Connect with us

Kerala

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ജാതിമത സങ്കുചിത ശക്തികള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് വേരോട്ടമില്ലെന്ന് തെളിയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി-മത് ശക്തികള്‍ക്ക് നേരെ അവര്‍ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വിജയമാണിത്. വര്‍ഗീതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാല അടക്കം ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലത്തില്‍ ഒന്നില്‍ മാത്രമായിരുന്നു എല്‍ ഡി എഫ് ജയിച്ചിരുന്നത്. ബാക്കി അഞ്ച് മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന് ഒരിക്കലും കടന്നു ചെല്ലാന്‍ പറ്റാത്ത തരത്തില്‍ യു ഡി എഫിന്റെ കോട്ടകളായിരുന്നു. ഇതില്‍ മൂന്നിടത്ത് എല്‍ ഡി എഫ് ജയിച്ചിരിക്കുന്നു. അരൂരില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എല്‍ ഡി എഫിന് 91 എം എല്‍ എമാരായിരുന്നു. ഇപ്പോഴത് 93 ആയി. 2016മായി താരതമ്യപ്പെടുത്തിയാല്‍ എല്‍ ഡി എഫിന്റെ ജനപിന്തുണ വര്‍ധിച്ചിരിക്കുന്നു. ഉപതിരഞ്ഞെടുപ്പ് മൊത്തതില്‍ പരിശോധിച്ചാല്‍ എല്‍ ഡി എഫ് വോട്ടുകള്‍ വര്‍ധിപ്പിക്കാനായി. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന ഉറച്ച പിന്തുണയായാണ് ഇത് കാണുന്നത്. പാല ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് ആവര്‍ത്തിച്ചിരിക്കുന്നു.

വട്ടിയൂര്‍കാവില്‍ പ്രശാന്തിന്റെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ദിശാ സൂചകമാണ്. എല്‍ ഡി എഫ് മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മണ്ഡലമാണിത്. യു ഡി എഫ്, ബി ജെ പി ശക്തി കേന്ദ്രങ്ങളില്‍ അടക്കം നല്ല മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. ഇതില്‍ യുവജനങ്ങളുടെ ഇടപെടല്‍ ശ്രദ്ധേയമാണ്.
വട്ടിയൂര്‍കാവും കോന്നിയും പിടിക്കുമെന്ന് പറഞ്ഞ ബി ജെ പിക്ക് ഫലപ്രദമായ മത്സരം പോലും നടത്താന്‍ കഴിഞ്ഞില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഉണ്ടാക്കിയ കൃത്രിമ പ്രതീതി ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് അപ്രത്യക്ഷമാകുകയാണ്. എല്‍ ഡി എഫ് ജയച്ച മണ്ഡലത്തില്‍ മാത്രമല്ല, യു ഡി എഫ് ജയിച്ച മണ്ഡലങ്ങളും പരിശോധിച്ചാല്‍ വ്യക്തമാകും.

സംസ്ഥാന സര്‍ക്കാറിനുള്ള അംഗീകരമാണ് തിരഞ്ഞെടുപ്പ് വിജയം. വിജയിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളേയും അഭിനന്ദിക്കുന്നു. അരൂരിലുണ്ടായ പ്രത്യേക സാഹചര്യം എന്താണെന്ന് വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest