Connect with us

Articles

മാന്ദ്യം: ഈ വിമുഖത ഭീരുത്വമാണ്

Published

|

Last Updated

ഇന്ത്യന്‍ സാമ്പത്തിക മേഖല ഏറ്റവും ഗുരുതരമായ പ്രതിസന്ധിയില്‍ ചെന്നെത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധിയെ ബോധപൂര്‍വം മറച്ചുവെക്കാനും കൂപ്പുകുത്തിയ സമ്പദ്ഘടനയെ വെള്ള പൂശാനുമാണ് കേന്ദ്ര ഭരണകൂടം ഇപ്പോഴും കിണഞ്ഞു പരിശ്രമിക്കുന്നത്. റിസര്‍വ് ബേങ്ക് മുതല്‍ ലോക ബേങ്ക് അടക്കമുള്ള എല്ലാ ദേശീയ- സാര്‍വദേശീയ സാമ്പത്തിക മേഖലയിലെ ഏജന്‍സികളും ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഏറ്റവും ശോചനീയവും ഗുരുതരവുമായ തകര്‍ച്ച ചൂണ്ടിക്കാട്ടിയുള്ള വെളിപ്പെടുത്തലുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞിരിക്കുകയാണ്. ധനവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനും മുന്‍ ബിജെ പി നേതാവുമായ പറക്കാല പ്രഭാകരന്‍ തന്നെ ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ സാമ്പത്തിക നയത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു. ഇത് നരേന്ദ്ര മോദി സര്‍ക്കാറിന് വലിയ പ്രഹരമാണ്.

ഭയാനകമായ തൊഴിലില്ലായ്മയും കടുത്ത പട്ടിണിയും അതിനെ തുടര്‍ന്നുള്ള ഭീകരമായ പട്ടിണി മരണങ്ങളിലേക്കുമാണ് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം മറച്ചുവെക്കാന്‍ എത്ര ശ്രമിച്ചാലും പ്രധാനമന്ത്രിക്കും കൂട്ടര്‍ക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല. ഇന്ത്യയില്‍ ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച ആറ് ശതമാനമായി ഇടിയുമെന്ന് ലോക ബേങ്ക് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടേതിനേക്കാള്‍ കുറവായിരിക്കുമെന്ന് ലോക ബേങ്കിന്റെ സൗത്ത് ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശ് 8.1 ശതമാനം, ഭൂട്ടാന്‍ 7.4 ശതമാനം, നേപ്പാള്‍ 6.5 ശതമാനം എന്നിങ്ങനെയാകും വളര്‍ച്ച. എന്നാല്‍ ഇവ മൂന്നും ചെറിയ സമ്പദ്‌വ്യവസ്ഥകളാണ്. ഇന്ത്യക്ക് നേരത്തേ ലോക ബേങ്ക് അനുമാനിച്ചിരുന്നത് 6.9 ശതമാനം വളര്‍ച്ചയാണ്. ഇന്ത്യയുടെ വളര്‍ച്ച 2020-21ല്‍ 6.9 ശതമാനവും, 2022ല്‍ 7.2 ശതമാനവുമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യയിലെ എല്ലാ മേഖലകളിലും വിപണികളില്‍ വന്‍ മാന്ദ്യം പ്രകടമാണ്. കൃത്യവും ചിട്ടയുമായ മേല്‍നടപടികള്‍ ഫലപ്രദമായി ഉണ്ടായാല്‍ പടിപടിയായി ഉയര്‍ച്ച കൈവരിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാലതിന് ഈ സര്‍ക്കാറിന് കഴിയുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം.

