Connect with us

Editorial

പിതൃസ്‌നേഹം നിഷേധിക്കരുത്

Published

|

Last Updated

വിവാഹ മോചനവും മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥത്വം പേറേണ്ടി വരുന്ന മക്കളുടെ എണ്ണവും വര്‍ധിച്ചു കൊണ്ടിരിക്കെ പ്രസക്തവും സ്വാഗതാര്‍ഹവുമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി ഉത്തരവ്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാലും സന്താനങ്ങള്‍ക്ക് ഇരുവരുടെയും സ്‌നേഹത്തിനു അര്‍ഹതയുണ്ടെന്നും മാതാവിന്റെയും പിതാവിന്റെയും ഭാഗത്തു നിന്ന് ഇത് നിഷേധിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകരുതെന്നുമായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബഞ്ചിന്റെ വിധിപ്രസ്താവം. മാതാപിതാക്കള്‍ക്ക് കുട്ടിയെ കാണാനുള്ള അനുമതി നല്‍കുമ്പോള്‍ ഈ അവകാശം നിഷേധിക്കപ്പെടാതിരിക്കാന്‍ കുടുംബ കോടതികള്‍ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി ഉണര്‍ത്തി.
മാതാവിനൊപ്പം കുട്ടിയെ വിട്ടയച്ച കുടുംബ കോടതി ഉത്തരവ് ശരിവെച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ പിതാവ് നല്‍കിയ ഹരജിയിലാണ് മേല്‍നിര്‍ദേശം. കുടുംബ കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എങ്കിലും കുട്ടിയെ കാണാന്‍ കൂടുതല്‍ അവസരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരന് കുടുംബ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത വ്യക്തമാക്കി. അപേക്ഷ പരിഗണിക്കുമ്പോള്‍ കുട്ടിയുടെ താത്പര്യത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. കുട്ടിക്ക് പിതാവിനെ അറിയാനും സ്‌നേഹം അനുഭവിക്കാനും അവസരം നല്‍കുന്ന തരത്തിലായിരിക്കണം സമയം അനുവദിക്കേണ്ടത്. അവധിക്കാലങ്ങളില്‍ കുട്ടിയെ സന്ദര്‍ശിക്കാനോ താത്കാലികമായി ഒപ്പം വിടാനോ ഉള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കുടുംബ കോടതികളോട് പരമോന്നത കോടതി ഉണര്‍ത്തി.

മാതാവിന്റെയും പിതാവിന്റെയും സ്‌നേഹം ഒരു പോലെ അനുഭവിച്ചു വളരേണ്ടവരാണ് കുട്ടികള്‍. ഇതവരുടെ ശരിയായ മാനസിക വളര്‍ച്ചക്കും ഉത്തമ ഭാവിക്കും അനിവാര്യമാണ്. ദാമ്പത്യ ജീവിതത്തിനിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളെ ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നവരുടെ മക്കളില്‍ ഇരുവരുടെയും സ്‌നേഹം ഒരു പോലെ അനുഭവിച്ചു വളരുന്നവര്‍ അപൂര്‍വമാണ്. മിക്കവാറും പ്രശ്‌നം കോടതിയിലോ മധ്യസ്ഥരുടെ സാന്നിധ്യത്തിലോ എത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാതാക്കള്‍ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യാറുള്ളത്. ദമ്പതിമാര്‍ക്ക് വേര്‍പിരിയാന്‍ അനുമതി നല്‍കുന്ന കോടതി, പിതാവിന്റെ കൂടെയാണോ മാതാവിന്റെ കൂടെയാണോ പോകാനിഷ്ടമെന്നു ചോദിക്കുമ്പോള്‍ മാതാവിന്റെ കൂടെയെന്നായിരിക്കും ബഹുഭൂരിഭാഗം കുട്ടികളുടെയും മറുപടി. പിതാവിന്റെ സ്‌നേഹം കൂടി അനുഭവിക്കാന്‍ കുട്ടികള്‍ കൊതിക്കുന്നുണ്ടാകാമെങ്കിലും കോടതിയിലേക്ക് വരുന്നതിനു മുമ്പ് മാതാവിന്റെ കുടുംബവും അഭിഭാഷകനും മാതാവിനെ മതിയെന്നും പിതാവിന്റെ കൂടെ പോകാന്‍ ഇഷ്ടമില്ലെന്നും പറയാന്‍ കുട്ടിയെ പഠിപ്പിച്ചിരിക്കും. തങ്ങളെ പഠിപ്പിച്ചത് കോടതിയില്‍ തത്തമ്മ പറയുന്നതു പോലെ അവര്‍ ഏറ്റുപറയുമ്പോള്‍ കോടതിയുടെ മറ്റൊരു വശത്ത് തന്നെ നോക്കി കണ്ണീരൊഴുക്കുന്ന പിതാവിന്റെ മുഖം അവര്‍ കാണുന്നുണ്ടാകും. താങ്ങാനാകാത്തതായിരിക്കും മക്കള്‍ക്ക് മാതാപിതാക്കളുടെ വേര്‍പിരിയലിന്റെ നിമിഷങ്ങള്‍. കേസുകള്‍ അവസാനിച്ച് മാതാവിന്റെ കൈ പിടിച്ച് ഇറങ്ങിപ്പോകുമ്പോള്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കി പിതാവിന്റെ മുഖം തിരയുന്ന കുട്ടികള്‍ കോടതികളില്‍ സാധാരണ കാഴ്ചയാണ്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ച മക്കളുണ്ട്.

