Connect with us

Articles

വര്‍ഗീയത ഊട്ടിയാല്‍ വയറു നിറയില്ല

Published

|

Last Updated

ആഗോള പട്ടിണി സൂചികയില്‍ രാജ്യം ഏറെ പിറകോട്ട് പോയിരിക്കുന്നു എന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാറിനെ വലക്കുന്ന ഒരു പ്രശ്നമാകേണ്ടതാണ്. എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ഈ സര്‍ക്കാറിന്റെ ഒരു വിഷയമേ അല്ലാതായിട്ടുണ്ട് എന്നിടത്തേക്കാണല്ലോ കാര്യങ്ങള്‍ എത്തിയിട്ടുള്ളത്. ഭൂപ്രകൃതിയാലും ജനസംഖ്യ അടക്കം മറ്റനേകം വിഷയങ്ങളാലും ഇന്ത്യയിലെ പട്ടിണി ഒരു സങ്കീര്‍ണമായ പ്രതിസന്ധിയാണ്. ബ്രിട്ടീഷുകാരുടെ കോളനിവത്കരണത്തില്‍ നിന്ന് സ്വതന്ത്രമാകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ദയനീയമായ സാമൂഹിക സ്ഥിതിയുള്ള രാജ്യമായി നാം വീണുപോയിരുന്നു. കൂടെ വിഭജനത്തിന്റെ മുറിവും വേദനയും നമ്മുടെ വീഴ്ചയുടെ ആഘാതം കൂട്ടി. ഇന്ത്യ എന്ന പുതിയ രാഷ്ട്രീയ അസ്തിത്വം സമ്പൂര്‍ണ പരാജയമാകാന്‍ പോകുന്നു എന്ന് ലോകത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ വിചക്ഷണരും പ്രവചിച്ചിരുന്നു. പക്ഷേ, ഇന്ത്യയുടെ സമൃദ്ധമായ സാംസ്‌കാരിക ചരിത്രം പോലെ ഈ “പുതിയ രാജ്യം” എഴുന്നേറ്റു നിന്നു. ഇച്ഛാശക്തിയുള്ള ഒരു ജനതയാണ് ഇന്ത്യയിലേതെന്ന് ലോകം തിരിച്ചറിഞ്ഞു. പക്ഷേ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ വളര്‍ച്ചയും നേട്ടങ്ങളുമൊന്നും തന്നെ സാര്‍വത്രികമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്ന സങ്കടകരമായ വസ്തുതയെ ഓര്‍മിപ്പിക്കുകയാണ് ഓരോ തവണത്തെയും ആഗോള പട്ടിണി സൂചിക.

പട്ടിണി ഇല്ലാതാക്കുന്നതില്‍ ഏറ്റവും പരാജയപ്പെട്ട രാജ്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതില്‍ അയല്‍ രാജ്യങ്ങളെല്ലാം നമ്മുടെ സ്ഥിതിയേക്കാള്‍ മെച്ചമാണ്. ബംഗ്ലാദേശിന്റെ വളര്‍ച്ചയാണ് ഇതില്‍ ഏറ്റവും അത്ഭുതകരം. മുമ്പ് ഇന്ത്യയേക്കാള്‍ ഏറെ പിന്നിലായിരുന്ന ഈ രാജ്യം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കാഴ്ചവെച്ചത്. അത് അവരുടെ സാമ്പത്തിക വളര്‍ച്ചയിലും കാണാനുണ്ട്. രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബി ജെ പി- ആര്‍ എസ് എസ് രാഷ്ട്രീയത്തിന്റെ എക്കാലത്തെയും നല്ല ഒഴിവു കഴിവുകളിലൊന്നായ പാക്കിസ്ഥാനും ഈ പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പും ഇപ്പോഴും നിലച്ചിട്ടില്ലാത്ത അഭയാര്‍ഥി പ്രവാഹവും അഭിമുഖീകരിക്കുന്ന ബംഗ്ലാദേശും രാഷ്ട്രീയ അസ്ഥിരതക്ക് നമ്മള്‍ പര്യായമായി പറഞ്ഞ് പരിഹസിച്ച പാക്കിസ്ഥാനും അവരവരുടെ രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. നാട്ടിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം റോഹിംഗ്യരാണെന്നുള്ള സിദ്ധാന്തങ്ങള്‍ വിശ്വസിച്ചു തുടങ്ങിയവര്‍ക്ക് ഇത് ഒരു നല്ല പാഠമാകേണ്ടതാണ്.

ആഗോള പട്ടിണി സൂചികയില്‍ പറയുന്ന മാനദണ്ഡങ്ങളില്‍ എല്ലാം തന്നെ നമ്മുടെ രാജ്യം പിറകോട്ടാണ്. 2000ല്‍ 83 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മൂല്യവും ഇന്ത്യക്കുണ്ടായിരുന്നു. 2008ല്‍ 102ആയി ഇന്ത്യയുടെ സ്ഥാനം പിറകോട്ട് പോയെങ്കിലും രണ്ട് യു പി എ സര്‍ക്കാറുകളുടെയും കാലത്തെ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങിയ ജനക്ഷേമ പദ്ധതികളുടെ അടിസ്ഥാനത്തില്‍ 2014 ആകുമ്പോഴേക്കും ഇന്ത്യ സൂചികയില്‍ സ്ഥാനം 55 ആക്കി മെച്ചപ്പെടുത്തിയിരുന്നു. കുട്ടികളുടെ പോഷകാഹാരം, വളര്‍ച്ച, മാതൃ-ശിശു മരണ നിരക്ക് തുടങ്ങിയ ഘടകങ്ങളില്‍ അങ്ങേയറ്റം വേദനാജനകമായ സ്ഥിതിയിലാണ് നാം. രാജ്യത്ത് പ്രസവശേഷം ആറ് മാസം മുതല്‍ 23 മാസം വരെ വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളില്‍ വെറും ഒമ്പത് ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് മതിയായ രീതിയില്‍ ആഹാരം ലഭ്യമാകുന്നുള്ളൂ. അതായത് മാതൃമരണ നിരക്കും ശിശുമരണ നിരക്കും അങ്ങേയറ്റം വര്‍ധിച്ച നമ്മുടെ രാജ്യത്ത് നിലവില്‍ ഇങ്ങനെയൊരു കണ്ടെത്തലിന് വലിയ അത്ഭുതമൊന്നുമില്ല.
കുട്ടികളുടെ പോഷകാഹാരക്കുറവ് ഇന്ത്യയില്‍ രൂക്ഷമായി കഴിഞ്ഞിട്ടുണ്ട് എന്നതാണ് സൂചികയുടെ കണക്കുകള്‍ പറയുന്നത്. ആഭ്യന്തര കലാപം രൂക്ഷമായ യമനിലെ സാഹചര്യം പോലും ഇന്ത്യയേക്കാള്‍ ഭേദമാണെന്നത് നമ്മുടെ സ്ഥിതി എത്ര ദയനീയമാണെന്നതിലേക്ക് സൂചന നല്‍കുന്നു.

യു പിയിലെ പല സ്‌കൂളിലും കുട്ടികള്‍ക്ക് ചോറും മഞ്ഞള്‍ വെള്ളവുമാണ് ഉച്ച ഭക്ഷണത്തിന് വിളമ്പുന്നതെന്ന് വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സര്‍വീസുകള്‍ ആരംഭിച്ച സംസ്ഥാനമാണ് യു പി എന്ന് കൂടി ഓര്‍ക്കണം. നമ്മുടെ ലക്ഷ്യവും ശ്രദ്ധയും ഊന്നലുമെല്ലാം രാഷ്ട്രീയ താത്പര്യത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ് നിലവിലെ പ്രശ്‌നം.

