Connect with us

Kerala

സിപിഎമ്മിന്റെ വട്ടിയൂര്‍കാവിലെ വിജയം എന്‍ എസ് എസിനെ തള്ളി ആര്‍ എസ് എസിനെ ഉള്‍ക്കൊണ്ടതിനാല്‍ : കെ മുരളീധരന്‍ എംപി

Published

|

Last Updated

കോഴിക്കോട്: ഹിന്ദു വര്‍ഗീയതക്കെതിരെ മതേതര നിലപാട് സ്വീകരിച്ച എന്‍ എസ് എസിനെ തള്ളി ആര്‍ എസ് എസിനെ ഉള്‍ക്കൊണ്ടതിന്റെ താല്‍ക്കാലിക വിജയമാണ് സി പി എം വട്ടിയൂര്‍കാവില്‍ നേടിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഒരു സംഘം ജാതി പറഞ്ഞ് വോട്ട് തേടിയെന്നും മുരളീധരന്‍ ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിസംഗ നിലപാടാണ് സ്വീകരിച്ചത്. നല്ല കാലാവസ്ഥ ആണെങ്കില്‍ പോലും ഇതില്‍ കൂടുതല്‍ പേര്‍ വോട്ട് ചെയ്യില്ലെന്നാണ് താന്‍ കരുതുന്നത്. ഒന്നര കൊല്ലത്തേക്ക് എംഎല്‍എമാരെ തിരഞ്ഞെടുക്കാന്‍ എന്തിന് ഇവര്‍ക്ക് വോട്ട് ചെയ്യണമെന്നും ജനം ചിന്തിച്ചു. എംഎല്‍എമാര്‍ എംപി മാരായതും ജനങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കി. വട്ടിയൂര്‍കാവില്‍ ആര്‍എസ്എസ് വോട്ടുകള്‍ സിപിഎം മറിക്കുമെന്ന് തനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നിര്‍ഭാഗ്യവശാല്‍ ഈ വിവരം ലഭിച്ചില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇക്കാര്യം ബോധ്യമായി.കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്‍ എസ് എസ് അല്ല തങ്ങളാണെന്ന് തെളിയിക്കാന്‍ ആര്‍ എസ് എസ് വോട്ട് മറിക്കുകയായിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജാതി പറഞ്ഞ് വീടുകള്‍ കയറി വോട്ട് തേടി. അനിരുദ്ധന് ശേഷം ഈഴവ എംഎല്‍എ ഉണ്ടായില്ലെന്ന് പറഞ്ഞായിരുന്നു വോട്ട് പിടുത്തം. ഹൈന്ദവ സംഘടനയില്‍പ്പെട്ട എന്‍ എസ് എസ് ഹിന്ദു വര്‍ഗീയതക്കെതിരെ നിലപാട് എടുത്തു. എന്നാല്‍ എന്‍ എസ് എസിനെ തള്ളി ആര്‍ എസ് എസിനെ ഉള്‍ക്കൊണ്ടതിന്റെ താല്‍ക്കാലിക വിജയമാണ് വട്ടിയൂര്‍കാവില്‍ സിപിഎം നേടിയത്. വട്ടിയൂര്‍കാവില്‍ സംഘടനാപരമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പരമ്പരാഗത വോട്ടുക നഷ്ടപ്പെട്ടു. ഇക്കാര്യം അന്വേഷിക്കും- മുരളീധരന്‍ പറഞ്ഞു.

Latest