യു എസ്- ചൈന വ്യാപാര തര്‍ക്കം മുതലെടുത്തതാണ് ബംഗ്ലാദേശിന്റെ വളര്‍ച്ചക്ക് അടിസ്ഥാനം. ബംഗ്ലാദേശിലെ തുണിവ്യവസായ മേഖല ഈ തര്‍ക്കത്തില്‍ നിന്ന് ഏറെ നേട്ടം ഉണ്ടാക്കിയിരിക്കുകയാണ്. ടൂറിസം മേഖലയിലെ കുതിപ്പ് മൂലം ഉണ്ടായ നിര്‍മാണങ്ങളും ജനങ്ങളുടെ വിനിയോഗ ശേഷിയിലെ വര്‍ധനവുമാണ് നേപ്പാളിനെ 6.5 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്. ഭൂട്ടാനില്‍ ടൂറിസം വളര്‍ച്ചയും ആഭ്യന്തര ഉപയോഗത്തിലെ വര്‍ധനവുമാണ് വളര്‍ച്ചക്ക് കാരണം. മാല ദ്വീപില്‍ 5.2 ശതമാനം, പാക്കിസ്ഥാനില്‍ 2.4 ശതമാനം, ശ്രീലങ്കയില്‍ 2.7 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക്.
സര്‍ക്കാറിന്റെ സാമ്പത്തിക നയത്തിലും സാമ്പത്തിക മുരടിപ്പിലും അതൃപ്തി പ്രകടിപ്പിച്ച റിസര്‍വ് ബേങ്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവിശ്വാസം പ്രകടിപ്പിച്ച് നീതി ആയോഗ് ഉപാധ്യക്ഷന്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച റിസര്‍വ് ബേങ്ക് നടപടി അതിര് കടന്നതാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പ്രസ്താവിച്ചിട്ടുണ്ട്. മാന്ദ്യം നേരിടുന്നതില്‍ വാണിജ്യ ബേങ്കുകളുടെ ശേഷിയെ ചോദ്യം ചെയ്ത അദ്ദേഹം ഇനിയുള്ള മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരുമെന്ന അവകാശവാദം ഉന്നയിച്ചു. രാജ്യത്തെ ബേങ്കുകളുടെ ശേഷിയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും മതിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

സാമ്പത്തിക തകര്‍ച്ചയുടെ പേരില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ഭിന്നത ഇതോടെ പുറത്തായി. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച കൂപ്പുകുത്തുമെന്ന ലോക ബേങ്ക്, ഐ എ എഫ്, എ ഡി ബി, ലോക സാമ്പത്തിക ഫോറം, മൂഡീസ് ഇന്റര്‍നാഷണല്‍ തുടങ്ങിയ രാജ്യാന്തര ഏജന്‍സികളുടെ നിരീക്ഷണത്തിനിടയിലാണ് നയരൂപവത്കരണ ഏജന്‍സികളുടെ പഴിചാരല്‍. പ്രതിസന്ധി രൂക്ഷമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഇപ്പോഴും നിശ്ശബ്ദതയിലാണ്.

തൊഴില്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍ എസ് എസ് ഒ) റിപ്പോര്‍ട്ടിനേക്കാള്‍ വിശ്വസനീയം സി എം ഐ ഇ (സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി) റിപ്പോര്‍ട്ടാണ്. കൃഷി, വാണിജ്യം, ഉത്പാദനം, വിദേശ ഇടപാടുകള്‍ എന്നിങ്ങനെ ഓരോ മേഖലയിലും വെവ്വേറെ ബേങ്കുകള്‍ സ്ഥാപിക്കണം. എന്നാല്‍ അടിമുടി സ്വകാര്യവത്കരണമാണ് വേണ്ടതെന്നാണ് നീതി ആയോഗ് ഉപാധ്യക്ഷന്റെ നിര്‍ദേശം.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയേറ്റതും നഗരത്തില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഗ്രാമീണ തലത്തിലെ വേതന വര്‍ധനവ് മന്ദഗതിയിലായി. ആഭ്യന്തര ആവശ്യം കുറഞ്ഞതും ബേങ്ക് ഇതര ധനസ്ഥാപനങ്ങളുടെ വായ്പയിലെ ഇടിവും വന്‍ തിരിച്ചടിയായി. ഇന്ത്യന്‍ വാഹന വിപണി കൂപ്പ് കുത്തിയത് ഇതിന്റെ പ്രത്യക്ഷത്തിലുള്ള പ്രതിഫലനം തന്നെയാണ്. മാന്ദ്യം നേരിടാന്‍ കോര്‍പറേറ്റ് നികുതി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലും ലോക ബേങ്ക് അതിന്റെ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിടുന്ന പ്രതിസന്ധികളില്‍ വലിയ ആശങ്ക പ്രകടിപ്പിച്ച് പറക്കാല പ്രഭാകരന്‍ രംഗത്തുവന്നത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി.
നെഹ്‌റുവിന്റെ സോഷ്യലിസത്തെ വിമര്‍ശിക്കാന്‍ സമയം പാഴാക്കാതെ നരസിംഹ റാവുവിന്റെയും ഡോ. മന്‍മോഹന്‍ സിംഗിന്റെയും സാമ്പത്തിക നയങ്ങള്‍ പിന്തുടരാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.
പുതിയ നയങ്ങള്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കണം. നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതിന് പകരം സമ്പദ്‌വ്യവസ്ഥയുടെ ഉദാരവത്കരണത്തിന് വഴിതെളിയിച്ച നരസിംഹ റാവു- മന്‍മോഹന്‍ സിംഗ് മോഡല്‍ സ്വീകരിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് യോജിച്ച ആശയങ്ങള്‍ വികസിപ്പിക്കാന്‍ ബി ജെ പി വിശദീകരിക്കാനാകാത്ത വിമുഖത കാട്ടുകയാണ്. എല്ലാറ്റിനോടും സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോള്‍ രാജ്യത്തെ ഓരോ സാമ്പത്തിക മേഖലയും ഗുരുതരമായ വെല്ലുവിളിയെ നേരിടുകയാണ്.

സ്വന്തമായി ഒരു സാമ്പത്തിക നയം രൂപപ്പെടുത്തിയിട്ടില്ലാത്ത പാര്‍ട്ടിയാണ് ബി ജെ പി. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ ബി ജെ പി നിഷേധിക്കുന്നതാണ്. സ്വതന്ത്ര മുതലാളിത്ത സാമ്പത്തിക നയമാണ് തങ്ങളുടേതെന്ന് അലക്ഷ്യമായി പറയാറുണ്ട് എന്നല്ലാതെ എന്താണ് ആ നയമെന്നതിന് ഇനിയും ഒരു രൂപം അവര്‍ക്ക് വന്നിട്ടില്ല.

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ പ്രധാനമന്ത്രിയുടെ ഓഫീസിനു മാത്രം നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്ന് ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. അധികാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കുന്ന പ്രവണത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷിക്കുമെന്നാണ് രഘുറാം രാജന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
മോദി സര്‍ക്കാറിന് ശക്തമായ രാഷ്ട്രീയ വീക്ഷണങ്ങളുണ്ട്. എന്നാല്‍ വ്യക്തമായ സാമ്പത്തിക വീക്ഷണങ്ങളില്ല. മേല്‍തട്ടില്‍ സാമ്പത്തിക വീക്ഷണം സംബന്ധിച്ച വ്യക്തമായ ധാരണയില്ലാത്തത് രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കാന്‍ കാരണമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് രഘുറാമിന്റെ വിമര്‍ശനം ഏറെ പ്രസക്തമാകുന്നത്.

