Connect with us

Ongoing News

ധോണിയുടെ സംഭാവനകളെ വിലമതിക്കും, തുടരണോയെന്ന് അദ്ദേഹത്തിന് തീരുമാനിക്കാം: ഗാംഗുലി

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണി തുടരണോയെന്ന കാര്യം പരിശോധിക്കുമെന്ന് ബി സി സി ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എന്നാല്‍, രണ്ടു തവണ ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച താരത്തിന് തന്റെ ഭരണകാലത്ത് എല്ലാവിധ പരിഗണനയും ആദരവും നല്‍കുമെന്ന് ഗാംഗുലി പറഞ്ഞു. ധോണിയുടെ മനസ്സിലുള്ളതെന്താണെന്ന് അറിയില്ല. എന്നാല്‍, അദ്ദേഹത്തെ പോലൊരു ഉന്നത താരം അര്‍ഹിക്കുന്ന എല്ലാ ആദരവും നല്‍കും.

എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. ഒരുതവണ താന്‍ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് ലോകം മുഴുവന്‍ വിലയിരുത്തിയത്. എന്നാല്‍, ആത്മവിശ്വാസത്തിന്റെ കരുത്തില്‍ താന്‍ തിരിച്ചെത്തുകയും നാലുവര്‍ഷം കൂടി ദേശീയ ടീമില്‍ കളിക്കുകയും ചെയ്തു. ബി സി സി ഐ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ഗാംഗുലി പറഞ്ഞു.

ചാമ്പ്യന്മാര്‍ പെട്ടെന്ന് കരിയര്‍ അവസാനിപ്പിക്കില്ല. സ്വന്തം കരിയറിനെ കുറിച്ച് ധോണി എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ല. ക്രിക്കറ്റിലെ മഹാരഥന്മാരില്‍ ഒരാളാണ് അദ്ദേഹം. ദീര്‍ഘമായ ഒരു കാലഘട്ടം ധോണിയിലൂടെ ഇന്ത്യ അഭിമാനം കൊണ്ടിട്ടുണ്ട്. ധോണിയുടെ സംഭാവനയെ കുറിച്ച് എഴുതാന്‍ പറഞ്ഞാല്‍ “വോവ്, എം എസ് ധോണി” എന്നാണ് ആരും കുറിക്കുക. ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം നടന്ന ലോകകപ്പ് സെമിക്കു ശേഷം ധോണി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ല. സെമിയില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അവധിയില്‍ കഴിയുന്ന താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യാപക അഭ്യൂഹങ്ങളാണ് ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്നത്.