Connect with us

National

ബിഹാറിലും ഗുജറാത്തിലും എൻ ഡി എക്ക് തിരിച്ചടി; അക്കൗണ്ട് തുറന്ന് ഉവൈസി

Published

|

Last Updated

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പുകളിൽ ബിഹാറിലും ഗുജറാത്തിലും എൻ ഡി എക്ക് തിരിച്ചടി. ബി ജെ പി പ്രധാന സഖ്യകക്ഷിയായ ബിഹാറിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും എൻ ഡി എ പരാജയപ്പെട്ടു. ഗുജറാത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്താണ് ബി ജെ പിക്ക് മേൽക്കൈയുള്ളത്. ഉത്തർപ്രദേശിൽ 11, ഗുജറാത്തിൽ ആറ്, ബിഹാറിൽ അഞ്ച്, അസമിലും പഞ്ചാബിലും നാല് വീതം, സിക്കിമിൽ മൂന്ന്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ രണ്ട് വീതം, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, പുതുച്ചേരി, മേഘാലയ, തെലങ്കാന എന്നിവിടങ്ങളിൽ ഓരോന്ന് വീതം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.
യു പിയിലെ 11 മണ്ഡലങ്ങളിൽ ബി ജെ പി ഏഴ് സീറ്റിലും സഖ്യകക്ഷിയായ അപ്നാ ദൾ(എസ്) ഒരു സീറ്റിലുമാണ് വിജയിച്ചത്. സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും വിജയിച്ചു. പടിഞ്ഞാറൻ യു പിയിലെ ഗൻഗോഹ് സീറ്റിൽ തട്ടിപ്പ് ആരോപണവുമുയർന്നിട്ടുണ്ട്. ആദ്യം മുതലേ കോൺഗ്രസാണ് ഇവിടെ ലീഡ് ചെയ്തതെങ്കിലും ഉച്ചക്ക് ശേഷം ബി ജെ പിയായി.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇതിൽ തട്ടിപ്പ് ആരോപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പോകാൻ കോൺഗ്രസ് സ്ഥാനാർഥിയോട് ആവശ്യപ്പെട്ടെന്നും ഫലത്തിൽ കൈകടത്തിൽ നടത്തിയെന്നും അവർ പറഞ്ഞു. ബിഹാറിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ രാം വിലാസ് പാസ്വാന്റെ ലോക് ജൻ ശക്തിപാർട്ടി സമസ്തിപൂർ മണ്ഡലം നിലനിർത്തി. അസദുദ്ദീൻ ഉവൈസിയുടെ എ ഐ എം ഐ എം കിഷൻഗഞ്ചിൽ അക്കൗണ്ട് തുറന്നതാണ് ബിഹാറിൽ ശ്രദ്ധേയമായത്. ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദൾ (ആർ ജെ ഡി) രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചു. ജനതാദളിന് ഒരു സീറ്റാണ് ലഭിച്ചത്. ഒന്ന് സ്വതന്ത്രനും. അസമിൽ നാല് നിയമസഭാ സീറ്റുകളിൽ മൂന്നിലും ഭരണകക്ഷിയായ ബി ജെ പി വിജയിച്ചു. ഒരു സീറ്റ് ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനാണ്. ബി ജെ പി ഭരിക്കുന്ന ഹിമാചലിലെ ധർമശാല, പച്ചാദ് സീറ്റുകൾ നിലനിർത്തി.

പഞ്ചാബിൽ കോൺഗ്രസ് മൂന്ന് സീറ്റുകളിൽ ജയിച്ചു. ഒരു സീറ്റ് ശിരോമണി അകാലിദളിനാണ്. രാജസ്ഥാനിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ കോൺഗ്രസും മറ്റൊന്നിൽ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയും വിജയിച്ചു.
കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലെ ഒരു സീറ്റിൽ പാർട്ടി ജയിച്ചു. അരുണാചൽ പ്രദേശിലെ ഖൊൻസാ വെസ്റ്റിൽ സ്വതന്ത്രനായ അസേത് ഹൊംതോക് ആണ് ജയിച്ചത്. ഛത്തീസ്ഗഢിലെ ഒരു സീറ്റിൽ കോൺഗ്രസ് ജയിച്ചു.
മേഘാലയയിൽ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്കാണ് വിജയം. ഒഡീഷയിൽ ഭരണകക്ഷിയായ ബിജു ജനതാ ദൾ (ബി ജെ ഡി) ഒരു മണ്ഡലത്തിൽ വിജയിച്ചു. പുതുച്ചേരിയിൽ കോൺഗ്രസിനാണ് വിജയം. സിക്കിമിൽ രണ്ട് സീറ്റിൽ ബി ജെ പിയും ഒന്നിൽ സിക്കിം ക്രാന്തികാരി മോർച്ചയും ജയിച്ചുകയറി. തമിഴ്‌നാട്ടിലെ രണ്ട് സീറ്റിലും ഭരണകക്ഷിയായ എ ഐ എ ഡി എം കെ ജയിച്ചു.
തെലങ്കാനയിലെ ഒരു മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്) ജയിച്ചു. മഹാരാഷ്ട്രയിലെ സതാര ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൻ സി പിയാണ് മുന്നിട്ടു നിന്നത്.