Connect with us

Kasargod

മഞ്ചേശ്വരത്ത് സി പി എമ്മിനെ വിശ്വാസം രക്ഷിച്ചില്ല

Published

|

Last Updated

കണ്ണൂർ: വിശ്വാസ പരീക്ഷണം മഞ്ചേശ്വരത്ത് സി പി എമ്മിനെ തുണച്ചില്ല. സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമായിരുന്നു സി പി എം വിശ്വാസത്തോടൊപ്പം നില കൊണ്ടത്. അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ മഞ്ചേശ്വരത്ത് ഒഴികെ വിശ്വാസത്തെ സി പി എം മറ്റൊരിടത്തും മുറുകെ പിടിച്ചുമില്ല. എന്നാൽ വിശ്വാസത്തെ കുറിച്ചുള്ള സി പി എമ്മിന്റെ പ്രസംഗവും നയം മാറ്റമൊന്നും ജനങ്ങളത്ര വിശ്വസിച്ചില്ലെന്ന് തെളിയിക്കുന്നതാണ് മഞ്ചേശ്വരത്തെ യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീന്റെ തിളക്കമാർന്ന വിജയം തെളിയിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ദയനീയ തോൽവിക്ക് കാരണം ശബരിമല വിഷയവും വിശ്വാസ സംരക്ഷണവുമൊക്കെയാണെന്ന് സി പി എമ്മും ഒടുവിൽ സമ്മതിച്ചതിനെ തുടർന്നായിരുന്നു വിശ്വാസികൾ ഭൂരിപക്ഷമുള്ള മഞ്ചേശ്വരത്ത് മാറ്റിപ്പിടിച്ചത്. ഹൈന്ദവ ഭൂരിപക്ഷ പ്രദേശമാണ് മഞ്ചേശ്വരം. അവരിൽ മഹാ ഭൂരിപക്ഷവും വിശ്വാസികൾ തന്നെ.

അതുകൊണ്ട് തന്നെയാണ് വിശ്വാസിയായ ശങ്കർറൈയെ സി പി എം രംഗത്തിറക്കിയത്. ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. താൻ വിശ്വാസിയാണെന്നും അയ്യപ്പ ഭക്തനാണെന്നും ശബരിമലയിൽ പോകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിശ്വാസത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ സി പി എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തം.
മഞ്ചേശ്വരത്ത് ലീഗിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാനും ബി ജെ പി വിജയിക്കാതിരിക്കാനും സി പി എം കണ്ട മാർഗമായിരുന്നു വിശ്വാസ സംരക്ഷണം. വിശ്വാസിയായ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിലൂടെ ഭൂരിപക്ഷ വോട്ടുകൾ പിടിച്ചെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
സ്ഥാനാർഥി രവിശ തന്ത്രിയെ ചൊല്ലി ബി ജെ പിയിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി അനുഭാവികളായ വിശ്വാസികളുടെ പിന്തുണയും ശങ്കർറൈക്ക് ലഭിക്കുമെന്നായിരുന്നു സി പി എമ്മിന്റെ കണക്കുകൂട്ടൽ.
പരസ്യമായി തന്നെ സ്ഥാനാർഥിയും മുന്നണി നേതാക്കളും വിശ്വാസത്തിന്റെ ഭാഗമായി നില കൊണ്ടു.

ആചാരാനുഷ്ടാനങ്ങളിൽ പങ്കെടുക്കുന്ന ആളെന്ന നിലയിൽ പാർട്ടിക്കതീതമായ വോട്ടുകൾ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശങ്കർറൈ പറയുകയുണ്ടായി. വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും കൂട്ടുപിടിച്ചായിരുന്നു സ്ഥാനാർഥിയുടെയും മുന്നണിയുടെയും പ്രചരണവും പ്രവർത്തനങ്ങളും.

Latest