Connect with us

Kerala

ചെന്നിത്തല- സുകുമാരൻ നായർ "സഖ്യ'ത്തിന് തിരിച്ചടി

Published

|

Last Updated

തിരുവനന്തപുരം: സിറ്റിംഗ് സീറ്റുകളിൽ യു ഡി എഫ് പരാജയം ഏറ്റുവാങ്ങിയത് ഏറ്റവും കൂടുതൽ ബാധിക്കുക ചെന്നിത്തല -സുകുമാരൻ നായർ ബാന്ധവത്തെ. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ തിരിച്ചടി എൻ എസ് എസ് നേതൃത്വത്തെ മാത്രമല്ല മറിച്ച് എൻ എസ് എസിന്റെ ശക്തമായ പിന്തുണയുള്ള ചെന്നിത്തലയെക്കൂടിയാണ് ബാധിക്കുക. വട്ടിയൂർക്കാവിലേയും കോന്നിയിലേയും യു ഡി എഫ് സ്ഥാനാർഥി നിർണയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ എൻ എസ് എസ്, തിരഞ്ഞെടുപ്പ് തോൽവിയിൽ ഞെട്ടിയിരിക്കുകയാണ്. എൻ എസ് എസിനെ വഴിവിട്ട് അംഗീകരിച്ച ചെന്നിത്തലയാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.

കോൺഗ്രസിനുള്ളിൽ എൻ എസ് എസിനുണ്ടായിരുന്ന സ്വാധീനം നിലനിർത്തി അതു വഴി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിലപേശൽ ശക്തിയായി നിലനിർത്തുകയെന്ന സ്വപ്‌നമാണ് ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ പൊലിഞ്ഞു പോയത്. കോൺഗ്രസിനുള്ളിലെ എ-ഐ പോരാട്ടത്തിൽ എന്നും ചെന്നിത്തലക്ക് ശക്തമായ പിന്തുണയുമായി നിന്നത് എൻ എസ് എസ് സംസ്ഥാന സെക്രട്ടറി സുകുമാരൻ നായരായിരുന്നു. അഞ്ചാം മന്ത്രി വിവാദത്തിൽ ചെന്നിത്തലക്കു വേണ്ടി നിലയുറപ്പിച്ച് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്് നൽകുന്നതിൽ സുകുമാരൻ നായർ നിർണായകമായ പങ്കാണ് വഹിച്ചത്.
സമദൂരമെന്ന എൻ എസ് എസിന്റെ ദീർഘകാല നിലപാട് മാറ്റി ശരിദൂരമെന്ന സിദ്ധാന്തം കൊണ്ടു വരികയും രാഷ്ട്രീയത്തിൽ വ്യക്തിപരമായി ഇടപെടുകയും ചെയ്യുന്ന നേതാവായാണ് കേരള രാഷ്ട്രീയം സുകുമാരൻ നായരെ കാണുന്നത്. സമീപ കാലത്തെ എൻ എസ് എസിന്റെ രാഷ്ട്രീയം നോക്കിയാൽ ഇത് വ്യക്തമാവുകയും ചെയ്യും.

മാതൃഭൂമിയിലെ മീശ നോവൽ വിഷയത്തിൽ വിശ്വാസപരമായാണ് സുകുമാരൻ നായർ നിലപാട് കൈക്കൊണ്ടത്. മാതൃഭൂമിയെ പ്രതിസന്ധിയിലാക്കും വിധം വിഷയം സമുദായ അംഗങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ വന്ന ശബരിമലയിലെ യുവതീ പ്രവേശ വിഷയത്തിലും സുകുമാരൻ നായർ ഇടപെട്ടു. പെട്ടെന്ന് വിശ്വാസ സംരക്ഷകരുടെ നേതാവായ സുകുമാരൻ നായർ കൈക്കൊണ്ട നിലപാട് ആർ എസ് എസിനൊപ്പം നിലകൊള്ളുന്നതായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വീണ്ടും കോൺഗ്രസ് പക്ഷത്തേക്ക് വന്ന സുകുമാരൻ നായർ ശബരിമലയിൽ കേന്ദ്രവും സംസ്ഥാനവും വഞ്ചിച്ചെന്ന നിലപാടും കൈക്കൊണ്ടു. ലോക്‌സഭയിൽ ജയിച്ചതോടെ കോൺഗ്രസും ചെന്നിത്തലയും സുകുമാരൻ നായരെ പ്രതീക്ഷയോടെയാണ് കണ്ടത്.

വട്ടിയൂർക്കാവിലേയും കോന്നിയിലേയും സ്ഥാനാർഥി നിർണയത്തിൽ എൻ എസ് എസ് ഇടപെടൽ അനുസരിച്ച ചെന്നിത്തലയും കോൺഗ്രസും വെട്ടിലായിരിക്കുകയാണ്. അനാവശ്യമായി സുകുമാരൻ നായരെ കേട്ടതു കൊണ്ടാണ് തോറ്റതെന്ന വികാരം കോൺഗ്രസിനുള്ളിൽ തന്നെയുണ്ട്. കോന്നിയിൽ അടൂർ പ്രകാശ് മുന്നോട്ട് വെച്ച റോബിൻ പീറ്ററിനെ ചെന്നിത്തല അംഗീകരിച്ചിരുന്നില്ല.

കോൺഗ്രസിന്റെ സ്ഥാനാർഥി പഴകുളം മധുവിന് പകരം മോഹൻരാജിനെ സ്ഥാനാർഥിയാക്കിയത് സുകുമാരൻ നായരുടെ നിർദ്ദേശപ്രകാരമായിരുന്നു. വട്ടിയൂർക്കാവിൽ കെ മുരളീധരൻ ആവശ്യപ്പെട്ടത് പീതാംബര കുറുപ്പിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ അംഗമായ മോഹൻ കുമാറിന് വേണ്ടി വാദിച്ചത് സുകുമാരൻ നായരായിരുന്നു. തിരുവനന്തപുരം താലൂക്ക് യൂനിയന്റെ നേതൃത്വത്തിൽ യു ഡി എഫ് സ്ഥാനാർഥിക്കായി പരസ്യപ്രചാരണം തന്നെ നടത്തിയിരുന്നു. ചുരുക്കത്തിൽ വട്ടിയൂർക്കാവിലും കോന്നിയിലും സി പി എം ജയിക്കുമ്പോൾ തോൽക്കുന്നത് സുകുമാരൻനായരും ചെന്നിത്തലയും കൂടിയാണ്.