തിരിച്ചു പിടിക്കാൻ ഗോവ; തിരിച്ചു വരാൻ ചെന്നൈയിൻ

Posted on: October 23, 2019 12:21 pm | Last updated: October 23, 2019 at 12:21 pm


പനജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഗോവ എഫ് സി- ചെന്നൈയിൻ എഫ് സി പോരാട്ടം. ഗോവയുടെ തട്ടകമായ ഫത്തോഡ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലുടനീളം ഗംഭീര പ്രകടനം കാഴ്ചവെച്ച ഗോവ പക്ഷേ, ഫൈനലിൽ ബെംഗളൂരുവിനോട് പരാജയപ്പെടുകയായിരുന്നു.

പുതിയ സീസണിൽ വിജയത്തോടെ തുടങ്ങാനാണ് സെർജിയോ ലൊബേറ പരിശീലകനായ ഗോവ ലക്ഷ്യമിടുന്നത്. ഫെറാൻ കൊറോമിനസ്, ഹ്യൂഗോ ബൗമസ്, അഹമ്മദ് ജഹോ, എഡു ബേഡിയ, മന്ദർ റാവു ദേശായി, സെറിറ്റൻ ഫെർണാണ്ടസ്, ലെനി റോഡ്രിഗസ്, ജാക്കി ചന്ദ് സിംഗ് തുടങ്ങി അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും മികവ് തെളിയിച്ച താരങ്ങളാണ് ഗോവയുടെ കരുത്ത്. ഇതിൽ കഴിഞ്ഞ രണ്ട് സീസണിലും ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ ഫെറാൻ കൊറോമിനൊസാണ് ടീമിന്റെ വജ്രായുധം.
പുതിയ സീസണിന് മുമ്പുള്ള ടീമിന്റെ തയ്യാറെടുപ്പ് മികച്ചതായിരുന്നുവെന്നും ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽമൂന്ന് പോയിന്റ് നേടാനാണ് ശ്രമമെന്നും ലൊബേറ പറഞ്ഞു.

കഴിഞ്ഞ സീസണിൽ പാടെ നിറം മങ്ങിയ ചെന്നൈയിൻ തിരിച്ചുവരവിന്റെ പാതയിലാണ്. 18 മത്സരങ്ങളിൽ രണ്ട് ജയം മാത്രം നേടിയ നീലപ്പട ഏറ്റവും പിന്നിലായാണ് സീസൺ അവസാനിപ്പിച്ചത്. എന്നാൽ, മികച്ച കളിക്കാരെ എത്തിച്ച് ടീമിനെ അടിമുടി മാറ്റിക്കഴിഞ്ഞു പരിശീലകനായ ജോൺ ഗ്രിഗറി. ആറ് പുതിയവിദേശ താരങ്ങളാണ് ടീമിനൊപ്പമുള്ളത്. വിശാൽ കെയ്ത്ത്, ലാലിയാൻ സുവാല ചാംഗ്‌തെ എഡ്വിൻ വാൻസ്‌പോൾ, റഹിം അലി തുടങ്ങിയ ഇന്ത്യൻ താരങ്ങളും ടീമിന്റെ കരുത്തുകൂട്ടുന്നു.
“ഞങ്ങൾക്ക് പുതിയൊരു ടീമുണ്ട്. കഴിഞ്ഞ സീസണിലുണ്ടായിരുന്ന ഏഴ് വിദേശ കളിക്കാരിൽ ആറ് പേരെയും മാറ്റി. ആഭ്യന്തര താരങ്ങളിലും ഞങ്ങൾ സന്തുഷ്ടരാണ്’ – ഗ്രിഗ്രറി പറഞ്ഞു. ഗോവ മികച്ച ടീമാണ്. അതിനാൽ മത്സരം ഏറെ കടുത്തതുമാണ്. ഗോവയേക്കാൾ ബുദ്ധിമുട്ടുള്ള എവേ ഗെയിം ഇല്ല. ടീം ഒത്തിണക്കം കാണിച്ചാൽ വിജയം അകലെയാകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.