Connect with us

Editorial

പിന്നെയും ജനാധിപത്യ ധ്വംസനം

Published

|

Last Updated

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിനോടനുബന്ധിച്ച് തടവിലാക്കപ്പെട്ട സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ക്ക് മോചനം വേണമെങ്കില്‍ ഭരണഘടനയുടെ 370ാം വകുപ്പടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നു ബോണ്ടില്‍ ഒപ്പിട്ടു നല്‍കണമത്രെ.
പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട് നേതാക്കള്‍ക്ക്. വ്യവസ്ഥകള്‍ പാലിക്കുമെന്ന ഉറപ്പില്‍ 10,000 രൂപ മുന്‍കൂര്‍ കെട്ടിവെക്കുകയും വ്യവസ്ഥ ലംഘിച്ചാല്‍ 40,000 രൂപ പിഴയൊടുക്കുകയും വേണം. 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പ്രതിഷേധം ആളിപ്പടരാതിരിക്കാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങി നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയിട്ടുണ്ട് സര്‍ക്കാര്‍. അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ എതിര്‍ക്കാത്ത നേതാക്കള്‍ക്ക് ഇതു ബാധകമല്ല. ദേവേന്ദ്ര സിംഗ് റാണ, ഹര്‍ദേവ് സിംഗ്, രണ്‍ഭല്ല, ചൗധരി ലാല്‍സിംഗ് തുടങ്ങി ജമ്മു മേഖലയിലെ നേതാക്കളെ ഒരു ബോണ്ടിലും ഒപ്പിടാതെ തന്നെ നേരത്തെ മോചിപ്പിച്ചിരുന്നു.

നിലവില്‍ തടവിലിരിക്കുന്ന മിക്ക നേതാക്കളും അഭിപ്രായ സ്വാതന്ത്ര്യം അടിയറവെച്ച് ജയിലില്‍ നിന്ന് പുറത്തു വരേണ്ടതില്ലെന്ന തീരുമാനത്തിലാണ്. സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഈ നേതാക്കളെ അകാരണമായി തടങ്കലിലാക്കിയതിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തു കളഞ്ഞത് കശ്മീര്‍ ജനതക്ക് നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്നു പലരും ചൂണ്ടിക്കാട്ടിയതാണ്. ഇക്കാര്യം കശ്മീര്‍ നേതാക്കള്‍ക്ക് ചൂണ്ടിക്കാട്ടാനോ ജനങ്ങളുടെ മുമ്പാകെ സംസാരിക്കാനോ പറ്റില്ലെങ്കില്‍ പിന്നെന്താണ് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അര്‍ഥം? അവരെ സംസാരിക്കാന്‍ അനുവദിച്ചാല്‍ സര്‍ക്കാറിന്റെ നയവൈകല്യങ്ങളെയും സ്വേച്ഛാധിപത്യത്തെയും തുറന്നു കാട്ടാന്‍ വഴിയൊരുങ്ങുമെന്നതാണ് അധികാരി വര്‍ഗത്തെ ആശങ്കാകുലരാക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ഞെരിച്ചു കൊല്ലുന്ന ഈ നീക്കം ഭരണകൂട ഭീകരതയാണ്.

സര്‍ക്കാറിന്റെ ഏകാധിപത്യ നടപടി ഇതാദ്യത്തേതല്ല. രാജ്യത്തെ സര്‍വകലാശാല അധ്യാപകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ യു ജി സി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതു സദസ്സുകളിലോ സാമൂഹിക മാധ്യമങ്ങളിലോ കേന്ദ്രത്തിനെതിരായ അഭിപ്രായ പ്രകടനം നടത്തിയാല്‍ കടുത്ത അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഹിന്ദുത്വ ഫാസിസത്തിന്റെ ശക്തമായ അസഹിഷ്ണുത, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, നോട്ട് നിരോധനം തുടങ്ങിയവയെ എതിര്‍ത്ത് പല സര്‍വകലാശാല അധ്യാപകരും രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ഈ യു ജി സി നടപടി. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ അജന്‍ഡയുടെ ഭാഗമാണിതെന്ന് കേന്ദ്ര സര്‍വകലാശാല ടീച്ചേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര നയങ്ങളെ വിമര്‍ശിക്കുകയും റാഫേല്‍ അഴിമതിയുടെ രേഖകള്‍ പുറത്തു കൊണ്ടുവരികയും ചെയ്തതിന് മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ദി ഹിന്ദു, എ ബി പി ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ് എന്നിവക്ക് പരസ്യങ്ങള്‍ നിഷേധിച്ചതും ഇതോടു ചേര്‍ത്തു വായിക്കാകുന്നതാണ്.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. വിയോജിപ്പുകള്‍ ഉള്‍ക്കൊള്ളുകയെന്നതാണ് ജനാധിപത്യത്തിന്റെ സ്വഭാവം. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ അതിന്റെ നൈതികഭാവമാണ്. വിയോജിപ്പുകളെ ഭയക്കുന്നതും എതിര്‍ ശബ്ദങ്ങളെ ഏത് വിധേനയും ഇല്ലായ്മ ചെയ്യുന്നതും ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും രീതിയാണ്. എതിര്‍പ്പിന്റെ ചിന്തകളും ആശയങ്ങളും അവരെ അലോസരപ്പെടുത്തും. ആശയങ്ങളെ ആയുധം കൊണ്ട് കീഴടക്കാമെന്നാണവരുടെ വ്യാമോഹം. ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത നിയമ സംഹിതയാണ് പുരോഗമന സമൂഹത്തില്‍ പോലും ഇവര്‍ വെച്ചുപുലര്‍ത്തുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് സര്‍ക്കാര്‍ വിമര്‍കരെ ഇവര്‍ നിശ്ശബ്ദരാക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ പറയുന്നതിലെന്തിലും ദേശവിരുദ്ധതയും രാജ്യദ്രോഹവും കാണുമ്പോള്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ജനാധിപത്യ, മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്ത എന്ത് പ്രസ്താവനയും നടത്താമെന്നതാണ് ഇന്നത്തെ അവസ്ഥ.

രാജ്യത്തെ എല്ലാ പള്ളികളിലും ഗണപതിയുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്നും സൂര്യനമസ്‌കാരം ചെയ്യാത്തവരെ കടലില്‍ മുക്കിക്കൊല്ലണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി പ്രസംഗിച്ചപ്പോള്‍ ഇവിടെ നിയമം ഉറങ്ങിക്കിടന്നു. വന്ദേമാതരം പാടാന്‍ അറിയാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല, അവരെ പാക്കിസ്ഥാനിലേക്ക് കയറ്റിവിടുമെന്ന് ബി ജെ പി നേതാവ് സുരേന്ദ്ര സിംഗും, മുസ്‌ലിം യുവതികളെ പ്രേമിച്ച് ഹിന്ദുവാക്കുന്നതിന് റിവേഴ്‌സ് ലൗജിഹാദ് പരിപാടി ആസൂത്രണം ചെയ്തു വരുന്നതായി ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയപ്പോഴും അധികൃതര്‍ അനങ്ങിയില്ല.

ഒരു വിഭാഗത്തിന്റെ ശരിയിലേക്ക് മാത്രം രാജ്യം ചുരുക്കപ്പെടുകയും അവരുടെ ഔദാര്യത്തില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ജീവിക്കാനാകൂ എന്ന അവസ്ഥാവിശേഷം ഇതേ വിധം തുടര്‍ന്നാല്‍ ജനാധിപത്യ ഇന്ത്യ സമീപ ഭാവിയില്‍ തന്നെ ഒരു ഓര്‍മയായിത്തീരും.

Latest