വായ്പകളുമായി ബന്ധപ്പെട്ട നയങ്ങള്‍ സ്വീകരിക്കുന്നതില്‍ ബേങ്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നാണ് മോദി സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാറ്റിലും സര്‍ക്കാര്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. മുദ്രാ വായ്പകള്‍ നല്‍കുന്നതിന്റെ ടാര്‍ജറ്റുകള്‍ സര്‍ക്കാറാണ് ഇപ്പോള്‍ നിശ്ചയിക്കുന്നത്. ഇപ്പോള്‍ ലോണ്‍ മേളകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇത് ഗുരുതരമായ സാമ്പത്തിക ബാധ്യതകളാകും ബേങ്കിംഗ് മേഖലയില്‍ സൃഷ്ടിക്കുന്നതെന്ന് ധനമന്ത്രിയുടെ വാക്കുകളെ വ്യംഗ്യമായി പരിഹസിച്ചുകൊണ്ട് രഘുറാം രാജന്‍ പറഞ്ഞു.
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വളര്‍ച്ചാ നിരക്ക് കൂപ്പ് കുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.9 ശതമാനം ആയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷ. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ വളര്‍ച്ച ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനമായി. ജൂലൈ- സെപ്തംബറില്‍ വളര്‍ച്ച 5.3 ശതമാനം ആയിരിക്കുമെന്നാണ് റിസര്‍വ് ബേങ്ക് നിഗമനം. സാമ്പത്തിക മാന്ദ്യം വളരെ ശക്തമായി ബാധിക്കുമെന്ന് ഐ എം എഫിന്റെ മേധാവി ക്രിസ്റ്റലീന ജോര്‍ജിവ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായി ഇടിയുമെന്ന് അന്താരാഷ്ട്ര ധനകാര്യ നിരീക്ഷണ ഏജന്‍സിയായ മൂഡീസിന്റെ റിപ്പേര്‍ട്ടിലും വ്യക്തമാക്കിയിരുന്നതാണ്.

ഓരോ ദിവസം കഴിയുന്തോറും നമ്മുടെ സമ്പദ്ഘടന കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് നേരത്തേ തന്നെ ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും പ്രതിസന്ധിയില്‍ അകപ്പെടുകയോ പൂട്ടപ്പെടുകയോ ചെയ്യുകയുണ്ടായി. എന്നാലിപ്പോള്‍ ഓട്ടോ മൊബൈല്‍ മേഖല അടക്കമുള്ള വന്‍കിട വ്യവസായ സ്ഥാപനങ്ങളും ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത വന്‍ പ്രതിസന്ധിയില്‍ ചെന്നുപെട്ടിരിക്കുന്നു. ധനമന്ത്രിയുടെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ കൊണ്ടൊന്നും ഈ തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കാത്ത ഗുരുതരമായ സ്ഥിതിവിശേഷമാണിവിടെ സംജാതമായിരിക്കുന്നത്. രാജ്യത്ത് ജനങ്ങളുടെ വാങ്ങല്‍ശേഷി, വരുമാനം ഇടിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നിലവിലുണ്ടായിരുന്ന വരുമാനമെങ്കിലും ലഭ്യമാക്കുന്നതിനുള്ള സാഹചര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഇവിടെ ഒരുക്കിയെടുക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ആ നിലയിലുള്ള ഒരു പ്രവര്‍ത്തനവും മോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതേയില്ല. ധനമന്ത്രിയുടെ ഉത്തേജക പാക്കേജുകള്‍ വന്‍കിട കുത്തകകളെ മാത്രം സഹായിക്കുന്നതാണ്.

എന്തായാലും സാമ്പത്തിക നയത്തെ സംബന്ധിച്ച് സര്‍ക്കാറിനകത്ത് തന്നെ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തിന് സത്വര പരിഹാരം കാണുന്ന കാര്യത്തില്‍ പോലും ഗുരുതരമായ അഭിപ്രായവ്യത്യാസമാണ് ഭരണ നേതൃത്വത്തിലുള്ളത്. സാമ്പത്തിക മേഖലയിലെ ഗുരുതരമായ സ്ഥിതിവിശേഷം ഇതിനകം ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്.
(ലേഖകന്റെ ഫോണ്‍: 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428