കൊച്ചിയിലെ വെള്ളക്കെട്ട്: ദൗത്യസംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

Posted on: October 23, 2019 11:17 am | Last updated: October 23, 2019 at 2:00 pm

കൊച്ചി:കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ രൂക്ഷവിമര്‍ശനവുമായി കോര്‍പ്പറേഷനെതിരെ വീണ്ടും ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദൗത്യസംഘത്തെ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. കോടതി ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഇതില്‍ വിവാദത്തിന്റെ ആവശ്യമില്ല. വെള്ളക്കെട്ടില്‍ കോര്‍പ്പറേഷന്‍ ഒന്നും ചെയ്തില്ലെന്നും ഹൈകോടതി വ്യക്തമാക്കി

. ശക്തമായ മഴയും വേലിയേറ്റവുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കോര്‍പ്പറേഷന്‍ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. വെള്ളക്കെട്ടിന് കാരണം ഇതാണെന്ന് എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു. അതേസമയം, വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എ ജി ഹൈകോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തിയെന്ന് എ ജി കോടതിയില്‍ വിശദീകരിച്ചു.
കൊച്ചിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രൂക്ഷമായ ഭാഷയില്‍ കോര്‍പ്പറേഷനെ വിമര്‍ശിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.