Connect with us

National

ഹരിയാനയിലെ തിരിച്ചടി വിശ്വസിക്കാനാകാതെ ബി ജെ പി; മുഖ്യമന്ത്രി ഖട്ടറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

Published

|

Last Updated

ഛത്തീസ്ഗഢ്: ഹരിയാനയിലെ തിരിച്ചടി വിശ്വസിക്കാനാകാതെ ബി ജെ പി നേതൃത്വം. ആകെയുള്ള 90ല്‍ 38 സീറ്റുകളില്‍ മാത്രമാണ് ബി ജെ പിക്ക് ലീഡുള്ളത്. ബി ജെ പിയുടെ പല മന്ത്രിമാരും തിരഞ്ഞെടുപ്പില്‍ പിന്നോട്ട് തള്ളപ്പെട്ടു. പാര്‍ട്ടി മുന്നോട്ടുവച്ച മിഷന്‍ 75ന് തിരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കാനായില്ല എന്നതാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 33 സീറ്റുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു.

ജനനായക് ജനതാ പാര്‍ട്ടിയെയും (ജെ ജെ പി) യെയും സ്വതന്ത്രരെയും കൂട്ടുപിടിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ജെ ജെ പി നേതാവ് ദുഷ്യന്ത് ചൗതാലക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. പത്ത് സീറ്റുകളില്‍ ജെ ജെ പിക്ക് ലീഡുണ്ട്. സര്‍ക്കാര്‍ രൂപവത്കരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയെ സോണിയാ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

ഹരിയാനയില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ബി ജെ പി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അമിത് ഷായും ഡല്‍ഹിക്ക് വിളിപ്പിച്ചു. തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന പാര്‍ട്ടി തലവന്‍ സുഭാഷ് ബറാല രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്ന് ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ (ഐ ടി ബി പി) ചടങ്ങ് ഉള്‍പ്പടെ താന്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടികളില്‍ നിന്ന് അമിത് ഷാ പിന്മാറിയതായി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ലക്ഷ്യത്തില്‍ നിന്ന് വളരെ താഴേക്ക് പോയതു സംബന്ധിച്ച് ആത്മപരിശോധന നടത്തുമെന്ന് ബി ജെ പി ഉപാധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തി സജീവ പ്രചാരണം നടത്തിയിട്ടും കനത്ത തോതില്‍ പിന്തള്ളപ്പെട്ടു പോയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. വലിയ ശതമാനം വോട്ടര്‍മാരുള്ള ജാട്ട് സമുദായത്തിന് സ്വാധീനമുള്ളയിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മോദിയുടെ പ്രചാരണം. സഖ്യ കക്ഷിയായ അകാലിദള്‍ വഴി ദുഷ്യന്ത് ചൗതാലയെ സ്വാധീനിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമം ബി ജെ പിയും നടത്തുന്നുണ്ട്. ചൗതാലയുമായി അകാലിദള്‍ തലവന്‍ പ്രകാശ് സിംഗ് ബാദല്‍ ചര്‍ച്ച നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ലീഡ് മാത്രമാണെന്നും ഫലം വരാന്‍ സമയമെടുക്കുമെന്നും ബി ജെ പി വക്താവ് നവീന്‍ കുമാര്‍ പറഞ്ഞു. അതിനാല്‍ത്തന്നെ ചിത്രം വൈകിയേ വ്യക്തമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.