രാജ്യത്തെ പട്ടിണി മുഴുവന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ വന്നതിന്റെയോ പോയതിന്റെയോ ഫലമായി സംഭവിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നതില്‍ അര്‍ഥമില്ല. പക്ഷേ, ഈ യാഥാര്‍ഥ്യത്തോടൊപ്പം ആരുടെ ക്ഷേമമാണ് ഓരോ സര്‍ക്കാറുകളും ഉറപ്പു വരുത്തേണ്ടതെന്നതിനെ പറ്റിയുള്ള വീക്ഷണ വ്യത്യാസം പരിശോധിക്കപ്പെടുകയും വേണം. ഇന്ദിരാ ഗാന്ധിയുടെ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ പ്രഖ്യാപിത ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം. എന്നാല്‍ നെഹ്‌റു ആവിഷ്‌കരിച്ച പഞ്ചവത്സര പദ്ധതികളുടെ പ്രഥമലക്ഷ്യം തന്നെ ദാരിദ്ര്യം എന്ന സങ്കീര്‍ണ സമസ്യയായിരുന്നു. ശാസ്ത്രി സര്‍ക്കാറും അതേ പാത പിന്തുടര്‍ന്നു. ക്രമാതീതമായ ജനസംഖ്യാ വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമോയെന്ന ആശങ്കകള്‍ പക്ഷേ, ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവില്‍ അസ്ഥാനത്തായി. വലിയ ജനസംഖ്യ വലിയ മുതല്‍ക്കൂട്ടാകുമെന്ന് അവര്‍ ദീര്‍ഘ വീക്ഷണം ചെയ്തിരുന്നു.

രാജീവ് ഗാന്ധിയാകട്ടെ തൊഴിലില്ലായ്മയും സാക്ഷരതയും ധൈര്യത്തോടെ അഭിമുഖീകരിച്ചു. യുവാക്കളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിനും സാക്ഷരതാ യജ്ഞങ്ങള്‍ സജീവമാക്കുന്നതിനും ശ്രദ്ധിച്ചു. എന്നിട്ടും പല രാജ്യാന്തര- ആഭ്യന്തര സാമ്പത്തിക ഘടകങ്ങള്‍ ഫലമായി പാടെ അടിതെറ്റിപ്പോകുമായിരുന്ന സമ്പദ്ഘടനയെ ഉദാരവത്കരണത്തിലൂടെ പിടിച്ചു നിര്‍ത്താനും നരസിംഹ റാവു, മന്‍മോഹന്‍ സിംഗ് കൂട്ടുകെട്ടിനായി. ഓരോ സമയത്തും കാലോചിതമായ പരിഷ്‌കാരങ്ങള്‍ യാഥാര്‍ഥ്യ ബോധ്യത്തോടെ സാധ്യമാക്കാനായി എന്നതു മാത്രമായിരുന്നു ആശ്വാസം.

