Connect with us

Kerala

ഉപതിരഞ്ഞെടുപ്പ് വിധി ജാതി രാഷ്ട്രീയത്തിന് മുന്നറിയിപ്പ്

Published

|

Last Updated

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ ജനവിധി ജാതി സംഘടനകളുടെ വിലപേശൽ രാഷ്ട്രീയത്തിന് വ്യക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്ന് അടിവരയിട്ട് പറയുന്ന ഉപതിരഞ്ഞെടുപ്പ് ഫലം പ്രധാനമായും താക്കീത് നൽകുന്നത് രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി ഇടപെടൽ നടത്തുന്ന എൻ എസ് എസിനാണ്.
സമദൂരത്തെ യു ഡി എഫിനനുകൂലമായ ശരിദൂരമാക്കി വ്യാഖ്യാനിച്ച എൻ എസ് എസ് നിലപാടിനെ ജനം പുച്ഛിച്ചു തള്ളിയെന്നാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും ഇടത് ഭൂരിപക്ഷം കാണിക്കുന്നത്.

വട്ടിയൂർക്കാവിലും കോന്നിയിലും എൻ എസ് എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച കെ മോഹൻ കുമാറും പി മോഹൻ രാജും ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോൾ അരൂരിൽ എസ് എൻ ഡി പി പിന്തുണച്ച മനു സി പുളിക്കലും പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളിൽ തോൽവിയുടെ രുചിയറിഞ്ഞു. മൂന്ന് മണ്ഡലങ്ങളിലും സാമുദായിക സംഘടനകൾ കൈയൊഴിഞ്ഞ സ്ഥാനാർഥികളെയാണ് വോട്ടർമാർ ഹൃദയത്തിലേറ്റിയത്.

നായർ സമുദായത്തിന് 40 ശതമാനത്തിലേറെ വോട്ടും എൻ എസ് എസിന് മികച്ച അടിത്തറയുമുള്ള വട്ടിയൂർക്കാവിൽ എൻ എസ് എസ് പരസ്യമായി പിന്തുണച്ച യു ഡി എഫ് സ്ഥാനാർഥി കെ മോഹൻ കുമാറിനെ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മലർത്തിയടിച്ചത്. എൻ എസ് എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ്സംഗീത് കുമാർ യു ഡി എഫിന് വേണ്ടി വട്ടിയൂർക്കാവിൽ പരസ്യമായി വോട്ടഭ്യർഥിച്ചതോടെയാണ് എൻ എസ് എസ് പിന്തുണ വിവാദമായത്. നിലപാട് പെരുമാറ്റ ചട്ട ലംഘനമാണെന്ന് വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ രംഗത്തുവന്നു.

എൻ എസ് എസിന്റെ നിലപാടിനെതിരെ എൽ ഡി എഫ് നേതാക്കളും സാമൂഹിക മാധ്യമങ്ങളും കൂടി രംഗത്തു വന്നതോടെ വട്ടിയൂർക്കാവിൽ എൻ എസ് എസ് പിന്തുണ യു ഡി എഫിന് പുലിവാലായി. എൻ എസ് എസ് പിന്തുണക്കെതിരെ എൽ ഡി എഫ് ഉയർത്തിയ വിമർശം നേരിടാൻ യു ഡി എഫ് നേതൃത്വം ഫലപ്രദമായി ശ്രമിച്ചില്ല. മണ്ഡലത്തിൽ മികച്ച മതേതര പ്രതിച്ഛായയുണ്ടായിരുന്ന മോഹൻ കുമാർ വെറും നായർ സ്ഥാനാർഥിയായി ചിത്രീകരിക്കപ്പെട്ടു. വട്ടിയൂർക്കാവിൽ പരമ്പരാഗതമായി യു ഡി എഫിന് ലീഡ് ലഭിക്കേണ്ട ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലകളിലുണ്ടായ തിരിച്ചടി സൂചിപ്പിക്കുന്നത് ഇതാണ്.
കോന്നിയിൽ പെരുന്നയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് പി മോഹൻരാജ് സ്ഥാനാർഥിയായത്. ശരിദൂരം തുണക്കുമെന്ന പ്രതീക്ഷ മോഹൻരാജിനുണ്ടായിരുന്നു. മികച്ച പ്രതിച്ഛായയുള്ള സ്ഥാനാർഥിയായിട്ടും മോഹൻ രാജും എൻ എസ് എസിന്റെ പരസ്യ പിന്തുണയിൽ വെറും നായർ സ്ഥാനാർഥിയായി വോട്ടർമാർക്കിടയിൽ മുദ്രകുത്തപ്പെട്ടു.
എസ് എൻ ഡി പിയുടെ പിന്തുണ പ്രതീക്ഷിച്ച്് അരൂരിൽ ഇറക്കിയ എൽ ഡി എഫ് സ്ഥാനാർഥി മനു സി പുളിക്കലിനെയും അരൂരിലെ വോട്ടർമാർ നിരാകരിക്കുകയായിരുന്നു.