Connect with us

Kerala

ഉപതിരഞ്ഞെടുപ്പ് ഫലം: കോൺഗ്രസിലെ ആഭ്യന്തരകലഹം പൊട്ടിത്തെറിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: സിറ്റിംഗ് സീറ്റുകളായ കോന്നിയിലും വട്ടിയൂർക്കാവിലും കോൺഗ്രസ് നേരിട്ട തോൽവി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമാകും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ മുൻ കെ പി സി സി പ്രഡിഡന്റുമാരായ വി എം സുധീരനും എം എം ഹസനും പരസ്യമായി രംഗത്തെത്തി. എം എൽ എമാരെ രാജിവെപ്പിച്ചത് തിരിച്ചടിയായെന്ന് എം എം ഹസനും, യു ഡി എഫിന് കിട്ടിയത് വൻ തിരിച്ചടിയാണെന്ന് വി എം സുധീരനും പ്രതികരിച്ചു. തൊലിപ്പുറത്തെ ചികിത്സയാണെങ്കിൽ കോൺഗ്രസ് ബുദ്ധിമുട്ടിലാകും. ആരാണ് പ്രശ്‌നമെന്നും എന്താണ് പാളിച്ചയെന്നും പറഞ്ഞേ മതിയാകൂ. രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ല. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക മാത്രമാണ് പരിഹാരമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

തങ്ങളുടെ സിറ്റിംഗ് സീറ്റുകളായ കോന്നിയിലും വട്ടിയൂർക്കാവിലും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് സംഘടനാ തലത്തിലെ പാളിച്ചയാണെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ. എറണാകുളത്ത് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞതും ആശങ്കയോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ ആരംഭിച്ച ഗ്രൂപ്പ് പോരും സ്ഥാനാർഥി നിർണയത്തെ തുടർന്നുണ്ടായ തർക്കങ്ങളും തിരിച്ചടിയുണ്ടാക്കിയെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു.

ഐ ഗ്രൂപ്പിന് അവകാശപ്പെട്ട വട്ടിയൂർക്കാവ് സീറ്റിൽ എൻ പീതാംബരക്കുറുപ്പിനെയാണ് ഐ ഗ്രൂപ്പ് നേതാക്കളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുരളീധരനും നിർദേശിച്ചത്. എന്നാൽ പ്രാദേശിക തലത്തിൽ പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കുന്നതിലുള്ള നേതാക്കളുടെ എതിർപ്പ് കാരണം കെ മോഹൻകുമാറിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. കെ മുരളീധരൻ രണ്ട് തവണ വിജയിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇവിടെയാണ് ഉപതിരഞ്ഞെടുപ്പിൽ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സ്ഥാനാർഥി വിജയിച്ചത്. ഐ ഗ്രൂപ്പിന്റെ നാല് സിറ്റിംഗ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോന്നിയൊഴികെ മറ്റിടങ്ങളിലെല്ലാം ഐ ഗ്രൂപ്പുകാർ തന്നെ സ്ഥാനാർഥികളായി എത്തി. കോന്നിയിൽ മാത്രമാണ് എ ഗ്രൂപ്പ് നോമിനിയായി പി മോഹൻ രാജ് സ്ഥാനാർഥിയായത്. ഇതിൽ കോന്നിയിലെ സിറ്റിംഗ് എം എൽ എയായിരുന്ന അടൂർ പ്രകാശിന് അതൃപ്തിയുണ്ടായിരുന്നു. വോട്ടെടുപ്പ് അടുത്ത ദിവസം അടൂർ പ്രകാശ് പ്രചാരണത്തിന് നിൽക്കാതെ വിദേശത്തേക്ക് പോയത് കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പുണ്ടാക്കി.

കോന്നിയിൽ തന്റെ നോമിനിയായ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു അടൂർ പ്രകാശ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളുകയും പകരം എ ഗ്രൂപ്പുകാരനായ പി മോഹൻരാജിനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു. ഇതും അടൂരിലെ കോൺഗ്രസിനുള്ളിൽ പ്രതിസന്ധിയുണ്ടാക്കി. ഇവിടെ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
എറണാകുളത്ത് ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞതും കോൺഗ്രസ് നേതൃത്വത്തിന് അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡൻ വിജയിച്ചത്. ഇത്തവണ ടി ജെ വിനോദിന്റെ ഭൂരിപക്ഷം 3,673 വോട്ടായി കുറഞ്ഞു. കോൺഗ്രസിന് ആശ്വാസം നൽകുന്ന ഏക കാര്യം അരൂരിലെ ഷാനിമോൾ ഉസ്മാന്റെ വിജയമാണ്.
ഉപതിരഞ്ഞെടുപ്പ് ഫലം ഭാവിയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ സജീവമായ ചർച്ചക്ക് വഴിവെക്കും. ഇതിന്റെ ആദ്യവെടി വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന കെ മോഹൻകുമാർ പൊട്ടിച്ച് കഴിഞ്ഞു. പലതും തുറന്നു പറയാനുണ്ടെന്നായിരുന്നു ഫലം അറിഞ്ഞയുടൻ കെ മോഹൻകുമാറിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കണമെന്ന് യു ഡി എഫിലും ആവശ്യമുയർന്നിട്ടുണ്ട്. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പിലെ പരാജയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest