Connect with us

National

ഐ എന്‍ എക്‌സ് മീഡിയ: സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എന്‍ എസ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. രാജ്യം വിട്ട്‌പോകരുതെന്ന ഉപാധിയിലാണ് ജാമ്യം. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലാണ് ജാമ്യം അനുവദിച്ചത്. സി ബി ഐ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ചിദംബരം കസ്റ്റഡിയിലാണ്. ഇതിലുള്ള നിയമ നടപടികൂടി അദ്ദേഹം നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഇന്ന് പുറത്തിറങ്ങാനാകുമോയെന്ന കാര്യം വ്യക്തമല്ല.

ചിദംബരത്തിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അട്ടിമറിക്കുമെല്ലാം സി ബി ഐ വാദിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. സി ബി ഐ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇനിയും റിമാന്‍ഡില്‍ കഴിയേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റംബര്‍ അഞ്ചിന് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ തിഹാര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. 2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കേ ഐ എന്‍ എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

Latest