Connect with us

Malappuram

ലഹരിക്കെതിരെ മഹല്ല് നേതൃത്വങ്ങൾ ഉണരണം: കാന്തപുരം

Published

|

Last Updated

സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

അരീക്കോട്: യുവാക്കളിലും വിദ്യാർഥികളിലും വ്യാപകമായ ലഹരി ഉപയോഗത്തിനെതിരേ മഹല്ല് നേതൃത്വങ്ങൾ ഉണരണമെന്നും സാമൂഹികമായ ഈ വിപത്തിനെതിരെ മഹല്ലുകളുടെ ഉദ്‌ബോധനം അനിവാര്യമാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂക്കർ മുസ്‌ലിയാർ.
“മഹല്ലുകൾ: ധർമം നശിക്കരുത്” എന്ന ശീർഷകത്തിൽ അരീക്കോട്ട് നടന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കൽ മഹല്ല് ഭരണാധികാരികളുടെ കടമയാണ്. അവ തട്ടിയെടുക്കാൻ ഇടക്കാലത്ത് പലരും ശ്രമം നടത്തിയിട്ടുണ്ട്. അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, പ്രൊഫ. കെ എം എ റഹീം, കെ ടി അബ്ദുർറഹ്‌മാൻ പ്രസംഗിച്ചു. രാവിലെ നടന്ന ജില്ലാ കൗൺസിൽ പ്രൊഫ. കെ എം എ റഹീം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രൊഫ. എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.

സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തന്നൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി, കെ സി അബൂബക്കർ ഫൈസി, വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ ശൗക്കത്തലി പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ക്ലാസെടുത്തു.

Latest