Connect with us

Kerala

നാലിടത്ത് അടിവേരിളകി; തകർന്നടിഞ്ഞ് ബി ജെ പി

Published

|

Last Updated

കൊച്ചി: ഇടതു- വലതു മുന്നണികളുടെ ബലാബലത്തിനിടയിൽ അടവുകൾ പതിനെട്ടും പയറ്റിയെങ്കിലും ഉപതിരഞ്ഞെടുപ്പിലെ അഞ്ചിടത്തും ബി ജെ പിയെ വോട്ടർമാർ “നിലംപരിശാക്കി”. മോദി പ്രഭാവവും ശബരിമല വിഷയവും വീണ്ടും പുറത്തെടുത്തിട്ട് പ്രചാരണ രംഗത്ത് കളം നിറഞ്ഞിട്ടും ഒരിടത്തും ബി ജെ പിക്ക് വോട്ട് നേട്ടമുണ്ടായില്ല. സംഘ്പരിവാർ പ്രസ്ഥാനങ്ങളും ബി ഡി ജെ എസും ഒത്തുപിടിച്ചിട്ടും വിജയപ്രതീക്ഷ പുലർത്തിയിരുന്ന വട്ടിയൂർക്കാവിലും കോന്നിയിലും പ്രതീക്ഷിച്ച വോട്ടിന്റെ ഏഴയലത്തു പോലുമെത്താൻ പാർട്ടിക്കായില്ല.
മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരാനായതും 348 വോട്ട് വർധിച്ചതുമാണ് ഏക ആശ്വാസമെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ഇവിടെ ബി ജെ പിയുടെ പാരമ്പര്യ വോട്ടുകളിൽ ചോർച്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞ പാർലിമെന്റ്തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോൾ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി ബി ജെ പിക്ക് 44,637 വോട്ടുകളാണ് കുറഞ്ഞത്്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകളേക്കാൾ ഇരട്ടിയോളം വരും ഇത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിനേക്കാൾ 29,520 വോട്ടാണ് അഞ്ച് മണ്ഡലങ്ങളിൽ നിന്നുമായി ബി ജെ പിക്ക് ഇക്കുറി കുറഞ്ഞത്.

വിജയപ്രതീക്ഷ പുലർത്തിയിരുന്ന വട്ടിയൂർക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ലെന്നത് ബി ജെ പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വട്ടിയൂർക്കാവിൽ ഇക്കുറി 23,258 വോട്ടിന്റെ കുറവാണ് ബി ജെ പിക്കുണ്ടായത്. 2019 ൽ 50,709 ഉം 2016ൽ 43,700 ഉം വോട്ടുകളാണ് ബി ജെ പി ഇവിടെ നേടിയിരുന്നത്. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ് നേടിയ 12,934 വോട്ടിൽ നിന്നാണ് വലിയ വോട്ട് വിഹിതത്തിലേക്ക് ബി ജെ പിക്ക് ഇവിടെ എത്താനായിരുന്നത്.
എൽ ഡി എഫ് സ്ഥാനാർഥിയായ മേയർ വി കെ പ്രശാന്തിന്റെ ജനസമ്മതിക്ക് മുന്നിൽ ബി ജെ പിയിറക്കിയ സകല അടവുകളും തകർന്നടിയുകയായിരുന്നുവെന്നാണ് വോട്ട് നിലയിൽ നിന്ന് വ്യക്തമാകുക. പാർലിമെന്റ്തിരഞ്ഞടുപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ശബരിമല ചർച്ചയാക്കി വീണ്ടുമെത്തിയ കെ സുരേന്ദ്രന് കോന്നിയിൽ പാർലിമെന്റ്തിരഞ്ഞെടുപ്പിനേക്കാൾ 6,720 വോട്ടിന്റെ കുറവാണുണ്ടായത്. 39,786 വോട്ടുകളാണ് സുരേന്ദ്രന് ഇവിടെ ലഭിച്ചത്. 2019 ൽ 45,506 വോട്ടുകൾ നേടിയിരുന്നു. 2016ൽ 16,713 വോട്ടുകൾ മാത്രമാണ് ബി ജെ പിക്ക് ഇവിടെ ലഭിച്ചിരുന്നത്.

കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടുമായി ഒത്തുനോക്കിയാൽ എറണാകുളത്ത് 4,510 വോട്ടും അരൂരിൽ 10,149 വോട്ടും ബി ജെ പിക്ക്് കുറഞ്ഞു. എറണാകുളത്ത് 2016ൽ 14,878 ഉം 2019ൽ 17,769 വോട്ടുകളും ഉണ്ടായിരുന്ന ബി ജെ പിക്ക് ഇത്തവണ 13,351 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബി ഡി ജെ എസിൽ നിന്ന് ഏറ്റെടുത്ത് മത്സരിച്ച അരൂരിലും ബി ജെ പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ബി ജെ പിക്കായി മത്സരിച്ച യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിന് ഇവിടെ 16,215 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2016ൽ ബി ഡി ജെ എസിന്റെ അനിയപ്പൻ ഇവിടെ 27,753 വോട്ടുകൾ പിടിച്ചിരുന്നു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരാനായതാണ് ഏക ആശ്വാസമെന്ന് വിശ്വസിക്കുമ്പോഴും പാരമ്പര്യവോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇവിടെ 2016ൽ കെ സുരേന്ദ്രൻ 56,781 വോട്ടുകൾ നേടി മുസ്്ലിം ലീഗിലെ പി ബി അബ്ദുൽറസാഖിനോട് 89 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രവീശ തന്ത്രി കുണ്ടാർ 57,104 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ 380 വോട്ടുകൾ വർധിച്ച് അത് 57,484 ആയെങ്കിലും ബി ജെ പി യുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വോട്ട് ചോർച്ചയുണ്ടായെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്.

സ്ഥാനാർഥി നിർണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിന്റെ ദിശാബോധമില്ലായ്മയും ബി ജെ പി ക്ക് തിരിച്ചടിയായെന്നാണ് പാർട്ടിക്കുള്ളിലെ പ്രാഥമിക വിലയിരുത്തൽ. ശബരിമല വിഷയത്തിൽ അനുകൂല വികാരമുണ്ടായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് പോലും നിലനിർത്താൻ കഴിയാത്തത് വരും ദിവസങ്ങൾക്കുള്ളിൽ പാർട്ടിക്കുള്ളിൽ വലിയ കലാപങ്ങൾക്കിടയാകുമെന്ന് ഉറപ്പാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി