ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെണ്ണൽ സി സി ടി വി നിരീക്ഷണത്തിൽ

Posted on: October 23, 2019 11:45 am | Last updated: October 23, 2019 at 11:45 am


തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആദ്യം തപാൽ ബാലറ്റുകളാണ് എണ്ണുക. തുടർന്നായിരിക്കും ഇ വി എം മെഷീനിലെ വോട്ടെണ്ണൽ. മുഴുവൻ മണ്ഡലങ്ങളിലും അഞ്ച് ബൂത്തുകളിലെ വി വി പാറ്റ് സ്ലിപ്പുകൾ എണ്ണും. വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് പ്രത്യേക സി സി ടി വി നിരീക്ഷണത്തിലായിരിക്കും. കൂടാതെ, ഇവ എണ്ണുന്നത് പൂർണമായി വീഡിയോയിൽ പകർത്തും.

നാളെ രാവിലെ എട്ട് മുതലാണ് അഞ്ച് മണ്ഡലങ്ങളിലും വോട്ടെണ്ണാൻ തുടങ്ങുക. മഞ്ചേശ്വരം- ഗവ. എച്ച് എസ് പൈവളിഗ നഗർ, എറണാകുളം- മഹാരാജാസ് കോളജ്, അരൂർ- എൻ എസ് എസ് കോളജ് പള്ളിപ്പുറം ചേർത്തല, കോന്നി- അമൃത വി എച്ച് എസ് എസ് എലിയറയ്ക്കൽ, വട്ടിയൂർക്കാവ്- സെന്റ് മേരീസ് എച്ച് എസ് എസ് പട്ടം എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

നിലവിൽ കേന്ദ്ര അർധ സൈനിക വിഭാഗങ്ങളുടെ സുരക്ഷാ ചുമതലയിൽ സ്‌ട്രോംഗ് റൂമിൽ അതീവ സുരക്ഷയോടെയാണ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇന്നർ സർക്കിളിൽ സി ആർ പി എഫിന്റെതാണ് സുരക്ഷ. എല്ലാ കേന്ദ്രങ്ങളും സി സി ടി വി നിരീക്ഷണത്തിലാണ്. ഇരട്ട ലോക്ക് സംവിധാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പ്രക്രിയ സുഗമമായി പൂർത്തിയാക്കാൻ സഹകരിച്ച രാഷ്ട്രീയ കക്ഷികൾക്കും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നന്ദി പറഞ്ഞു.

അതേസമയം, അന്തിമ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 69.93 ശതമാനമാണ് പോളിംഗ് നടന്നത്. മഞ്ചേശ്വരത്ത് 75.78, എറണാകുളത്ത് 57.9, അരൂരിൽ 80.47, കോന്നിയിൽ 70.07, വട്ടിയൂർക്കാവിൽ 62.66 ശതമാനം പോളിംഗ് നടന്നു. അഞ്ച് മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളിൽ ആകെയുണ്ടായിരുന്ന 9,57,509 വോട്ടർമാരിൽ 6,69,596 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 3,26, 038 പേർ പുരുഷന്മാരും, 3,43,556 പേർ സ്ത്രീകളും രണ്ട് പേർ ട്രാൻസ്‌ജെൻഡറുകളുമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 13.7 ശതമാനം പോളിംഗ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് 0.41 ശതമാനവും അരൂരിൽ 4.96 ശതമാനവും കോന്നിയിൽ 3.12 ശതമാനവും വട്ടിയൂർക്കാവിൽ 7.17 ശതമാനവും 2016 നെക്കാൾ കുറവുണ്ട്. ഇത്തവണ 132 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. 125 ബൂത്തുകളിൽ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.

വോട്ടെടുപ്പിൽ വി വി പാറ്റുകൾ തകരാറിലായതിന്റെ എണ്ണവും കുറവായിരുന്നു. മഞ്ചേശ്വരത്ത് 24 എണ്ണവും എറണാകുളത്ത് അഞ്ചെണ്ണവും അരൂരിൽ ഏഴെണ്ണവും കോന്നിയിൽ 11 എണ്ണവും വട്ടിയൂർക്കാവിൽ നാലെണ്ണവും തകരാറിലായി.