്ത് പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയർമാരും. പരമാവധി സഹായങ്ങൾ ഏറ്റവും അർഹരായവരിലേക്ക് എത്തിക്കാനുള്ള മികച്ച സംവിധാനങ്ങളും ഇവിടെ തയ്യാർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്റർ, മെഡിക്കൽ കോളജ്, ശ്രീചിത്ര മെഡിക്കൽ സെന്റർ, എസ് എ ടി ആശുപത്രി എന്നിവയൊക്കെ ഒരു ചുറ്റുമതിലിനകത്തായതിനാൽ ജനനിബിഢമാണ്. കേരളത്തിന്റെ വടക്കേ അറ്റം മുതൽ ഇവിടേക്കെത്തുന്നവരിൽ മഹാഭൂരിപക്ഷവും സാധാരണക്കാരും ദരിദ്രരുമാണ്.

ഇങ്ങനെ ആർ സി സിയിൽ വരുന്ന രോഗികളിൽ പലർക്കും ഒരു ദിവസം വളരെ കുറഞ്ഞ സമയത്തെ ചികിത്സയായിരിക്കും ആശുപത്രിയിൽ വേണ്ടിവരിക. അഡ്മിറ്റ് ഉണ്ടാകില്ല. ഒരു ദിവസം ഒരു കീമോ, അല്ലെങ്കിൽ ഒരു ഇഞ്ചക്‌ഷൻ കഴിഞ്ഞ് പുറത്ത് പോകണം. എന്നാൽ ചിലർക്ക് ഇത് ഒന്നോ രണ്ടോ ദിവസങ്ങളായിരിക്കില്ല. നിശ്ചിത ഇടവേളകളിൽ തുടർച്ചയായി മൂന്ന് ദിവസം, ഒരാഴ്ച, പതിനഞ്ച് ദിവസം, ഇരുപത് ദിവസം, ഒരു മാസം എന്നിങ്ങനെയൊക്കെ ഡോക്ടർമാരുടെ നിർദേശാനുസരണം ചികിത്സ ഉണ്ടാകാം. രോഗത്തിന്റെ നിലയനുസരിച്ച് അങ്ങനെയാണ് ചികിത്സാ കോഴ്‌സുകൾ.

ഇത്തരക്കാർക്ക് ആശുപത്രിയിൽ അഡ്മിറ്റില്ലാത്തതിനാൽ, അത്രയും ദിവസം പുറത്ത് റൂമെടുത്ത് താമസിക്കണം. ഭക്ഷണം പുറത്ത് നിന്ന് വാങ്ങിക്കഴിക്കണം. മറ്റു ചെലവുകൾ പുറമെയും. ചികിത്സാ ചെലവുകൾക്കൊപ്പം ഇത് വലിയ സാമ്പത്തിക ബാധ്യതകളാണ് വരുത്തിവെക്കുന്നത്. സാമ്പത്തികമായി ഒത്തുപോകുന്നവർക്കാകട്ടെ, അസൗകര്യങ്ങളും പ്രയാസങ്ങളും മനസ്സിനിണങ്ങാത്ത അന്തരീക്ഷവും പ്രതിസന്ധിയാകുന്നു. സാധാരണ അവസ്ഥയിൽ തന്നെ സ്വന്തം വീടും സൗകര്യങ്ങളും വിട്ടുള്ള താമസം എത്രമാത്രം ക്ലേശകരമാണ്.

ഇത് കേരളത്തിന്റെ കരുതലാണ്. കേരളമൊന്നാകെ ഇതിലേക്ക് വിഭവം സമാഹരിച്ചു നൽകിയിട്ടുണ്ട്. കേരളം നൽകിയ ചെറിയ ദാനങ്ങൾ വലിയ തണലിടമാക്കി മാറ്റി എസ് വൈ എസ് തിരിച്ചുനൽകുകയാണ്.
ആ ജനകീയ പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിന്റെ വിജയമുദ്ര കൂടിയാണ് ഈ സാന്ത്വനകാര്യാലയം. ഐ സി എഫ് ഇതിനെ സ്വന്തം പദ്ധതിയായി ഏറ്റെടുത്തു. നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളിലും പ്രവാസികളുടെ പങ്ക് എടുത്ത് പറഞ്ഞേ മതിയാകു.

ഐ സി എഫിന്റെ മുൻ കൈയിൽ പ്രവാസികളുടെ കയ്യൊപ്പ് ഈ ആതുര സേവന കേന്ദ്രത്തിന്റ ഓരോ പടവുകളിലുമുണ്ട്. അവരുടെ അലിവിന്റെയും കനിവിന്റെയും കൈകൾ സംരംഭം പൂർത്തീകരിക്കുന്നതിൽ വലിയ സംഭാവനയായി. ജഗന്നിയന്താവ് സ്വീകരിക്കട്ടേയെന്ന് പ്രാർഥിച്ചുകൊണ്ട് അവന് ഒരായിരം സ്തുതിയർപ്പിക്കട്ടെ.

Latest