വാശിയോടെ മക്കളെ സ്വന്തമാക്കിയവരുടെ മാതാക്കളും കുടുംബവും കുട്ടിയെ പിന്നീട് പിതാവിനെ കാണാന്‍ അനുവദിക്കാറില്ല. പിതാവ് സമ്മതം ചോദിച്ചാല്‍ തന്നെ കൂടിക്കാഴ്ചക്ക് വിസമ്മതിക്കുന്നു. അയാള്‍ക്ക് ഒരിക്കല്‍ പോലും ആ കുഞ്ഞിനെ കാണാന്‍ അവസരം നല്‍കാത്ത സ്‌നേഹശൂന്യതയാണ് പലപ്പോഴും കാണാറുള്ളത്. മാത്രമല്ല, പിതാവിനെക്കുറിച്ച് ഇല്ലാത്ത പരാതികളും കുറ്റങ്ങളും നിരത്തി കുട്ടിയുടെ ഹൃദയത്തില്‍ അദ്ദേഹത്തെക്കുറിച്ച് വിദ്വേഷം സൃഷ്ടിക്കാനും ശ്രമിക്കുന്നു. ഇരുവരും ജീവിച്ചിരിക്കെ മാതാപിതാക്കളില്‍ ഒരാളുടെ സ്‌നേഹം ലഭിക്കാതെ വരുന്നത് കുട്ടികളില്‍ വ്യക്തിവൈകല്യങ്ങള്‍ക്ക് ഇടവരുത്തും. പിതാവും മാതാവും കുട്ടികളും ചേര്‍ന്ന കുടുംബമാണ് സാമൂഹിക മണ്ഡലത്തില്‍ ഏറ്റവും കരുത്തുറ്റ ടീമെന്നാണ് മനഃശ്ശാസ്ത്ര നിരീക്ഷണം. ഈ ബന്ധങ്ങളിലെ കണ്ണികള്‍ എവിടെ ദുര്‍ബലമായാലും അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. അമേരിക്കയിലെ കൊളംബോ യൂനിവേഴ്‌സിറ്റിയിലെ മനഃശ്ശാസ്ത്ര വിദഗ്ധര്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മാതാപിതാക്കളുടെ കുട്ടികളെ പഠന വിധേയമാക്കിയപ്പോള്‍ അവരില്‍ ഒറ്റപ്പെടല്‍ മനോഭാവം ഉള്ളതായി കണ്ടെത്തി. വൈകാരികമായ ഈ ഒറ്റപ്പെടല്‍ അവരെ മനോരോഗങ്ങളിലേക്ക് തള്ളിവിടുന്നു.
ചില പ്രത്യേക സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് വേര്‍പിരിയേണ്ടി വന്നേക്കാം. അതിന്റെ കാരണമെന്തായാലും അത് കുട്ടികളുടെ ഭാവിയെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കണം. മാതാവിന്റെ കസ്റ്റഡിയിലാണ് കുട്ടിയെങ്കില്‍ പിതാവിനെ കാണാനും മറിച്ചും കുട്ടികള്‍ക്ക് അവസരം നല്‍കണം.

മാതാപിതാക്കളുടെ വേര്‍പിരിയലില്‍ കുട്ടികള്‍ നിരപരാധികളാണ്. അതിനാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ അവരെ ബാധിക്കരുത്. കുട്ടികള്‍ക്ക് ഇരുവരുമായി ബന്ധപ്പെടാനുള്ള സാഹചര്യം ചിലപ്പോള്‍ പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളെ കൂട്ടി യോജിപ്പിക്കാന്‍ തന്നെ സഹായകമായേക്കാം. കാനഡക്കാരിയായ ടിയാന എന്ന ആറ് വയസ്സുകാരി വേര്‍പ്പെട്ടു കഴിയുന്ന മാതാപിതാക്കളെ കൂട്ടിയോജിപ്പിച്ച സംഭവം ഇതിനിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. തനിക്ക് മാതാവിനെയും പിതാവിനെയും വേണമെന്നും ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ടിയാനയുടെ ഒരു വീഡിയോ ആണ് ഇതിനു വഴി വെച്ചത്. വിവാഹ മോചിതരുടെ മക്കളില്‍ ഏറിയ പങ്കും ടിയാനയെ പോലെ ഇരുവരുടെയും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് ഒന്നിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെയും പങ്കാളിക്ക് കാണാനുള്ള അവസരം നിഷേധിക്കാതിരിക്കാനുള്ള സന്മനസ്സ് കാണിക്കേണ്ടതാണ്.

Latest