ബിഷപ്പ് ഫ്രാങ്കോ ആടുത്ത മാസം കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്; പരാതിയുമായി വീണ്ടും കന്യാസ്ത്രീ

Posted on: October 23, 2019 9:31 am | Last updated: October 23, 2019 at 1:35 pm

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതി സമന്‍സ് അയച്ചു. അടുത്ത മാസം 11ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകണം.ജലന്ധറിലെത്തി പോലീസ് ബിഷപ്പിന് സമന്‍സ് കൈമാറുകയായിരുന്നു.

അതേ സമയം ബിഷപ്പിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കി. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.ഫ്രാങ്കോക്കെതിരായ കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ തന്നെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ വീണ്ടും ഇരയെ സമൂഹമാധ്യമത്തില്‍ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകള്‍ ഇറക്കുന്നതിനെതിരെയാണ്കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.