ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണമേറ്റ്‌ ദാദ; പ്രതീക്ഷയോടെ താരങ്ങളും ക്രിക്കറ്റ് പ്രേമികളും

Posted on: October 23, 2019 1:15 pm | Last updated: October 23, 2019 at 3:04 pm

മുംബൈ: വിദേശ മണ്ണുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പോരാട്ടവീര്യം സ്മ്മാനിച്ച മുന്‍ ക്യാപ്റ്റ്ന്‍ സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തേയും നവീകരിക്കും. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബി സി സി ഐയുടെ 39-ാം അധ്യക്ഷ സ്ഥാനം ദാദ ഏറ്റെടുത്തു. ബി സി സി ഐയുടെ പുതിയ ഭരണഘടന ഭേദഗതി പ്രകാരം ആറ് വര്‍ഷമാണ് ഒരാള്‍ക്ക് ബോര്‍ഡിന്റെ തലപ്പത്ത് ഇരിക്കാന്‍ കഴിയുക. നേരത്തെ അഞ്ച് വര്‍ഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭരിച്ച ഗാംഗുലിക്ക് ഇതിനാല്‍ ഒമ്പത് മാസം മാത്രമാണ് ബി സി സി ഐ നായകസ്ഥാനം ലഭിക്കുക. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ നിരവധി പുഴുക്കുത്തുകളുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണത്തില്‍ വിപ്ലവകരമായ ഇടപെടുലുകള്‍ നടത്താന്‍ ബംഗാള്‍ രാജകുമാരന് കഴിയുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. സഹതാരങ്ങള്‍ക്ക് എന്നും നിറഞ്ഞ പിന്തുണ നല്‍കിയിട്ടുള്ള ഗാംഗുലി ഭരണതലപ്പത്ത് എത്തുന്നത് വളര്‍ന്നുവരുന്ന താരങ്ങള്‍ക്കും പ്രതീക്ഷയേറ്റുന്നു.

ഗാംഗുലിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബി സി സി ഐ സെക്രട്ടറിയായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധൂമലാണ് ട്രഷററായും ഉത്തരാഖണ്ഡില്‍ നിന്നുള്ള മാഹിം വര്‍മ വൈസ് പ്രസിഡന്റായും കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.

കേന്ദ്ര സര്‍ക്കാറിന്റെ വലിയ ഇടപെടല്‍ സാധ്യതമാകുന്ന തരത്തിലുള്ളതാണ് പുതിയ ഭരണ സമിതിയെങ്കിലും ഇതിനെല്ലാം മുകളില്‍ നിലപാട് എടുക്കാന്‍ കഴിവുള്ള വ്യക്തിയാണ് സൗരവ് ഗാംഗുലി. ക്യാപ്റ്റനായ സാഹചര്യത്തില്‍ ഇത് പല തവണ അദ്ദേഹം തെളിയിച്ചതുമാണ്. ഈ സാഹചര്യത്തില്‍ പുതിയ ഭരണ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ആകാംശയോടെയാണ് ഏവരും നോക്കികാണുന്നത്. ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കുന്നതിനായി സുപ്രീം കോടതി മുന്‍ സി എ ജി വിനോദ് റായിയുടെ അധ്യക്ഷതയില്‍ നിയോഗിച്ച മൂന്നംഗ ഭരണസമിതിയുടെ 33 മാസ ഭരണത്തിന് ശേഷമാണ് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.