Connect with us

Editorial

ശുദ്ധപാല്‍ കിട്ടാക്കനി

Published

|

Last Updated

വിപണിയില്‍ നിന്ന് വാങ്ങുന്ന പാല്‍ എങ്ങനെ വിശ്വസിച്ചു കുടിക്കും. രാജ്യത്ത് വില്‍ക്കപ്പെടുന്ന പാലില്‍ 41 ശതമാനവും മായം കലര്‍ന്നതും സുരക്ഷിതമല്ലാത്തതുമാണെന്നാണ് ദേശീയ ഭക്ഷ്യ സുരക്ഷ ഗുണമേന്മാ അതോറിറ്റി (എഫ് എസ് എസ് എ ഐ) യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 2018 മെയ് മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ 1,103 പ്രദേശങ്ങളില്‍ നിന്നായി ശേഖരിച്ച 6,432 സാമ്പിളുകളിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പഠനം നടത്തിയത്. ഈ സാമ്പിളുകളിലധികവും അഫ്‌ളടോക്‌സിന്‍ എം-1ന്റെ അളവ് അനുവദനീയമായതിലും വളരെയേറെ കൂടുതലാണെന്ന് കണ്ടെത്തിയതായി എഫ് എസ് എസ് എ ഐ മേധാവി പവന്‍ അഗര്‍വാള്‍ വെളിപ്പെടുത്തി. കരളിന്റെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്ന രീതിയില്‍ അമിത അളവിലാണ് പാലിലെ ഈ രാസവസ്തുവിന്റെ സാന്നിധ്യം. സുരക്ഷിതമല്ലാത്ത പാല്‍ സാമ്പിളുകള്‍ അധികവും ലഭിച്ചത് ഡല്‍ഹി, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നായിരുന്നു.

കോസ്റ്റിക് സോഡ, യൂറിയ, സോഡിയം കാര്‍ബണേറ്റ്, ഫോര്‍മാലിന്‍, പശ എന്നിവ അടങ്ങിയ പാലാണ് വിപണിയില്‍ പലപ്പോഴും ഉപഭോക്താവിന് ലഭിക്കുന്നത്. പാലിന്റെ അളവ് കൂട്ടാന്‍ മനഃപൂര്‍വം ചേര്‍ക്കുന്നതും വൃത്തിഹീനമായി കൈകാര്യം ചെയ്യുന്നതിലൂടെ കലരുന്നവയുമുണ്ട് ഇവയില്‍. സംഭരണ പാത്രങ്ങള്‍ ഡിറ്റര്‍ജന്റ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ശ്രദ്ധയില്ലാതെ വൃത്തിയാക്കുമ്പോഴും വൃത്തിഹീനമായ വെള്ളം ചേര്‍ക്കുമ്പോഴും പാലില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മാലിന്യങ്ങള്‍ ചേരാനിടയുണ്ട്. പാലിലെ യൂറിയയുടെ ഉയര്‍ന്ന അളവ് വൃക്കകളെ ബാധിക്കുകയും രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യും.
ധാന്യങ്ങള്‍, പാചക എണ്ണകള്‍, പഞ്ചസാര, മുളകുപൊടി, തേയില, തേന്‍ തുടങ്ങി വിപണിയില്‍ നിന്ന് വാങ്ങുന്ന മിക്ക പാചക വസ്തുക്കളും മായം കലര്‍ന്നതാണെങ്കിലും പാലിലെ മായം കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളും ഭവിഷ്യത്തുകളും സൃഷ്ടിക്കുന്നുണ്ട്. പാലില്‍ കലര്‍ത്തുന്ന മായം ഗുരുതരമായി മനുഷ്യ ശരീരത്തെ ബാധിക്കുന്നതാണ്. മറ്റു പല നിത്യോപയോഗ വസ്തുക്കളും കുറഞ്ഞ അളവിലാണ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്. ചായ, തൈര്, മോര്, പായസം തുടങ്ങിയ പല രൂപത്തിലും പാല്‍ നാം കഴിക്കുന്നതിനാല്‍ അതിന്റെ ഉപയോഗം കൂടുതലാണ്. പാല്‍ ഉപയോഗത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലുമാണ് കേരളം. അതില്‍ നല്ലൊരു പങ്കും കുട്ടികളും പ്രായമായവരുമാണ്.

