Connect with us

Kerala

രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് നിരാശ മാത്രം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാനാകാതെ ബി ജെ പി. ദേശീയ തലത്തില്‍ വലിയ മൂന്നേറ്റം രാജ്യം ഭരിക്കുന്ന പാര്‍ട്ടി നേടുമ്പോള്‍ കേരളത്തില്‍ ഒന്നും ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മൂന്നിടത്ത് ജയിക്കുമെന്നും രണ്ടിടത്ത് മികച്ച പ്രകടനം നടത്തുമെന്നും അവകാശപ്പെട്ട ബി ജെ പിക്ക് വലിയ നിരാശയാണ് ഉപതിരഞ്ഞെടുപ്പ് സമ്മാനിച്ചത്.

പതിവ് പോലെ മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയ ബി ജെ പി മറ്റിടങ്ങളിലെല്ലാം മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. മൊത്തത്തിലെടുത്താല്‍ വോട്ട് വിഹിതത്തില്‍ വലിയ കുറവുമുണ്ടായി,

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലതികമായി മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരുന്ന ബി ജെപിക്ക് 348 വോട്ട് മാത്രമാണ് മഞ്ചേശ്വരത്ത് വര്‍ധിച്ചത്. അതേ സമയം മറ്റെല്ലായിടങ്ങളിലും നേരത്തെ ലഭിച്ച വോട്ടുകള്‍ ഗണ്യമായി കുറയുകയും ചെയ്തു.ശബരിമല വിഷയം പ്രചാരണായുധമാക്കിയിട്ടും നേട്ടത്തിനേക്കാളേറെ കോട്ടമാണ് ഉണ്ടായത്.

വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബി ജെ പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന മണ്ഡലത്തില്‍ അവസാന ഘട്ടത്തിലാണ് അദ്ദേഹത്തെ വെട്ടി എസ് സുരേഷ് സ്ഥാനാര്‍ഥിയായത്്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തിക്കിടയാക്കിയിരുന്നു. കുമ്മനത്തിനായി നേരത്തെ സജീവമായി രംഗത്തുണ്ടായിരുന്ന ആര്‍ എസ് എസ് നിര്‍ജീവമായിരുന്നു. 27453 വോട്ടുകള്‍ മാത്രമാണ് സുരേഷിന് വട്ടിയൂര്‍ക്കാവില്‍ നേടാനായത്. 2019ല്‍ 50709 ഉം 2016ല്‍ 43700 ഉം വോട്ടുകള്‍ ബി ജെ പി ഇവിടെ നേടിയിരുന്നു.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ രണ്ടാം സ്ഥാനം ലഭിച്ച ആത്മവിശ്വാസവുമായി മഞ്ചേശ്വരത്ത് നിന്നും കോന്നയിലേക്ക് വണ്ടികയറിയ കെ സുരേന്ദ്രും നിരാശ മാത്രമാണ് ലഭിച്ചത്. 2019ല്‍ നേരിയ വോട്ടുകളുടെ വ്യത്യാസം മാത്രമേ മൂന്നാം സ്ഥാനത്തായിരുന്ന കെ സുരേന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വീണാ ജോര്‍ജ്ജും തമ്മിലുണ്ടായിരുന്നുള്ളൂ. കേവലം 440 വോട്ടുകളുടെ വ്യത്യാസം മാത്രം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ തൊട്ടടുത്തേക്ക് പോലും സുരേന്ദ്രനെത്താനായില്ല.

സഭാ തര്‍ക്കത്തില്‍ എല്‍ ഡി എഫുമായും യു ഡി എഫുമായും പിണങ്ങി നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദം കെ സുരേന്ദ്രന്‍ നടത്തിയിരുന്നെങ്കിലും വോട്ട് എണ്ണിയപ്പോള്‍ ഇതും പ്രതിഫലിച്ചില്ല. 39786 വോട്ടുകളാണ് സുരേന്ദ്രന് ഇവിടെ ലഭിച്ചത്. 2019ല്‍ സുരേന്ദ്രന്‍ ഇവിടെ 45506 വോട്ടുകള്‍ നേടിയിരുന്നു.

മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് തുടരനായതാണ് ഈ ഉപതിരഞ്ഞെടുപ്പിലെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഏക ആശ്വാസം. ഇവിടെ 2016ല്‍ സുരേന്ദ്രന്‍ 56781 വോട്ടുകള്‍ നേടി മുസ്ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. 2019ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാര്‍ 57104 വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ 380 വോട്ടുകള്‍ വര്‍ധിപ്പിച്ച് അത് 57484 വോട്ടുകളാക്കിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എറണാകുളത്ത് ബി ജെ പി സ്ഥാനഥി സി ജി രാജഗോപാലിന് 13351 വോട്ട് മാത്രമാണ് ലഭിച്ചത്. 2016ല്‍ 14878 ഉം 2019ല്‍ 17769 വോട്ടുകളും നേടിയിടത്താണിത്. ബി ഡി ജെ എസില്‍ നിന്ന് ഏറ്റെടുത്ത് മത്സരിച്ച അരൂരിലും ബി ജെ പിക്ക് കനത്ത തിരിച്ചടി ലഭിച്ചു. ബി ജെ പിക്കായി മത്സരിച്ച യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് ഇവിടെ 16215 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2016ല്‍ ബി ഡി ജെ എസിന്റെ അനിയപ്പന്‍ ഇവിടെ 27753 വോട്ടുകള്‍ പിടിച്ചിരുന്നു. നേരത്തെ നടന്ന പാലാ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു.