Connect with us

Kerala

എൽ ഡി എഫ് കക്ഷിനില 93 ആയി; ജനവിധി സർക്കാറിനും സി പി എമ്മിനും ആത്മവിശ്വാസം നൽകുന്നത്

Published

|

Last Updated

തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ തറവാടായ പാലാക്ക് പിന്നാലെ രണ്ടര പതിറ്റാണ്ട് കാലം തുടർച്ചയായി കോൺഗ്രസ് കൈവശം വെച്ചിരുന്ന കോന്നിയും ജാതീയത മുൻനിർത്തി സ്വന്തമാക്കി വെച്ച വട്ടിയൂർക്കാവും പിടിച്ചെടുത്ത് ഇടതുമുന്നണി നടത്തിയ മികച്ച പ്രകടനം പിണറായി സർക്കാറിനും ഒപ്പം സി പി എമ്മിനും കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. പാലായിലെ ജനവിധി ഒറ്റപ്പെട്ടതല്ലെന്ന് തെളിയിച്ചുകൊണ്ടാണ് യു ഡി എഫിന്റെ കോട്ടകൾ വെട്ടിനിരത്തി ഇടതു സ്ഥാനാർഥികൾ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത്.

സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനവും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച് രാഷ്ട്രീയ പോരാട്ടമാണ് എൽ ഡി എഫ് ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രചാരണത്തിൽ ഭരണ നേട്ടങ്ങളും പാലാരിവട്ടം പോലുള്ളവ ചൂണ്ടിക്കാട്ടി മുൻ ഭരണ താരതമ്യത്തിനും അവസരം നൽകിയിരുന്നു.

ഭരണത്തിന്റെ മൂന്നാം വർഷത്തിൽ പ്രതിപക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകൾ ഒന്നൊന്നായി ഭരണകക്ഷി പിടിച്ചെടുക്കുന്ന അപൂർവതക്ക് കൂടിയാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇതോടെ 91 അംഗങ്ങളുമായി അധികാരത്തിൽ വന്ന എൽ ഡി എഫിന്റെ നിയമസഭയിലെ കക്ഷിനില 93 ആയി ഉയർന്നു. സർക്കാർ അധികാരമേറ്റശേഷം നടന്ന എട്ടിൽ നാല് ഉപതിരഞ്ഞെടുപ്പിലും എൽ ഡി എഫിനായിരുന്നു വിജയം. ഇതിൽ മൂന്നിടത്ത് യു ഡി എഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തായിരുന്നു എൽ ഡി എഫ് വിജയം. ചെങ്ങന്നൂരിൽ മൂന്നിരട്ടിയോളം ഭൂരിപക്ഷം വർധിച്ചപ്പോൾ പാലായിൽ യു ഡി എഫിന്റെ പൊന്നാപുരം കോട്ട തന്നെ പൊളിച്ചടുക്കിയാണ് ഇടതുമുന്നണി കൊടിനാട്ടിയത്. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി എം പി ആയപ്പോൾ ഒഴിവുവന്ന നിയമസഭാ സീറ്റും എറണാകുളം, മഞ്ചേശ്വരം, അരൂർ സീറ്റുകളുമാണ് യു ഡി എഫിന് വിജയിക്കാനായത്.

കോന്നിയിൽ കാൽ നൂറ്റാണ്ടിന് ശേഷവും വട്ടിയൂർക്കാവിൽ 10 വർഷം മുമ്പ്, മണ്ഡലം രൂപവത്കരിച്ച ശേഷം ആദ്യമായുമാണ് എൽ ഡി എഫ് വിജയിക്കുന്നത്. രണ്ടിടത്തും മികച്ച ഭൂരിപക്ഷം നേടുകയും ചെയ്തു. ഇതിൽ വട്ടിയൂർക്കാവിൽ 2016 ലെ മൂന്നാം സ്ഥാനത്തുനിന്നാണ് എൽ ഡി എഫ് വിജയത്തിലേക്ക് കുതിച്ചെത്തിയത്. പരാജയപ്പെട്ട അരൂരിലും എറണാകുളത്തും നേരിയ വ്യത്യാസത്തിനാണ് എൽ ഡി എഫിന് സീറ്റുകൾ കൈവിട്ടുപോയത്.
എറണാകുളത്ത് എൽ ഡി എഫ് സ്ഥാനാർഥിയുടെ അപരൻ 2,572 വോട്ട് പിടിക്കുകയും ചെയ്തു. മഞ്ചേശ്വരത്ത് മാത്രമാണ് യു ഡി എഫ് മെച്ചപ്പെട്ട വിജയം നേടിയത്. അമിത അവകാശവാദങ്ങളുമായി വന്ന ജാതി സംഘടനകൾക്ക് വോട്ടർമാർ നൽകിയ താക്കീതായി കൂടി ഈ ജനവിധി മാറി. ജാതി നോക്കി സ്ഥാനാർഥിയെ നിർത്തിയാലേ വിജയിക്കൂ എന്ന പ്രചാരണവും ഈ വിജയം അസ്ഥാനത്താക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത് താത്കാലിക തിരിച്ചടി മാത്രമാണെന്ന സി പി എം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ ശരിവെക്കുന്നതുകൂടിയാണ് ഈ ഫലം.

Latest