കേരളത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലുകളിലാണ് മായം കൂടുതലുള്ളത്. ഓണക്കാലത്തും മറ്റു ആഘോഷ വേളകളിലുമുള്ള പാലിന്റെ ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് രാസപദാര്‍ഥങ്ങള്‍ അടങ്ങിയ പാല്‍ വന്‍തോതില്‍ കേരളത്തിലെത്താറുണ്ട്. മീനാക്ഷിപുരം, വാളയാര്‍ ചെക്‌പോസ്റ്റുകള്‍ വഴി സാധാരണ ദിവസങ്ങളില്‍ ആറ് ലക്ഷം ലിറ്ററിലധികം പാല്‍ എത്തുന്നുണ്ട്. ഓണ സീസണില്‍ ഇത് 12 ലക്ഷം ലിറ്റര്‍ വരെയായി വര്‍ധിച്ചു. കഴിഞ്ഞ ഓണക്കാലത്ത് പൊള്ളാച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന 12,000 ലിറ്റര്‍ പാല്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍, മാരകമായ മാല്‍ടോക്‌സ്, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നവയാണെന്ന് തെളിഞ്ഞു. ആഴ്ചകളോളം പാല്‍ കേടുവരാതിരിക്കാനും കൊഴുപ്പ് കൂട്ടുന്നതിനുമായി ചേര്‍ക്കുന്ന ഈ രാസപദാര്‍ഥങ്ങള്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും പാന്‍ക്രിയാസ് ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ഹാനി വരുത്തുകയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു. പരിശോധനയില്‍ മായം കണ്ടെത്തി ഏതെങ്കിലുമൊരു ബ്രാന്‍ഡ് നിരോധിച്ചാല്‍ ദിവസങ്ങള്‍ക്കകം മറ്റൊരു ബ്രാന്‍ഡില്‍ അതേ പാല്‍ വീണ്ടും വിപണിയിലെത്തും. “കേരളം കണികണ്ടുണരുന്ന നന്മ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ സ്വന്തം ഉത്പന്നമായ മില്‍മ പാലില്‍ വരെയുണ്ട് കുറഞ്ഞ തോതില്‍ മായം. “പാല്‍ നിര്‍മാണമല്ല മില്‍മയുടെ ജോലി, ക്ഷീരകര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന പാല്‍ പാക്കറ്റിലാക്കി വിതരണം നടത്തലാണെ”ന്ന് ഹൈക്കോടതിക്ക് കമ്പനിയെ ഓര്‍മിപ്പിക്കേണ്ടി വന്നത് അതുകൊണ്ടാണ്.

എല്ലാ ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കുക, ക്ഷീരവികസന വകുപ്പിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുക, മായം ചേര്‍ത്ത പാല്‍ പിടികൂടിയാല്‍ പരമാവധി ശിക്ഷ ഉറപ്പാക്കുക, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കുക തുടങ്ങി സംസ്ഥാനത്ത് നല്ല പാല്‍ ഉറപ്പാക്കുന്നതിന് പല പദ്ധതികളും നിര്‍ദേശിക്കപ്പെടുന്നുണ്ട്. നിലവില്‍ ആറ് മാസം തടവാണ് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ.

എന്നാല്‍ പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കും മായം കലര്‍ന്ന പാല്‍ വില്‍ക്കുന്നവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് 2013 ഡിസംബറില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ ഇതിനായി ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. 2011ല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം രാജ്യവ്യാപകമായി ശേഖരിച്ച പാലിന്റെ സാമ്പിളില്‍ വന്‍തോതില്‍ മായം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതു താത്പര്യ ഹരജിയിലാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് എ കെ സിക്രി, എന്നിവരടങ്ങുന്ന ബഞ്ച് ശിക്ഷ കര്‍ശനമാക്കണമെന്ന് അഭിപ്രായപ്പെട്ടത്. മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തെ കഠിന തടവ് ഉള്‍പ്പെടെ ശിക്ഷ കര്‍ശനമാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്ത വന്നിരുന്നു. കേരളവും ശിക്ഷ കര്‍ശനമാക്കുകയും അത് നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഭക്ഷ്യസുരക്ഷാ നിയമ ലംഘനത്തിന് പിടിക്കപ്പെടുന്ന നല്ലൊരു വിഭാഗവും നിലവിലുള്ള ആറ് മാസം തടവുശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിയമലംഘനത്തിന് ഇത് പ്രചോദനമാകുകയാണ്.

Latest