Connect with us

Vazhivilakk

പ്രശ്നമാണേ, കണ്ണുപൊട്ടിയ ഈ ശവം തീറ്റ

Published

|

Last Updated

മൈസൂരിലെ അക്ബർറോഡിനോട് ചേർന്ന ഗല്ലി. സായാഹ്നത്തിന് പ്രായപൂർത്തിയായതിന്റെ കട്ടിച്ചോപ്പ്. കുറേനേരമായി ഞാനിങ്ങനെ അലയുകയാണ്. ഒരുമാതിരി മന്ദിപ്പ്. നന്നേ നേർത്തതല്ലാത്ത വിശപ്പും. ഒരു ജഗജില്ലി ചായ കിട്ടണം. പറ്റിയ മക്കാനി നോക്കിേനാക്കിയാണീ തെണ്ടൽ. ഇരുട്ട് മുഴുത്ത് തുടങ്ങി. അന്നേരം,
അസ്സലാമു അലൈക്കും.
നോക്കുമ്പോൾ കല്ലാച്ചിക്കാരൻ മനാഫ്.

നമ്മളെ മലയാളീസിന്റെ ഓട്ടലുണ്ടോ ഈടാങ്ങേറ്റം?
ആ നാല് കൂടിയ മുക്കിന് വലത്തോട്ട് ലേശം പോയാൽ പാനൂർക്കാരൻ അഹമ്മദൂട്ടിക്കാന്റെ കടയുണ്ട് “ഈസി ഈറ്റ്”.
കേട്ടിട്ട് ഇഷ്ടായി. വേണമെങ്കിൽ നോണും അടിക്കാമല്ലോ.
ഹാ പാനൂർ… എന്നിലെ അന്യത്വം അലിഞ്ഞു. പൊതുവെ പണക്കാരാണത്രെ ഈ പാനൂരുകാർ. മൈസൂരിൽ കച്ചവടം കൂടിയാവുമ്പോൾ? ഞാൻ ചെന്ന് അഹ്്മദ് കുട്ടിക്കാനെ പരിചയപ്പെട്ടു. എന്റെ പോരിശകൾ അദ്ദേഹം ചോദിച്ചറിയുന്നു. എന്നെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു പോകുന്നു. റൂമെടുക്കേണ്ട, വിശാലമായ സ്ഥലമുണ്ട്, വീട്ടിൽ കഴിയാം എന്ന് ക്ഷണിക്കുന്നു. അല്ല, നിർബന്ധിച്ച് മടുപ്പിക്കുന്നു. നല്ല ആഹാരവും ഫ്രഷ് താമസവും തരുന്നു.
എന്റെ വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ പത്‌നി അലക്കിത്തരുന്നു. അതിനിടെ അവർ എന്റെ സ്വഭാവ മഹിമ പിടിച്ചെടുക്കുന്നു. ഡിഗ്രി സെക്കന്റ് ഇയറിന് പഠിക്കുന്ന മകൾക്ക് ഈ കണ്ട കൽക്കണ്ടക്കദളിയെ കിട്ടിയെങ്കിൽ എന്ന് മോഹമുദിക്കുന്നു, ഊൗ! മൈസൂരിലെ നാലുനില ഫ്‌ളാറ്റും, മൂത്താറിപ്പീടികയിലെ പൂട്ടിയിട്ട വമ്പൻ വീടും, ചമ്പാട്ടെ റോഡരികിലുള്ള തെങ്ങിൻതോപ്പും, നാരങ്ങാപ്പുറത്തെ കൊപ്രമില്ലും, ഫിയറ്റിന്റെ പുണ്ടോ കാറും ആ മകളുടെ പേരിൽ എഴുതിക്കൊടുത്ത് കാര്യങ്ങൾ കാര്യത്തോടടുക്കുന്നു. ഒരു പത്ത് പതിമൂന്ന് കൊല്ലം മുമ്പാണെങ്കിൽ ഇങ്ങനെയൊക്കെയായിരുന്നു സ്വപ്‌നാടനം നടത്തുക. കഷ്ടപ്പാടിൽ നിന്നും അസുരക്ഷയിൽ നിന്നും കരകയറാൻ പ്രായോഗിക വഴികൾ തേടുകയാണ് വേണ്ടത്, അറിയാം. എന്നാലും ചില വേളകളിൽ കാൽപ്പനികമായ നടക്കാസ്വപ്‌നങ്ങളിൽ ഉരുകി അലിയാൻ നല്ല രസമാണ്.
ഇതാ എത്തിപ്പോയി, ഈസി ഈറ്റ്.
എന്തുണ്ട് കൂട്ടിച്ചാമ്പാൻ
ചിക്കൻ ക്ലബ് സാൻവിച്ച്.
കേട്ടപ്പോൾ ഇമ്പം തോന്നി. രണ്ട് ചായയും ഒരു ക്ലബും വരട്ടെ, അങ്ങനെയാണ.് നന്നേ മുഷിഞ്ഞാൽ ചായ രണ്ടുവേണം, നോമ്പുതുറക്കുമ്പോഴാണെങ്കിൽ അതിലധികവും.
പെട്ടെന്ന് ഉള്ളിലൊരു കൊളുത്ത്. ഞാൻ വലതുചൂണ്ടുവിരൽ ഇടത്ചൂണ്ടുവിരലിൽ വലങ്ങനെ ഉരസി, എന്റെ മുഖത്തെ ഒരു ചോദ്യചിഹ്നമാക്കി.
ആ അറുത്തത് തന്നെ.
പിന്നെ…. രാവിലെ ഒരു മൗലവി ചെന്ന് അറുത്തുകൊടുക്കലാണ്. അതിന്റെ ശേഷം പിന്നെ അവർ തന്നെ…ഉറപ്പില്ല.
ഉസ്താദിന് സംശയമാണെങ്കിൽ ചിക്കൻ കഴിക്കണ്ട, എഗ്ഗ് ആക്കിത്തരാം…
വു, ക്ലബ് സാന്റ്‌വിച്ചും ചായദ്വയങ്ങളും. അപ്പോൾ അറുത്തതല്ല എന്ന അറിവോടുകൂടെയാണ് ഈ ശവവിൽപ്പന നടത്തുന്നത്. ഞാൻ ഒരുത്തൻ കുത്തിച്ചോദിച്ചോണ്ടല്ലേ? ഇല്ലായിരുങ്കെിൽ എനിക്കും കൂളായി വിളമ്പുമായിരുന്നു ചിക്കൻ “ശവ”ായി/ “ശവ”ർമ?? വെറുതെയാണെങ്കിൽപോലും ഇയാളുടെ മകളുമായുള്ള വിവാഹാലോചന വേണ്ടേ വേണ്ട! എനിക്ക് ചടച്ചു. ഞാൻ ഉള്ളാൽ കറുത്തു.
ഉംറ കഴിഞ്ഞുള്ള മടക്കയാത്ര. പ്രാസംഗികനും പ്രശസ്തനുമായ പണ്ഡിത സുഹൃത്തിനെ കണ്ടുമുട്ടി;. പേര് പറയില്ല. വേണമെങ്കിൽ ക്ലൂ തരാം. ഇ എം എസ്. ഗൾഫിൽ പൊതുവെയും ഉംറക്കാർക്ക് പ്രത്യേകിച്ചും വെച്ചുവിളമ്പു ആഹാരത്തിലെ അഹിതങ്ങളെ പറ്റിയാണ് മൂപ്പര് സംസാരിച്ചത്. യാഗങ്ങൾക്ക് വേണ്ടി ബലിയർപ്പിച്ച കാളയിറച്ചിയാണത്രെ പീസ് പീസാക്കി മുറിച്ച് പെട്ടിയിലാക്കി ഇന്ത്യയിൽ നിന്നും കയറ്റിയയക്കുന്നത്. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ അരിയും എണ്ണയും സാമാനങ്ങളും ശേഖരിക്കുന്ന ഏജൻസിയിൽ നിന്നാണത്രെ ഉംറ പാക്കേജിലെ മെസ്സുകാർ സാധനങ്ങൾ വാങ്ങിക്കുന്നത്. ആസ്‌ത്രേലിയയിൽ നിന്നും ബ്രസീലിൽ നിന്നും കൊണ്ട് പെട്ടിയിലാക്കിയ ചിക്കനും ബീഫുമാണത്രെ അവിടങ്ങളിൽ വെച്ചുവിളമ്പുന്നത്. ഇതെന്തൊരു കാലക്കേടാണു ബാപ്പാ.!.
വയനാട്ടിൽ എവിടെയാണെന്നറിയാം, വെളിപ്പെടുത്തുകയേ ഇല്ല. ഒരു കശാപ്പുശാലയെ ആളുകൾ ചേർന്ന് കശാപ്പുചെയ്തു. മൂന്നാല് കൊല്ലം മുമ്പ്. കാരണമെന്തന്നല്ലേ, പുഴുത്തു പുയ്ക്കരപുണ്ണനായ ഒരു മൂരിയെ അയാൾ കൊട്ടും കരളും ഇറച്ചിയുമായി തറിച്ച് തൂക്കിക്കൊടുക്കുന്നു. അതും കാലങ്ങളായി ഇടപാട് നടത്തുന്ന സ്വന്തം ഗ്രാമവാസികൾക്ക്.
ഒരിക്കൽ ഞാനും അവളും മക്കളെ നോക്കാൻ ഉപ്പാനെയേൽപ്പിച്ച്, ഇപ്പം കല്യാണം കഴിഞ്ഞവരെപോലെ സർക്കീറ്റിന് പോയി, കോഴിക്കോട്ട്. ഉച്ചയൂണ് കഴിച്ച് കൊണ്ടിരിക്കുകയാണ്. വീതിയും വണ്ണവുമുള്ള ആനമാന്ത പൊരിച്ചത് ചൂടോടെ മുന്നിലെത്തി. എന്റെ മൂക്കിലൊരു ഗ്രാമർ മിസ്്റ്റേക്ക് കുരുത്തു. ഞാൻട്ടുണ്ട്. വിരലുകൊണ്ട് ഉലർത്തിയപ്പോൾ നാറു നൂലുകൾ നേരിയ പുഴുക്കളെപ്പോലെ ബള്‌ല.. ബള്‌ല.. വലിഞ്ഞു. അവൾക്ക് ഓക്കാനം വന്നു. എന്നു കരുതി ഇന്നുച്ച മുതൽ മീൻ ഫ്രൈ നുള്ളുമ്പോൾ നിങ്ങളാരും അകമേ അളിഞ്ഞ നൂലുകൾ പ്രതീക്ഷിക്കുകയോ കഴിക്കാതെ മാറ്റിവെക്കുകയോ അരുത്.

ഞാൻ വെയ്റ്ററെ വിളിച്ചു. എനിക്ക് പൊട്ടിത്തെറിക്കാമായിരുന്നു. പക്ഷേ, വളരെ മര്യാദക്കാരനായി കാര്യം ബോധ്യപ്പെടുത്തി. അവൻ അവ തിരിച്ചെടുത്തു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോഴുണ്ട് മറ്റൊരു വെയ്റ്റർ മറ്റേ മൂലക്കിരിക്കുന്ന വേറൊരു കൂട്ടർക്ക് പൊരിച്ച മാന്ത വിളമ്പുന്നു. അടിച്ചുപൊളിക്കേണ്ടേ ഇത്തരം ഭോജനശാലകൾ?.
ഇനി വേറൊന്ന് ചോദിക്കട്ടെ, നമ്മുടെ നാട്ടിലെ പല ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തതായുള്ള വാർത്ത പേരുവിവര പ്രകാരം നമ്മൾ കേൾക്കാറില്ലേ?. പക്ഷേ, യാതൊരു പരുക്കും കൂടാതെ അശേഷം ഉളുപ്പില്ലാതെ അവറ്റ തുറന്നുപ്രവർത്തിക്കുന്നില്ലേ. ഫുഡ് ഇൻസ്പെക്ടർമാരും ഹോട്ടൽ മുതലാളിമാരും തമ്മിലുള്ള ഈ അധോബന്ധത്തെ തകർക്കാൻ മസിലുറപ്പുള്ള സാദാചാരപ്പോലീസ് രൂപവത്കരിക്കലല്ലാതെ മറ്റെന്ത് വഴിയാണുള്ളത്, പറ! വീടിനു വെളിയിൽ വൃത്തിയിൽ ആഹാരം കഴിക്കാമെന്ന് തൃപ്തിതോന്നിയ ഒറ്റയൊരു ഹോട്ടലിന്റെ പേര് നിങ്ങൾ താഴെ കൊടുത്ത വാട്‌സാപ്പ് നമ്പറിൽ അറിയിച്ചാട്ടെ. ഒപ്പം നിങ്ങൾക്ക് മേപ്പടി ദുരനുഭവമുണ്ടായ മൊത്തം ഹോട്ടലുകളുടെ പേരുകൾ സ്ഥലസഹിതം, ചിത്രസമേതം ഇങ്ങയക്ക്. നമുക്കവ സോഷ്യൽ മീഡിയവഴി കൂട്ടമായി പ്രചരിപ്പിച്ച് “ഡിഅഡ്വർടൈസ്‌മെന്റ്” എന്ന ആശയത്തിന് രൂപം കൊടുക്കാമല്ലോ. നോക്കാലോ ഇവൻമാർ നേരയാവുമോ എന്ന്!

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com

Latest