Connect with us

National

കമലേഷ് തിവാരിക്ക് 15 തവണ കുത്തേറ്റു; തലക്ക് വെടിയേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ 18ന് ലഖ്‌നോവിലെ വസതിയില്‍വെച്ച് ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയ ഹിന്ദു സമാജ്വാദി പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കമലേഷിന് 15 തവണ കുത്തേറ്റതായും തലക്ക് നിരവധി തവണ വെടിയേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ മുകള്‍ ഭാഗത്തായിട്ടാണ് 15 തവണയും കുത്തേറ്റത്. 100 സെന്റിമീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് ഓരോ മുറിവും. കഴുത്തില്‍ രണ്ട് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. കഴുത്ത് മുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്രയും ആഴത്തിലുള്ള മുറിവെന്നാണ് പ്രാഥമിക നിഗമനം. മരണം ഉറപ്പാക്കാനായി അക്രമികള്‍ വെടിവെക്കുകയായിരുന്നു. തലയോട്ടിക്ക് പുറകിലാണ് വെടിയേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ താമസക്കാരായ അഷ്ഫാക്ക് ശൈഖ് (34), മൊയ്‌നുദ്ദീന്‍ പത്താന്‍ (27) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. കമലേഷ് തിവാരിയുടെ കൊലപാതകം മുതല്‍ ഇവര്‍ ഒളിവിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.

ഹിന്ദു മഹാസഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കമലേഷ് തിവാരി. എന്നാല്‍ ഹിന്ദു മഹാസഭയിലെ നേതാക്കളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇദ്ദേഹം സംഘടന വിടുകയും സ്വന്തമായി ഹിന്ദു സമാജ്വാദി എന്ന പേരില്‍ സംഘടന ആരംഭിക്കുകയുമായിരുന്നു.

 

Latest