Connect with us

Kerala

എങ്ങുമേശാതെ അബ്ദുല്ലക്കുട്ടി ഇഫക്ട്

Published

|

Last Updated

കണ്ണൂർ: എ പി അബ്ദുല്ലക്കുട്ടി ഇഫക്ടും ബി ജെ പിയുടെ രക്ഷക്കെത്തിയില്ല. ന്യൂനപക്ഷ പിന്തുണ ആർജ്ജിക്കാമെന്ന മോഹവും പാഴായി. മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്തായ എ പി അബ്ദുല്ലക്കുട്ടി ബി ജെ പിയിൽ ചേർന്നത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുള്ള ബി ജെ പി വിരോധത്തിന് വലിയ മാറ്റമുണ്ടാക്കുമെന്നായിരുന്നു നേതൃത്വം കരുതിയത്. അബ്ദുല്ലക്കുട്ടിയുടെ ബി ജെ പിയിലേക്കുള്ള കടന്നു വരവ് പ്രാദേശികമായി ബി ജെ പിയിൽ അത്ര രസിച്ചില്ലെങ്കിലും ദേശീയ, സംസ്ഥാന നേതൃത്വം വലിയ നേട്ടമായാണ് കൊണ്ടാടിയത്. ബി ജെ പിയിൽ ചേരുമെന്ന പ്രചാരണം നടക്കുമ്പോൾ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി അബ്ദുല്ലക്കുട്ടിയുടെ പേരും ഉയർന്നിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അബ്ദുല്ലക്കുട്ടിയെ പരിഗണിച്ചില്ല. എന്നാൽ മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂർക്കാവിലുമൊക്കെ ബി ജെ പി സ്ഥാനാർഥികൾക്ക് വേണ്ടി അബ്ദുല്ലക്കുട്ടി സജീവമായി രംഗത്തുണ്ടായിരുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങളിലായിരുന്നു അബ്ദുല്ലക്കുട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്.

മോദി സർക്കാറിനെ പ്രകീർത്തിച്ചും അദ്ദേഹത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങളെ ഖണ്ഡിച്ചുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം. ന്യൂനപക്ഷങ്ങളുടെ ബി ജെ പി വിരോധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ അബ്ദുല്ലക്കുട്ടിയും രക്ഷക്കെത്തിയില്ലെന്നും എല്ലാം വെറും തോന്നൽ മാത്രമാണെന്നും നേതൃത്വത്തിനും ബോധ്യമായിരിക്കുന്നു.

വോട്ടെണ്ണലിന് മുമ്പ് പാർട്ടിയിൽ ഉന്നത നേതൃസ്ഥാനം ലഭിച്ചത് നന്നായി. വോട്ടെണ്ണലിന് ശേഷമായിരുന്നുവെങ്കിൽ പാർട്ടിയിൽ വീണ്ടുവിചാരമുണ്ടായേനേ. ന്യൂനപക്ഷങ്ങളെ ബി ജെ പിയുമായി അടുപ്പിക്കലാണ് തന്റെ ദൗത്യമെന്ന് ബി ജെ പിയിൽ ചേർന്ന വേളയിൽ അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു. എന്നാൽ, ബി ജെ പിയോടുള്ള ന്യൂനപക്ഷ വിഭാഗത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്ന് തന്നെയാണ് ഉപ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഉപ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലുമാണ് ബി ജെ പിക്ക് കനത്ത ക്ഷീണം സംഭവിച്ചത്. ഉപാധ്യക്ഷനായി സ്ഥാനമേറ്റ അബ്ദുല്ലക്കുട്ടിക്ക് ഇനി ബി ജെ പിയിൽ പിടിച്ചു നിൽക്കാൻ ഏറെ പണിപ്പെടുമെന്നർഥം.

Latest