Connect with us

Kerala

ആള്‍കൂട്ട ആക്രമണങ്ങളെ ഒഴിവാക്കി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥര്‍ ശേഖരിച്ച കണക്കുകള്‍ പൂഴ്ത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വിവരങ്ങളും ഖാപ് പഞ്ചായത്തുകള്‍ നടത്തുന്ന ശിക്ഷാവിധികളും ഉള്‍പെടുത്താതെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ( എന്‍ സി ആര്‍ ബി) റിപ്പോര്‍ട്ട്. മത വിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായി നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങള്‍, സ്വാധീനമുള്ള ആളുകള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങള്‍ തുടങ്ങിയവരെ പറ്റിയുള്ള വിവരങ്ങളൊന്നും ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടിലില്ല. എന്നാല്‍ സൈബര്‍ കുറ്റങ്ങള്‍, രാജ്യത്തിനെതിരായ കുറ്റങ്ങള്‍ എന്നീ രണ്ട് കാറ്റഗറികള്‍ പുതിയ റിപ്പോര്‍ട്ടിലുണ്ട്.

2017ലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2018ല്‍ പുറത്തിവിടേണ്ടിയിരുന്ന വിവരങ്ങള്‍ ഒരു വര്‍ഷം താമസിച്ചതിന് ശേഷമാണ് ഇപ്പോള്‍ പുറത്തുവന്നത്. മുന്‍ എന്‍ സി ആര്‍ ബി ഡയറക്ടര്‍ ഇഷ് കുമാറിന്റെ നേതൃത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെപ്പറ്റിയുള്ള കണക്കുകള്‍ ശേഖരിച്ചിരുന്നു. പരിശോധനകള്‍ നടത്തിയ കണക്കുകള്‍ തയ്യാറാക്കിയിരുന്നതുമാണ്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

2015-16 സമയത്ത് രാജ്യത്തെമ്പാടും ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്താണ് കേന്ദ്രത്തിനെ സഹായിക്കുന്നതിനായി ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചത്. കാലിക്കടത്ത്, മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മതസംബന്ധിയായ വിഷയങ്ങള്‍ എന്നീകാരണങ്ങളാലാണ് രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത്. ഈ പ്രവണതയെ ഫലപ്രദമായി നേരിടുക എന്നതായിരുന്നു കണക്കെടുപ്പിന്റെ ഉദ്ദേശം. എന്നാല്‍ ഇവയുടെ കണക്കുകള്‍ തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടിലില്ല.

2016നെ അപേക്ഷിച്ച് 2017ല്‍ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 30 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. രാജ്യദ്രോഹം, രാജ്യത്തിനെതിരായ യുദ്ധം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് വര്‍ധനവ്. 2016ല്‍ 6,986 കേസുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2017 ല്‍ അത് 9,013 ആയി വര്‍ധിച്ചു. ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍. ഹരിയാണയില്‍ 2,576 ഉത്തര്‍പ്രദേശില്‍ 2,055. പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള കേസുകളാണ് ഇവയിലധികവും.

എന്നാല്‍ രാജ്യദ്രോഹ കുറ്റം ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം അസം ആണ്. 19 കേസുകളാണ് ഇീ വിഭാഗത്തില്‍ അസ്സമിലുള്ളത്. 13 കേസുകളുമായി ഹരിയാണയും രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ കശ്മീരില്‍ വെറും ഒരു കേസ് മാത്രമാണ് 2016 ല്‍ രാജ്യദ്രോഹ കുറ്റത്തിന് എടുത്തിട്ടുള്ളത്. ഛത്തീസ്ഗഡ്, അസം ഒഴികെയുള്ള മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലെവിടെയും രാജ്യദ്രോഹകുറ്റം രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ദേശവിരുദ്ധ ശക്തികള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. മാവോവാദികള്‍ ഉള്‍പ്പെടെയുള്ള ഇടത് ഭീകര സംഘടനകള്‍ 652 കുറ്റങ്ങളും മതതീവ്രവാദ സംഘടനകള്‍ 371 കുറ്റകൃത്യങ്ങളും നടത്തിയിട്ടുണ്ട്. ഇടത് ഭീകര സംഘടനകള്‍ 82 കൊലപാതകങ്ങളാണ് 2017ല്‍ നടത്തിയിരിക്കുന്നത്. ഇതില്‍ 72 കൊലപാതകങ്ങളും ഛത്തിസ്ഗഡിലാണ്. 36 കൊലപാതകങ്ങളാണ് മതതീവ്രവാദ സംഘടനകള്‍ ഇക്കാലയളവില്‍ നടത്തിയിട്ടുള്ളത്. അതില്‍ 34 എണ്ണവും ജമ്മു കശ്മീരിലായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദ സായുധ സംഘടനകള്‍ പത്ത് കാലപാതകങ്ങളും നടത്തിയിട്ടുണ്ട്.

2017ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും വലിയ കുറവുണ്ടായിട്ടില്ല. ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ ഐപിസി അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ആകെ കുറ്റങ്ങളുടെ 33.2 ശതമാനം വരും. സ്ത്രീകളെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗങ്ങള്‍ 27.3 ശതമാനവും തട്ടിക്കൊണ്ടുപോകല്‍ 21 ശതമാനവും ബലാത്സംഗം 10.3 ശതമാനവും വരും.

2017 ല്‍ കുട്ടികള്‍ക്കെതിരായ കുറ്റങ്ങളിലും ഇതേപോലെ ഉയര്‍ന്ന പ്രവണത ദൃശ്യമാണ്. ഐപിസി പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തവയില്‍ 42 ശതമാനവും തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ 25.3 ശതമാനമാണ്.

---- facebook comment plugin here -----

Latest