Connect with us

Eranakulam

വെള്ളക്കെട്ട് മുതൽ അപരൻ വരെ; എറണാകുളം കലങ്ങിത്തെളിഞ്ഞത് പലവഴി

Published

|

Last Updated

കൊച്ചി: യു ഡി എഫിന്റെയും കോൺഗ്രസിന്റെയും ഉറച്ച മണ്ഡലമായിരുന്ന എറണാകുളം ഇത്തവണ ആടിയുലഞ്ഞതിന് പിന്നിൽ മഴ മുതൽ അപരൻ വരെ. വോട്ടിംഗ് ശതമാനം കുറഞ്ഞെങ്കിലും ഭൂരിപക്ഷം ഇത്രയും കുറയുമെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എൽ ഡി എഫ് മുന്നേറിയില്ലെങ്കിലും അവസാന റൗണ്ട് പൂർത്തിയായ ശേഷമേ യു ഡി എഫിന് ശ്വാസം വിടാനായുള്ളൂ. 20,000 ന് മുകളിൽ വോട്ട് നേടി ജയിച്ച ഹൈബി ഈഡന് മണ്ഡലം നിലനിർത്താനായെങ്കിലും, കോൺഗ്രസ് പ്രവർത്തകർക്ക് ഈ വിജയം വലിയ ആഹ്ലാദത്തിന് വകനൽകിയില്ല. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ആത്മവിശ്വസത്തോടെ മുന്നോട്ടുപോയ യു ഡി എഫ് വിജയമുറപ്പിച്ചാണ് പ്രചാരണത്തിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. ടി ജെ വിനോദിനെപ്പോലെ വർഷങ്ങളായി കോർപറേഷൻ ഭരണസമിതിയിൽ നഗരകേന്ദ്രിതമായി പ്രവർത്തിക്കുന്ന ഒരു നേതാവിന് പറ്റിയ എതിരാളിയല്ല എൽ ഡി എഫിന്റെ മനുറോയി എന്നായിരുന്നു പ്രാഥമികഘട്ടം മുതലുണ്ടായ വിലയിരുത്തൽ. ലത്തീൻ വോട്ടുകൾ നിർണായകമായ എറണാകുളം മണ്ഡലത്തിൽ അതിന് ഇളക്കം തട്ടുന്ന ഒന്നും ഉണ്ടാകാത്തതിനാൽ ഒരു വാക്കോവർ പ്രതീതി പ്രചാരണത്തിലുമുണ്ടായി. പി രാജീവ് എന്ന എറണാകുളത്തെ സി പി എം മുഖം ലോക്സഭാ തിരഞ്ഞെടുപ്പിൽ 30,000 വോട്ടുകൾക്ക് പിന്നിലായിരുന്നയതും യു ഡി എഫിന് ആത്മവിശ്വാസം നൽകിയിരുന്നു.

ഞായറാഴ്ച രാത്രി വരെ ഈ ആത്മവിശ്വാസത്തിലായിരുന്ന കോൺഗ്രസിനെ അവസാന നിമിഷം പ്രതിരോധത്തിലാക്കിയത് അപ്രതീക്ഷിതമായി പെയ്ത മഴയായിരുന്നു. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ദിവസം ഉച്ചവരെ നീണ്ടുനിന്ന മഴ നഗരത്തെ വെള്ളക്കെട്ടിലാക്കി. കോർപറേഷൻ ഭരിക്കുന്നത് കോൺഗ്രസ് ആയതിനാൽ വെള്ളക്കെട്ട് ആയുധമാക്കി ഇടതുമുന്നണി ഉണർന്ന് പ്രവർത്തിക്കുക തന്നെ ചെയ്തു.

അമിത ആത്മവിശ്വാസത്തിലായിരുന്ന കോൺഗ്രസ് പെട്ടെന്ന് പെയ്ത മഴയിൽ വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ വൈകി. എന്നാൽ ശക്തമായ സംഘടനാ സംവിധാനമുള്ള സി പി എം ജനങ്ങളുടെ പ്രതിഷേധം മുതലെടുത്ത് തങ്ങളുടെ വോട്ടുകൾ പെട്ടിയിലാക്കാൻ കുടപിടിച്ചിറങ്ങുകയായിരുന്നു. ഇത്തരത്തിൽ പോൾ ചെയ്യാതിരുന്ന വോട്ടുകൾ ഭൂരിഭാഗവും കോൺഗ്രസിന്റെ ഉറച്ച വോട്ടുകളായിരുന്നു എന്ന വിലയിരുത്തലിൽ ഇടതുമുന്നണി അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ഇടതുമുന്നണിക്ക് തിരിച്ചടിയായത് മനുവിന്റെ അപരൻ പിടിച്ച വോട്ടുകളായിരുന്നു. 3,750 വോട്ടുകൾക്കായിരുന്നു ടി ജെ വിനോദ് വിജയിച്ചത്. മനുവിന്റെ അപരൻ പിടിച്ചതാകട്ടെ 2,572 വോട്ടും. ഇത് എൽ ഡി എഫിന്റെ ഉറച്ച വോട്ടുകളായിരുന്നുവെന്നാണ് വിലയിരുത്തൽ.
ഈ വോട്ടുകൾ കൂടി വീണിരുന്നെങ്കിൽ കോൺഗ്രസ് കൂടുതൽ സമ്മർദത്തിലാകുമായിരുന്നു. മാത്രമല്ല കോർപറേഷൻ ഭരണത്തിനെതിരെയുള്ള എൽ ഡി എഫ് ആരോപണങ്ങൾക്ക് കുറേക്കൂടി മൂർച്ച വരികയും വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അത് കൂടുതൽ നിർണായകമാകുകയും ചെയ്യുമായിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി എൽ ഡി എഫിന് ആത്മവിശ്വാസം നൽകുന്ന ഫലമാണ് ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായത്.

Latest