വാജ്പേയി സര്‍ക്കാറും ഇന്ത്യയുടെ ഗ്രാമീണ യാഥാര്‍ഥ്യത്തെ ഒരു പരിധി വരെ മനസ്സിലാക്കിയിരുന്നു എന്ന് വേണം പറയാന്‍. കാര്‍ഷിക വ്യാവസായിക രംഗങ്ങളെ സമാസമം ഉത്തേജിപ്പിക്കുകയെന്ന നെഹ്റുവിയന്‍ ചിന്തയുടെ പ്രസക്തി ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്നും അതാണ് ആവശ്യമെന്നും തിരിച്ചറിഞ്ഞതായിരുന്നു യു പി എ സര്‍ക്കാറുകള്‍. 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷത്തിനിടക്ക് ഊന്നല്‍ നല്‍കിയത് സാമൂഹിക നീതിയും സമത്വവും ഉറപ്പു വരുത്തുകയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച ദാരിദ്ര്യ നിര്‍മാര്‍ജന ലക്ഷ്യമുള്ള പദ്ധതികളിലൊന്നായിരുന്നു ഈ കാലയളവില്‍ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 2014നു ശേഷം നമ്മുടെ സാമ്പത്തിക ലക്ഷ്യവും ശ്രദ്ധയും അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് പാടെ മാറുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നതാണ് ഇപ്പോഴുള്ള സാമ്പത്തിക ആഘാതങ്ങള്‍ക്ക് കാരണം. നോട്ടു നിരോധനം, ജി എസ് ടി, തെറ്റായ കാര്‍ഷിക നയങ്ങള്‍ എന്നിവ ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ജനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതാണ് സത്യം.
എന്നാല്‍ തിരഞ്ഞെടുപ്പ് വിജയം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ആശിര്‍വാദമാണെന്ന തരത്തിലുള്ള അബദ്ധ ചിന്തകളില്‍ അഭിരമിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. വൈരുധ്യമെന്നല്ലേ പറയേണ്ടൂ, ഈ തിരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം തന്നെ പണക്കൊഴുപ്പിലൂടെയും ഏകപക്ഷീയമായ മാധ്യമ വിലയിരുത്തലുകളിലൂടെയും വ്യാജ വാര്‍ത്തകളുടെ പ്രചാരണത്തിലൂടെയും ഉണ്ടായതാണ്.

പോരാത്തതിന് വര്‍ഗീയതയും അയല്‍ രാജ്യങ്ങളും അപരവത്കരണവുമല്ലാതെ ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ മോദിയും സംഘവും തയ്യാറായിട്ടില്ല. മുതലാളി ക്ഷേമം മാത്രം കണക്കിലെടുക്കുന്ന സര്‍ക്കാറാണ് മോദിയുടെത്. തുടര്‍ന്നു വരുന്ന കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും കച്ചവടക്കാരുടെയും തകര്‍ച്ചയും പരിതാപകരമായ ജീവിതവും അതാണ് പറയുന്നത്. അഞ്ച് ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ രാജ്യത്ത് ഓട്ടോ മൊബൈല്‍ വ്യവസായം കൂപ്പുകുത്തുന്നതോ, തൊഴിലില്ലായ്മ മാനം തൊടുന്നതോ കണ്ടില്ലെന്ന് നടിക്കുന്ന സ്വപ്‌ന ജീവികളാണ് ഈ സര്‍ക്കാര്‍.
ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിപക്ഷം പേരും ദാരിദ്ര്യത്തിലാണ് എന്ന യാഥാര്‍ഥ്യത്തെ തന്നെ ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഇന്ത്യയിലെ ദാരിദ്ര്യം അനവധി വിഷയങ്ങളുമായി ചേര്‍ന്ന് സങ്കീര്‍ണമായി കിടക്കുന്നതാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം ഒരു മാന്ത്രിക വടികൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്നതുമല്ല. എന്നാല്‍, വര്‍ത്തമാന ഇന്ത്യയില്‍ നടക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം ഭരിച്ചവരെയും അഭയാര്‍ഥികളെയും അയല്‍ രാജ്യങ്ങളെയും അപരവത്കരിച്ചു നിര്‍ത്തിയിരിക്കുന്ന ന്യൂനപക്ഷങ്ങളെയും കുറ്റപ്പെടുത്തുന്ന ഭരണ വ്യവസ്ഥ തീര്‍ച്ചയായും ഇനിയും ആഴമേറിയ നഷ്ടങ്ങളിലേക്ക് രാജ്യത്തെ എടുത്തെറിയുകയേയുള്ളൂ. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കു വേണ്ടി ഭരിക്കാന്‍ ഒരുങ്ങുകയല്ലാതെ പട്ടിണി പിടിച്ച രാജ്യത്തെ മോചിപ്പിക്കാന്‍ മറ്റൊരു വഴിയുണ്ടെന്ന് തോന്നുന്നില്ല. പതിറ്റാണ്ടുകളായി രാജ്യം തുടര്‍ന്നു പോരുന്ന സാമൂഹിക സുരക്ഷാ യജ്ഞങ്ങളെ ശക്തിപ്പെടുത്താനും നൂതനമായ ശ്രമങ്ങള്‍ ഉണ്ടാകുവാനും ഇടയാകണം. അതിന് തീവ്ര ദേശീയതയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും പാതകള്‍ വിട്ട് ബി ജെ പിയും സര്‍ക്കാറും ഗ്രാമങ്ങളിലേക്ക്, അവരുടെ ജീവല്‍ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങണം. രാഷ്ട്രീയ ഭേദമന്യേ കൂട്ടായ ശ്രമങ്ങള്‍ സാക്ഷാത്കരിക്കപ്പെടണം. വര്‍ഗീയത ഊട്ടിയാല്‍ വയറു നിറയില്ലെന്ന് നമ്മുടെ ജനങ്ങള്‍ എന്നാണ് തിരിച്ചറിയുക?

