Connect with us

National

അഹന്തക്ക് തിരിച്ചടി; ഹരിയാനയിൽ ബി ജെ പി പ്രമുഖർ കൂപ്പുകുത്തി

Published

|

Last Updated

ക്യാപ്റ്റൻ അഭിമന്യു, കവിത ജെയ്ൻ, യോഗേശ്വർ ദത്ത്

ചണ്ഡീഗഢ്: ഹരിയാനയിൽ ബി ജെ പി 40 സീറ്റുകൾ നേടിയെങ്കിലും രണ്ട് പേരൊഴികെ പാർട്ടിയുടെ മന്ത്രിമാരെല്ലാം പരാജയപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കിട്ടിയ വോട്ടിൽ കുറവുമുണ്ടായിട്ടുണ്ട്. ഖട്ടാർ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ക്യാപ്റ്റൻ അഭിമന്യു, ഒ പി ധൻകാർ, റാം ബിലാസ് ശർമ, കവിത ജെയ്ൻ, കൃഷൻ ലാൽ പൻവാർ, മനീഷ് ഗ്രോവർ, കൃഷൻ കുമാർ ബേദി തുടങ്ങിയവർ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മനോഹർ ലാൽ ഖട്ടാർ സർക്കാറിന്റെ ഭരണപരാജയത്തിന്റെ തെളിവ് കൂടിയാണിത്.

ധനമന്ത്രി ക്യാപ്റ്റൻ അഭിമന്യു ജെ ജെ പിയുടെ റാം കുമാർ ഗൗതമിനോട് 12,000 വോട്ടുകൾക്കാണ് തോറ്റത്. ബി ജെ പിയുടെ മുൻ എം എൽ എ ആയിരുന്നു റാം കുമാർ ഗൗതം. ബി ജെ പിയുടെ മറ്റൊരു വൻ പരാജയം സിറ്റിംഗ് എം എൽ എ പ്രേം ലതയുടെതാണ്. മുൻ കേന്ദ്രമന്ത്രി ബിരേന്ദർ സിംഗിന്റെ ഭാര്യയായ പ്രേം ലതയെ ജെ ജെ പി നേതാവ് ദുഷ്യന്ത് ചൗത്താലയാണ് പരാജയപ്പെടുത്തിയത്. കായിക മേഖലയോടുള്ള ഹരിയാന ജനതയുടെ വികാരം മുതലെടുക്കാൻ ബി ജെ പി സ്ഥാനാർഥികളാക്കിയ ഗുസ്തി താരങ്ങളായ യോഗേശ്വർ ദത്തും ബബിത ഫൊഗട്ടും പരാജയപ്പെട്ടു. മുൻ ഹോക്കി ക്യാപ്റ്റൻ സന്ദീപ് സിംഗ് മാത്രമാണ് താമര ചിഹ്നത്തിൽ ജയിച്ച പ്രധാന കായികതാരം. ഇവരെല്ലാം തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു ബി ജെ പിയിൽ ചേർന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വോട്ട് ഓഹരി 22 ശതമാനം മാത്രമാണ്. മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 58 ശതമാനമായിരുന്നു വോട്ട് ഓഹരി.