Connect with us

Kerala

കോണ്‍ഗ്രസിന് നിയമസഭാംഗങ്ങളില്ലാത്ത അഞ്ചാമത്തെ ജില്ലയായി പത്തനംതിട്ട

Published

|

Last Updated

കോന്നിയും യു ഡി എഫിനെ കൈവിട്ടതോടെ പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ഇടതു മുന്നണിയുടെ കൈയിലായി. ഇതോടെ കോൺഗ്രസിന് നിയമസഭാംഗങ്ങളില്ലാത്ത അഞ്ചാമത്തെയും യു ഡി എഫിന് പ്രാതിനിധ്യമില്ലാത്ത രണ്ടാമത്തെയും ജില്ലയായി പത്തനംതിട്ട മാറി. ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ അപ്രതീക്ഷിത തിരിച്ചടിയാണ് യു ഡി എഫിന് നേരിടേണ്ടി വന്നത്. ഒരു മണ്ഡലം നഷ്ടമായെന്നതിനപ്പുറം ജില്ലയിൽ ഒരു കോൺഗ്രസ് എം എൽ എ വരെയില്ലാത്ത നിലയിലേക്കാണ് കോന്നിയിലെ തോൽവി കോൺഗ്രസിനെ എത്തിച്ചിരിക്കുന്നത്.

തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഓരോ മണ്ഡലമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൈയിലുണ്ടായിരുന്നത്. തൃശൂർ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്ന് അനിൽ അക്കരയും, പത്തനംതിട്ട കോന്നിയിൽ നിന്ന് അടൂർ പ്രകാശും. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടൂർപ്രകാശ് ജയിച്ചതോടെ ഒഴിവുവന്ന കോന്നി സി പി എമ്മിലെ ജനീഷ് പിടിച്ചെടുത്തതോടെ പത്തനംതിട്ടയും കോൺഗ്രസിന് നഷ്ടമായിരിക്കുകയാണ്.
പത്തനംതിട്ടക്ക് പുറമെ കാസർകോട്, കോഴിക്കോട്, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ നിന്ന് കോൺഗ്രസിന് നിയമസഭയിലേക്ക് ആരെയും എത്തിക്കാൻ കഴിഞ്ഞിട്ടില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ നാല് ജില്ലകളിൽ പ്രാതിനിധ്യമില്ലാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരുന്നു.

2016ൽ കാസർകോട്, കോഴിക്കോട്, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലായിരുന്നു കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും നേടിയ കോൺഗ്രസ് സഖ്യം ശക്തി തെളിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ തമ്മിൽതല്ലും പരസ്പരം പാരവെക്കലുമായി ഇത് തുടരാൻ കഴിയാത്ത അവസ്ഥയിലായി യു ഡി എഫ്.

Latest