Connect with us

Kerala

വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ

Published

|

Last Updated

എറണാകുളം: വിധി ബലാത്സഗം പോലെയാണെന്നും പ്രതിരോധിക്കാനായില്ലെങ്കില്‍ ആസ്വദിക്കണമെന്നുമുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്‍ എം പിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. തന്റെ പോസ്റ്റില്‍ തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും, ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാന്‍ മനസിലാക്കുന്നു. നിരവധി സ്ത്രീകള്‍ നേരിട്ട ദുരവസ്ഥയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അന്ന പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഹൈബി ഈഡന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്നയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

ഇതിനുള്ള വിശദീകരണമായി ഖേദം പ്രകടിപ്പിച്ചുള്ള അന്നയുടെ പുതിയ പോസ്റ്റ് ഇപ്രകാരമാണ്

കഴിഞ്ഞ ഒരാഴ്ചക്കാലമായി തന്റെ അച്ഛന്‍ അതീവ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുമ്പെങ്ങും ഇല്ലാത്ത വിധം വീട്ടില്‍ വെള്ളം കയറി വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യില്‍ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കില്‍ ഇലക്ഷന്‍ തിരക്കിലും..

അപ്പയുടെ അവസ്ഥ വളരെ മോശമാണ് . വെന്റിലേറ്റര്‍ പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യം. ചിലപ്പോള്‍ നമ്മുടെ എല്ലാം ജീവിതത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങള്‍. ജീവിതത്തില്‍ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം.
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓര്‍മ. അമിതാഭ് ബച്ചന്‍ എ ബി സി എല്‍ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം നടത്തിയ ഒരു പരാമര്ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമര്‍ശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓര്‍മയാണ് ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒട്ടനവധി സ്ത്രീകള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയില്‍, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റില്‍ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ എനിക്ക് ഏറെ വിഷമമുണ്ട്. ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

 

Latest