ഇന്ത്യയിലെ ദാരിദ്ര്യം ജനങ്ങളുടെ മാനസിക പ്രശ്‌നമാണെന്ന് പറഞ്ഞ ഒരു രാഹുല്‍ ഗാന്ധിയില്‍ നിന്ന് പട്ടിണി വെറും തോന്നലല്ലെന്നും മാനസികമായ അപകര്‍ഷതക്കപ്പുറം സാമൂഹികമായ ഒരു യാഥാര്‍ഥ്യം കൂടിയാണെന്ന് തിരിച്ചറിയുന്ന രാഹുല്‍ ഗാന്ധിയിലേക്കുള്ള മാറ്റം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ കൊണ്ടുവന്ന ന്യായ് പദ്ധതിയിലൂടെ പ്രതിഫലിച്ചതാണ്. പക്ഷേ, ജനഹിതത്തില്‍ അത് നിരസിക്കപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജനമാണ് മുഖ്യ അജന്‍ഡയെന്ന് മുന്നോട്ടുവെച്ച ന്യായ്, വീണ്ടും വാര്‍ത്തകളില്‍ വന്നത് അതിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചതോടെയാണ്.

അഭിജിത് ഒരു ഇന്ത്യന്‍ വംശജനായിട്ടും നമ്മുടെ പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രിമാരോ അദ്ദേഹത്തെ അഭിനന്ദിച്ചു കണ്ടില്ല. താന്‍ അവതരിപ്പിച്ച ന്യായ് പദ്ധതിയുടെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ സന്തോഷം പങ്കിട്ടതോടെ കേന്ദ്ര സര്‍ക്കാറിന് നൊബേല്‍ ജേതാവ് അനഭിമതനാകുകയും ചെയ്തു. പോരാത്തതിന് ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന അഭിജിത്തിന്റെ നിരീക്ഷണം കൂടി വന്നതോടെ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് മോദിയുടെ സംഘം.

നൊബേല്‍ സമ്മാനം ലഭിച്ചതു കൊണ്ടൊന്നും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയായിട്ടില്ല എന്നാണ് അഭിജിത് ബാനര്‍ജിയോട് കേന്ദ്ര മന്ത്രിമാര്‍ക്ക് പറയാനുള്ളത്. വൈയക്തികമായ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ഇതേകുറിച്ച് അഭിജിത് പറഞ്ഞത്. ടെലിഗ്രാഫ് പത്രം ആദ്യ പേജില്‍ തന്നെ ഈ വിഷയം വാര്‍ത്ത കൊടുത്ത് തലവാചകം എഴുതിയത് നൊബേല്‍ നേട്ടത്തിന് പറ്റിയ സ്വപ്‌ന സംഘം മോദിയുടെ മന്ത്രിമാരായ നിര്‍മലയും പിയൂഷും രവിശങ്കറുമാണെന്നായിരുന്നു.

Latest