ടോൾ ഗേറ്റ്: 30 ദിവസത്തിനകം പണം അടക്കുന്നവർക്ക് പിഴയിൽ 25 ശതമാനം കുറവ്

Posted on: October 22, 2019 3:31 pm | Last updated: October 22, 2019 at 3:31 pm

അബുദാബി:  ടോൾ നിരക്ക് അടക്കാത്ത വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നിരക്ക് അടച്ചാൽ പിഴയിൽ 25 ശതമാനത്തിന്റെ കുറവ് ലഭിക്കുമെന്ന് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചു. ഗതാഗത വകുപ്പ് ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 30 ദിവസത്തിനുള്ളിൽ പണമടച്ചാൽ വാഹനമോടിക്കുന്നവർ പിഴയുടെ 75 ശതമാനം മാത്രമേ നൽകേണ്ടതുള്ളൂ.

എമിറേറ്റിൽ ട്രാഫിക് ടോൾ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ശൈഖ് തിയാബ് അറിയിച്ചു. ഒക്ടോബർ 15 നാണ് അബുദാബിയിൽ ടോൾ ഗേറ്റ് പ്രാബല്യത്തിൽ വന്നത്. എന്നാൽ 2020 ജനുവരിയിൽ മാത്രമേ പൂർണമായും നടപ്പാകുകയുള്ളൂ.
ജനുവരി 1 വരെ വാഹനമോടിക്കുന്നവരിൽ നിന്ന് നിരക്ക് ഈടാക്കില്ലെന്ന് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ ചില ഫീസ് ഇളവുകളും പ്രതിമാസ പരിധികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വാഹനത്തിന് പ്രതിദിനം 16 ദിർഹത്തിന്റെ പരിധി കൂടാതെ, പുതിയ പ്രതിമാസ പരിധിയും ഏർപ്പെടുത്തി. ഉടമയുടെ ആദ്യത്തെ വാഹനത്തിന് 200 ദിർഹവും രണ്ടാമത്തേതിന് 150 ദിർഹവും ഓരോ അധിക വാഹനത്തിനും 100 ദിർഹമുമാണ് പുതിയ നിരക്ക്.